പ്രാതലിന് ക്ഷണിച്ചിരുന്നു.. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി
കോട്ടയം: നിശബ്ദ പ്രചരണ ദിനത്തില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ സന്ദർശിച്ച് തൃശൂരിലെ എന്‍ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഇന്നലെ രാത്രി കോട്ടയത്ത് എത്തിയ സുരേഷ് ഗോപി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു. ഉച്ചയ്ക്ക് ശേഷം അദ്ദേഹം കാഞ്ഞിരപ്പള്ളി ബിഷപ്പുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
രാത്രിയോടെ അരുവിത്തുറ പള്ളിയിലെത്തിയ സുരേഷ് ഗോപി രാവിലെ പാലാ കുരിശുപള്ളിയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. തുടർന്നായിരുന്നു ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള കൂടികാഴ്ച. തികച്ചും സ്വകാര്യ സന്ദർശനം ആണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. ബിഷപ്പുമായി എന്തൊക്കെ സംസാരിച്ചു എന്നത് പറയാൻ കഴിയില്ല. ഇതെല്ലാം ഗുരുത്വത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാതൽ കഴിക്കാൻ ബിഷപ്പ് ക്ഷണിച്ചിരുന്നു, വന്നു പ്രാതൽ കഴിച്ചു. നിശബ്ദ പ്രചാരണം തൃശൂരില്‍ പ്രവർത്തകരും മറ്റ് നേതാക്കളും നടത്തുന്നുണ്ട്. സന്ദർശനത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. പ്രാർത്ഥിക്കുന്നതിന് വേണ്ടി മാത്രമാണ് വന്നത്. തികഞ്ഞ വിജയ പ്രതീക്ഷയാണ് ഉള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. എന്‍ എസ് എസ്, എസ് എന്‍ ഡി പി ആസ്ഥാനങ്ങളും സുരേഷ് ഗോപി ഇന്ന് സന്ദശിച്ചേക്കും.
അതേസമയം തൃശൂരിലെ തിരഞ്ഞെുപ്പ് വിജയത്തില്‍ തികഞ്ഞ ആത്മവിശ്വാസമാണ് ഉള്ളതെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ ഇത്തവണ അനുഗ്രഹിക്കും. മറ്റുള്ള സ്ഥാനാര്‍ഥികള്‍ക്കൊപ്പം കിടപിടിച്ചു നില്‍ക്കാന്‍ പ്രചരണത്തിലുടനീളം സാധിച്ചു. ഒന്നരമാസം നീണ്ട പ്രചരണത്തിനിടയില്‍ ജനങ്ങളുടെ ജീവിതത്തില്‍ എത്തിപ്പിടിക്കേണ്ട കാര്യങ്ങളും അവരുടെ പ്രശ്‌നങ്ങളും മാത്രമേ ചര്‍ച്ചയാക്കിയിട്ടുള്ളൂ. യാതൊരു വിധത്തിലുള്ള കുത്തിത്തിരിപ്പുകള്‍ക്കും താന്‍ നിന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പൂരത്തിനെതിരായ നീക്കം നടന്നെങ്കിലും വിവാദം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ വിഷയം അല്ല. വികസനമാണ് തൃശൂരിലെ മുഖ്യ ചർച്ചാ വിഷയം.ഇന്നസെന്റിന്റെ ചിത്രം ഫ്‌ലെക്‌സില്‍ ഉപയോഗിച്ചതില്‍ അനൗചിത്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുന്‍ ഇടത് എംപിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി പ്രചരണത്തിന് ഉപയോഗിച്ചതിനെതിരെ എല്‍ ഡി എഫ് പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തത്. ഇന്നസെന്റിന്റെ കുടുബവും ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications