കൃഷി മേഖലയിൽ സർക്കാരിന് കാല താമസമെന്ന് സുരേഷ് ഗോപി; അന്വേഷിച്ച് ഉടൻ റിപ്പോർട്ട് വേണമെന്ന് മന്ത്രി
തിരുവനന്തപുരം: കൃഷി മേഖലയിൽ സംസ്ഥാന സർക്കാറിന്റെ ഇടപെടലുകൾക്കെതിരെ സുരേഷ് ഗോപി എംപി. എംപി ഫണ്ട് ഉപയോഗിച്ച് താൻ കൃഷി മേഖലയിൽ നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനും ശ്രമിക്കുന്നു.
എന്നാൽ, ക്ഷേമ പദ്ധതികൾ അംഗീകരിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. പദ്ധതികൾ പരിഗണിക്കുന്നതിന് കാല താമസമുണ്ടാകുന്നതായാണ് സുരേഷ്ഗോപിയുടെ പരാതി. പരാമർശത്തിന് പിന്നാലെ സുരേഷ് ഗോപിയുടെ ആരോപണം അന്വേഷിക്കാൻ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർദ്ദേശം നൽകി.

വകുപ്പ് ഉദ്യോഗസ്ഥരുമായി ഉടനെ ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം. കല്ലൂരിൽ തരിശുനില കൃഷിയുടെ ഉദ്ഘാടനം നടക്കവെയാണ് സംഭവം ഉണ്ടായത്. വകുപ്പ് മന്ത്രിയോട് സുരേഷ് ഗോപി നേരിട്ടാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, പൊതുവേദിയിൽ മന്ത്രി സുരേഷ് ഗോപിയുടെ പരാതി ഉന്നയിക്കുകയായിരുന്നു. സ്വകാര്യമായി പറഞ്ഞ കാര്യം മന്ത്രി വേദിയിൽ പറയുമ്പോൾ താനും വെളിപ്പെടുത്തുന്നു എന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
വരുന്ന ഏപ്രിലിൽ എംപി സ്ഥാനത്തിന്റെ കാലാവധി അവസാനിക്കുകയാണ്. ഇതിന് മുൻപായി തന്നെ വകുപ്പിലെ പ്രധാന പദ്ധതികൾ നടപ്പിലാക്കാൻ സഹായിക്കണമെന്ന് മന്ത്രിയോട് സുരേഷ് ഗോപി അഭ്യർത്ഥിച്ചു. മന്ത്രിയുടെ കാലുപിടിച്ച് അഭ്യർത്ഥിക്കുകയാണെന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്.
വയനാട്ടിൽ നടപ്പിലാക്കി വരുന്ന അതേ കൃഷി രീതിയാണ് കല്ലൂരിൽ ഇന്നലെ നടപ്പിലാക്കിയത്. കെട്ടിനാട്ടി നെന്മേനി ചിറ്റുണ്ട നിരത്തൽ സമ്പ്രദായ പ്രകാരം ആണ് വയനാട്ടിലെ കൃഷി രീതി. നെൽ വിത്ത് കുറച്ചു ഉപയോഗിച്ച് കൂടുതൽ വിളവ് ലഭിക്കുന്ന പ്രത്യേക തരം കൃഷിരീതിയാണിത്. ഈ കൃഷിക്ക് വളരെ കുറച്ച് രാസവളങ്ങൾ മാത്രം മതിയാകും. ഇതിന്റെ ഭാഗമായി വിത്ത് തയ്യാറാക്കുന്ന ജോലികൾ ഇതിന് മുൻപ് ആരംഭിച്ചിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. പ്രാദേശികമായി നെല്ല് ബ്രാൻഡ് ഉണ്ടാക്കിയെടുക്കുന്നതിന്റെ ശ്രമമാണ് ഇത്.
കല്ലിയൂർ ഗ്രാമപ്പഞ്ചായത്തിലെ വെള്ളായണി പണ്ടാരക്കരി പാടശേഖരത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. 25 ഹെക്ടറിൽ ആണ് ഇവിടെ നെൽകൃഷി.അതേസമയം, ഓരോ കുടുംബവും നെൽകൃഷിയിലേക്ക് എന്ന മുദ്രാവാക്യം മന്ത്രി ഉദ്ഘാടനം ചെയ്യവേ പറഞ്ഞു. ഈ മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ കോവളം നിയോജക മണ്ഡലം എം എൽ എ എം പി വിൻസെന്റ് അധ്യക്ഷത വഹിച്ചു.
സുഭിക്ഷം സുരക്ഷിതം കല്ലിയൂർ പദ്ധതിയുടെ ഫല വൃക്ഷ തൈകളുടെ വിതരണം എംഎൽഎ നിർവഹിച്ചു. അതേസമയം, പച്ചക്കറി തൈ വിതരണം ചെയ്ത് മുറ്റത്തെ പച്ചക്കറി പദ്ധതി സുരേഷ് ഗോപി എംപി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങുകൾക്ക് പിന്നാലെ മന്ത്രിയും എംഎൽഎയും പാടത്തിറങ്ങി ചുറ്റും സമ്പ്രദായത്തിൽ തയ്യാറാക്കിയ വിത്ത് പാടത്ത് നിരത്തി.
അതേസമയം, ഇന്ത്യയിലെ തന്നെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി കേരളത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു. കൃഷിയിടങ്ങൾ ദേവാലയമായി മാറ്റണം. ഇത് കണക്കാക്കി കേരളത്തിലെ തരിശു നിലങ്ങള്‍ കൃഷിയ്ക്കായി വിനിയേഗിക്കണം. ഈ ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ടെന്നും കൃഷി മന്ത്രി പറഞ്ഞു.
അതേസമയം, കൃഷി വകുപ്പ് മന്ത്രി ഇക്കഴിഞ്ഞ ദിവസം വട്ടവട മേഖലയിൽ സന്ദർശനം നടത്തിയിരുന്നു. വട്ടവട മേഖലയെ വേണ്ട രീതിയിൽ കൃഷിക്കായി പ്രാപ്തമാക്കണം എന്നാണ് മന്ത്രിയുടെ ഉദ്ദേശം. കേരളത്തിന് ആവശ്യമായ പച്ചക്കറികൾ വട്ടവടയിൽ തന്നെ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് വകുപ്പ് മന്ത്രി പി പ്രസാദ് വ്യക്തമാക്കിയിരുന്നു. ആദിവാസി മേഖല സന്ദർശിച്ച് കർഷകരുമായി മന്ത്രി സംസാരിച്ചിരുന്നു. കേരളത്തിന് ആവശ്യമായ പച്ചക്കറികൾ കേരളത്തിൽ നിന്നും തന്നെ ഉൽപാദിപ്പിക്കാം എന്നാണ് കൃഷി വകുപ്പ് മന്ത്രിയുടെ ലക്ഷ്യം. ഈ ആശയത്തിന് പിന്നാലെയാണ് മന്ത്രി വട്ടവടയിൽ സന്ദർശനം നടത്തിയത്.












Click it and Unblock the Notifications