മോദി മന്ത്രിസഭയില്‍ സുരേഷ് ഗോപി?
തിരുവനന്തപുരം: നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കും എന്ന് പണ്ട് മംഗളം ദിനപ്പത്രം ഒരു ബോംബ് എഴുതിവിട്ടിരുന്നു. ഇപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി മോദി മന്ത്രിസഭയിലെ അംഗമായേക്കും എന്ന് ദീപിക എഴുതുമ്പോള്‍ വായിക്കുന്നവര്‍ രണ്ട് വട്ടം ചിന്തിക്കും. സംഗതി നടന്നുകൂടായ്കയില്ല. കേരളത്തില്‍ നിന്നും ബി ജെ പിക്ക് വേണ്ടി ആരും ജയിക്കാത്ത സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പേര് മന്ത്രിസഭയിലേക്ക് കേള്‍ക്കുന്നത്.
നരേന്ദ്ര മോദിയുമായി തനിക്കുള്ള അടുപ്പം പുറത്ത് വിട്ട് സുരേഷ് ഗോപി തന്നെയാണ് ഈ ഊഹാപോഹങ്ങള്‍ക്ക് മരുന്നിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയാകുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പേ മോദിക്ക് ഉറപ്പായിരുന്നു എന്നും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ തന്നെ ദില്ലിയിലേക്ക് ക്ഷണിച്ചതായും സുരേഷ് ഗോപി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ടരമണിക്കൂറോളം മോദിയും സുരേഷ് ഗോപിയും തമ്മില്‍ കഴിഞ്ഞ മാസം കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരളത്തെക്കുറിച്ചുള്ള വികസന കാഴ്ചപ്പാടുകളാണ് താന്‍ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത് എന്നാണ് സുരേഷ് ഗോപി പറയുന്നത്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലെ ട്രാഫിക് കുരുക്കുകള്‍ ഒഴിവാക്കാനുള്ള പദ്ധതികളും സുരേഷ് ഗോപിയുടെ മനസിലുണ്ട്. കേരള വികസനം സംബന്ധിച്ച് 20 പോയിന്റുകളാണത്രേ താരം മോദിക്ക് നല്‍കിയത്.
നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന സുരേഷ് ഗോപി അടുത്തിടെയാണ് ബി ജെ പി ക്യാംപിലേക്ക് മാറിയത്. കേന്ദ്ര മന്ത്രിസഭയില്‍ കഴിഞ്ഞ തവണത്തെ പോലെ ഒ രാജഗോപാല്‍ മന്ത്രിയാകാനാണ് സാധ്യത. രാജഗോപാല്‍ അല്ലെങ്കില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ മന്ത്രിയാകണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.












Click it and Unblock the Notifications