'സുരേഷ് ഗോപി തൃശൂർ എംപിയാകാൻ ഫിറ്റാണ്'; എൽഡിഎഫിനെ വെട്ടിലാക്കി മേയർ, പിന്നാലെ മലക്കംമറിച്ചിൽ
തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ പുകഴ്ത്തി വിവാദത്തിലായി തൃശൂർ മേയർ എംകെ വർഗീസ്. സുരേഷ് ഗോപി മിടുക്കനാണെന്നും എംപിയാവാൻ യോഗ്യനാണെന്നുമാണ് മേയർ പറഞ്ഞത്. സുരേഷ് ഗോപി കോർപറേഷൻ ഓഫിസിലെ മേയറുടെ ചേംബറിൽ വോട്ട് തേടിയെത്തിയപ്പോഴായിരുന്നു മേയറുടെ പ്രതികരണം.
'എംപിയാകുക എന്നു പറഞ്ഞാൽ ആർക്കും പറ്റുന്ന ഒരു സംഭവമല്ല. അതിനു കുറേ ഗുണങ്ങൾ വേണം. ജനമനസ്സിലേക്ക് ഇറങ്ങിച്ചെല്ലണം, ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണം, അവരുടെ കൂടെ നിൽക്കണം. അവരുടെ ആവശ്യങ്ങൾ തിരിച്ചറിയണം. അങ്ങനെയുള്ളവരെ ആണല്ലോ നമ്മൾ പൊതുവേ തിരഞ്ഞെടുത്തു വിടുന്നത്. ഇതെല്ലാം അദ്ദേഹത്തിന്റെ കൈയ്യിലുണ്ടെന്ന് കാലങ്ങളായി നമ്മൾ കണ്ടുവന്നിട്ടുണ്ട്. നല്ലത് ചെയ്താൽ നല്ലത് പറയണ്ടേ?

തൃശൂർ മേയർ എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശം ഇന്നുവരെ എനിക്കു കിട്ടിയിട്ടുണ്ട്. എന്റെ ചിന്തയും അതാണ്. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്കുണ്ട്. സുരേഷ് ഗോപി മിടുക്കനാണ്. അദ്ദേഹത്തോട് മതിപ്പുണ്ട്. അദ്ദേഹത്തിന്റെ സിനിമയൊക്കെ കണ്ട് വളർന്ന ആളുകളല്ലേ നമ്മൾ. അദ്ദേഹം മത്സരിക്കുന്നുവെന്നത് തന്നെ വലിയ കാര്യമല്ലേ. തൃശൂരിന്റെ വികസനത്തിന് എന്തും ചെയ്യും.അതിന് വരുന്നത് ആരായാലും ഞാൻ സ്വീകരിക്കും. തൃശൂരിനെ ഏറ്റെടുത്ത് വികസനരംഗത്തു വരുമ്പോൾ ആരെ, എങ്ങനെ എന്നതു ഞാൻ നോക്കുന്നില്ല. പലകാര്യങ്ങളും അദ്ദേഹം നല്ലത് ചെയ്യുന്നുണ്ട്യ , വർഗീസ് പറഞ്ഞു.
അതേസമയം പ്രതികരണം വിവാദമായതോടെ താൻ സുരേഷ് ഗോപിയെ പിന്തുണച്ചിട്ടില്ലെന്നും തന്നോട് ചോദിച്ചതിനുള്ള മറുപടിയാണ് പറഞ്ഞതെന്നും വർഗീസ് പിന്നീട് വിശദീകരിച്ചു. 'അദ്ദേഹം കോർപറേഷന് ഒരു കോടി തന്നിട്ടുണ്ട്. ഞാൻ സ്വതന്ത്രനാണ്, നാടിന്റെ പുരോഗതിക്ക് വേണ്ടിയിട്ട് ആര് സാമ്പത്തിക സഹായം തന്നാലും അത് വാങ്ങിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ്. ഞാൻ പിന്തുണ കൊടുത്തിട്ടില്ല. സുരേഷ് ഗോപി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് ഞാൻ പറഞ്ഞത്. സുനിൽ കുമാറും കെ മുരളീധരനും എല്ലാവരും മിടുക്കരാണ്. ഓരോരുത്തർക്കും ക്വാളിറ്റിയിട്ടുണ്ട്. മൂന്ന് പേരും സ്ഥാനാർത്ഥിയാവാൻ ഫിറ്റാണ്. രാഷ്ട്രീയ പിന്തുണ അല്ല പറയുന്നത്. സുരേഷ് ഗോപി ജയിക്കണമെന്ന ചിന്ത എനിക്ക് ഇല്ല. ഇടതുമുന്നണിയുടെ മേയറായിട്ടല്ല ഞാൻ നിൽക്കുന്നത്. എന്നാലും എന്റെ സ്വന്തമായുള്ള അവകാശം. അത് മനസാക്ഷിക്ക് അനുസരിച്ചല്ലേ ഞാൻ ചെയ്യേണ്ടത്',വർഗീസ് പറഞ്ഞു.












Click it and Unblock the Notifications