'മന്ത്രിയാകാൻ സുരേഷ് ഗോപി ഉടുപ്പും തയ്പ്പിച്ച് നടക്കുന്നു; ശോഭയെ സുരേന്ദ്രൻ ഒതുക്കും; ഭീമൻ രഘു
തിരുവനന്തപുരം: പാർട്ടി വിട്ടതിന് പിന്നാലെ ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഭീമൻ രഘു. പുറത്ത് നിന്ന് വന്നവരെ സ്വാഗതം ചെയ്ത് അവരെ മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന നേതൃത്വത്തിന് അറിയില്ലെന്നും യാതൊരു ബോധവുമില്ലാത്തവരാണ് പാർട്ടിയുടെ തലപ്പത്ത് ഇരിക്കുന്നതെന്നും നടൻ കുറ്റപ്പെടുത്തി. മനോരമ ഓൺലൈനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബി ജെ പി ഇപ്പോൾ ഒരു കോക്കസിന്റെ കൈയ്യിലാണ്. അത് മാറാതെ പാർട്ടിക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ഭീമൻ രഘു പറഞ്ഞു. 'കഴിവുള്ളവരെ കാല് പിടിച്ച് വലിച്ച് താഴെയിടുന്നൊരു അവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ നേതൃത്വത്തിന്റെ വീഴ്ചകളെയോ കഴിവില്ലായ്മയേയോ ചോദ്യം ചെയ്യാൻ ധൈര്യമുള്ളവർ പാർട്ടിയിൽ ഇല്ല', നടൻ പറഞ്ഞു.

സുരേഷ് ഗോപിയെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ വി മുരളീധരനും കെ സുരേന്ദ്രനും അനുവദിക്കില്ലെന്നും ഭീമൻ രഘു ആരോപിച്ചു. 'സംസ്ഥാന നേതൃത്വത്തിലേക്ക് വരാൻ സുരേഷ് ഗോപിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇനി വന്നാൽ തങ്ങളുടെ കൈയ്യിൽ നിന്നും പാർട്ടിയുടെ പിടിവിടും എന്ന ഭയമാണ് സുരേന്ദ്രനും മുരളീധരനും ഉള്ളത്. മന്ത്രിയാകാൻ എത്രനാളായി സുരേഷ് ഗോപി ഉടുപ്പും തയ്പ്പിച്ച് നടക്കുവാണ്. അദ്ദേഹത്തെ മന്ത്രിയാക്കണോ അതോ ലോക്സഭയിലേക്ക് മത്സരിപ്പിക്കണോയെന്നൊക്കെയുള്ള ആശയക്കുഴപ്പത്തിലാണ് ബി ജെ പി നേതൃത്വം', ഭീമൻ രഘു ആരോപിച്ചു.
ശോഭ സുരേന്ദ്രനെ ഒതുക്കാനുളള നീക്കമാണ് സുരേന്ദ്രൻ നടത്തുന്നതെന്നും നടൻ പറഞ്ഞു. 'ശോഭ സുരേന്ദ്രൻ അയൺ ലേഡിയെന്നൊക്കെ പറയുന്നത് പോലൊരു സ്ത്രീയാണ്. അവർ സ്റ്റേജിൽ നിന്ന് പ്രസംഗിച്ചാൽ സുരേന്ദ്രന്റെ വാക്കുകളൊന്നും ഏൽക്കുക പോലും ഇല്ല. അതുകൊണ്ടാകാം അവരെ ഒതുക്കാൻ സുരേന്ദ്രൻ ശ്രമിക്കുന്നത്', ഭീമൻ രഘു പറഞ്ഞു. ഇനി ഇവരൊക്കെ ഒരുമിച്ച് നിന്നാൽ പോലും സംസ്ഥാന ബി ജെ പി രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്നും ഇനിയും കൂടുതൽ അസംതൃപ്തർ പാർട്ടി വിട്ട് വരുമെന്നും ഭീമൻ രഘു പറഞ്ഞു.
ബി ജെ പി വിട്ട ഭീമൻ രഘു കഴിഞ്ഞ ദിവസം സി പി എമ്മിൽ ചേർന്നിരുന്നു. എകെജി സെന്ററിെത്തി സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടതിന് ശേഷം താൻ സി പി എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചെന്ന് ഭീമൻ രഘു വ്യക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications