വഖഫ് ബോര്‍ഡിലേക്ക് സുരേഷ് ഗോപിയെ നിര്‍ദേശിച്ച് ക്രിസ്ത്യന്‍ സംഘടന; ബിജെപി ചോദ്യത്തിന് പിന്നാലെ
വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്ലിം അംഗങ്ങള്‍ വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി നിയമം പറയുന്നത്. കേരളത്തിലെ വഖഫ് അടുത്തിടെ പുനഃസംഘടിപ്പിച്ച വേളയില്‍ അമുസ്ലിം അംഗങ്ങളെ നിയമിച്ചിട്ടില്ല. ഇത് ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തുവന്നിരുന്നു. അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്താത്ത ബോര്‍ഡ് നിയമവിരുദ്ധമാണ് എന്ന് അദ്ദേഹം പറയുന്നു.
മുസ്ലിം സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള ആസ്തികളുടെ ക്രയവിക്രയങ്ങള്‍ക്കുള്ള ബോര്‍ഡില്‍ മറ്റു മതസ്ഥരെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്ന് വഹ്ദത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ദേവസ്വം ബോര്‍ഡിലും ചര്‍ച്ച് ട്രസ്റ്റുകളിലും മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യം ഇല്ലാത്ത പോലെ വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളും പാടില്ല എന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ഇതിനിടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരുടെ പേര് വഖഫ് ബോര്‍ഡിലേക്ക് ക്രിസ്ത്യന്‍ സംഘടന നിര്‍ദേശിച്ചിരിക്കുന്നത്.

സുരേഷ് ഗോപി, ഫ്രാന്‍സിസ് ജോര്‍ജ്, കെ രാധാകൃഷ്ണന്‍ എന്നിവരില്‍ നിന്ന് ഏതെങ്കിലും ഒരാളെ എംപിമാരുടെ കാറ്റഗറിയില്‍ നിയമിക്കണം എന്നാണ് അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസ് ഹൈക്കോടതിയെ അറിയിച്ചത്. കെപി ജയചന്ദ്രന്‍, നാഗരാജ് നാരായണന്‍, പി ശ്രീപ്രകാശ്, ജോസ് മേച്ചേരി എന്നിവരില്‍ നിന്ന് ഒരാളെ ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ കാറ്റഗറിയിലും നിയമിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട ഹര്‍ജികളുടെ പശ്ചാത്തലത്തില്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെഎസ് ഹംസ ചെയര്‍മാനായ ബോര്‍ഡ് പിരിച്ചുവിട്ടതും എംസി മായിന്‍ഹാജി ചെയര്‍മാനായ ബോര്‍ഡ് രൂപീകരിച്ചതും. പുനഃസംഘടന ചോദ്യം ചെയ്ത് കെഎസ് ഹംസ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന് അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ഹര്‍ജിയിലാണ് ഇവര്‍ അമുസ്ലിം അംഗങ്ങളുടെ പേര് നിര്‍ദേശിച്ചത്.
അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. സമാനമായ വിഷയം തമിഴ്‌നാട്ടിലുമുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ അമുസ്ലിം അംഗത്തിന്റെ നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മറ്റു പല മുസ്ലിം സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി അന്തിമ തീരുമാനം എടുത്ത ശേഷം നിയമന കാര്യം ചര്‍ച്ച ചെയ്യാമെന്നാണ് കേരളത്തിന്റെ നിലപാട്. അതിനിടെയാണ് രാജീവ് ചന്ദ്രശേഖറും ഷോണ്‍ ജോര്‍ജും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ വിഷയം ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുന്നത്.


Click it and Unblock the Notifications
