ബിജെപിക്ക് 4 എംഎല്‍എമാര്‍ ഉറപ്പിച്ച് സുരേഷ് ഗോപി; രാജീവ് ചന്ദ്രശേഖര്‍ റെഡി, കേരള രാഷ്ട്രീയം മാറുന്നോ
തിരുവനന്തപുരം: സമീപകാലം വരെയുള്ള രാഷ്ട്രീയ ചിത്രത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാത്രമായിരുന്നു ചര്‍ച്ച. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ചിത്രം മാറി. നടന്‍ സുരേഷ് ഗോപി മുക്കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സാധാരണ യുഡിഎഫ് തരംഗം പ്രകടമാണ്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിക്കാന്‍ തുടങ്ങിയതു മുതല്‍. എന്നാല്‍ അതിനിടയിലും ബിജെപി കരുത്ത് കാട്ടി എന്നതാണ് 2024 തിരഞ്ഞെടുപ്പില്‍ കണ്ടത്. പല നിയമസഭാ മണ്ഡലങ്ങളും ആഞ്ഞുപിടിച്ചാല്‍ കൂടെ പോരുമെന്ന് ബിജെപി മനസിലാക്കുന്നു.

തങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറുന്നു എന്നാണ് ബിജെപി നേതൃത്വം പറയുന്നത്. 35 സീറ്റ് നേടിയാല്‍ കേരളം ബിജെപി ഭരിക്കുമെന്ന മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയും ഏറെ ചര്‍ച്ചയായിരുന്നു. ഇത്തവണ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനാണ് ബിജെപിയുടെ നീക്കം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറ് കോര്‍പറേഷനുകളിലെ പ്രചാരണം ഓരോ നേതാക്കളും വീതംവച്ചിട്ടുണ്ട്. തൃശൂര്‍ കോര്‍പറേഷന്റെ ചുമതല സുരേഷ് ഗോപിക്കാണ്. എങ്കിലും മറ്റു ജില്ലകളിലും അദ്ദേഹം പ്രചാരണത്തിന് എത്തുന്നുണ്ട്. കൊല്ലം കോര്‍പറേഷനിലെ പ്രചാരണത്തിന് എത്തിയപ്പോള്‍ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാണിപ്പോള്‍.
രാജീവ് ചന്ദ്രശേഖരന്‍ കളത്തിലിറങ്ങി
തിരുവനന്തപുരം ജില്ലയില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ തങ്ങള്‍ ജയിക്കുമെന്നാണ് സുരേഷ് ഗോപി അവകാശപ്പെടുന്നത്. നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ ഇത്തവണ ലഭിക്കും. കഴിഞ്ഞ തവണ ചില വക്രരാഷ്ട്രീയ കളികള്‍ നടന്നതു കൊണ്ടാണ് ബിജെപി തോറ്റത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്നും സുരേഷ് ഗോപി പറയുന്നു.
2016ല്‍ ബിജെപിയുടെ ഒ രാജഗോപാല്‍ ജയിച്ച മണ്ഡലമാണ് നേമം. ബിജെപിക്ക് കേരളത്തില്‍ ലഭിച്ച ആദ്യ നിയമസഭാ മണ്ഡലമായിരുന്നു അത്. സിപിഎമ്മിലെ വി ശിവന്‍കുട്ടിയായിരുന്നു രണ്ടാം സ്ഥാനത്ത്. എന്നാല്‍ 2021ല്‍ ചിത്രം മാറി. രാജഗോപാലിന് പകരം കുമ്മനം രാജശേഖരന്‍ എത്തി. പക്ഷേ, ശിവന്‍കുട്ടിക്കായിരുന്നു ജയം. കോണ്‍ഗ്രസിന് വേണ്ടി കെ മുരളീധരനും മല്‍സരിച്ചു.
നേമം മണ്ഡലത്തില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനാണ് മല്‍സരിക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. സുരേഷ് ഗോപി പറയുന്നത് സത്യമാകുകയാണെങ്കില്‍ രാജീവ് ചന്ദ്രശേഖരന്‍ 2026 മെയ് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വെന്നിക്കൊടി നാട്ടും.












Click it and Unblock the Notifications