ലൂർദ് മാതാവിന് സുരേഷ് ഗോപിയുടെ പുതിയ വാഗ്ദാനം: തനിക്ക് 2 വർഷം കൂടെ സിനിമ ചെയ്യണമെന്നും താരം
തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും ജയിച്ചാല്‍ ലൂർദ് മാതാവിന് പുതിയ നേർച്ച വാഗ്ദാനവുമായി എന്‍ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. എംപിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ 10 ലക്ഷം രൂപയുടെ സ്വർണം ലൂർദ് മാതാവിന് നേർച്ചയായി നല്‍കുമെന്നാണ് സുരേഷ് ഗോപി പ്രഖ്യാപിച്ചിരിക്കുന്നത്. താന്‍ സമർപ്പിക്കുന്ന സ്വർണം ഉരച്ചു നോക്കാന്‍ വരേണ്ടെന്നും തങ്കമെന്ന് പ്രചരിപ്പിക്കുകയും വേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
നേർച്ച പരസ്യമാക്കേണ്ടി വന്നതില്‍ സങ്കടമുണ്ട്. കിരീടം സമർപ്പിച്ചതില്‍ ഞാന്‍ വിവാദം ഒന്നും ഉണ്ടാക്കിയിട്ടില്ല. വിരോധം സൃഷ്ടിക്കാന്‍ ചിലർ വര്‍ഗീയത ഉപയോഗിക്കുന്നു. 'ഒരു ഹിന്ദുവിനൊക്കെ കിരീടംവെക്കാം കേട്ടോ. അവര്‍ക്കാ പ്രശ്‌നമില്ല. പ്രശ്‌നമുള്ളവര്‍ ഇതില്‍ അധികം ചര്‍ച്ച ചെയ്യാന്‍ വരേണ്ട' സുരേഷ് ഗോപി വ്യക്തമാക്കി.

കഴിഞ്ഞ ആറരവർഷമായി തൃശ്ശൂരിലെ വൈബ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യസഭാ എം.പിയാവുന്നതിനും രണ്ടുവര്‍ഷം മുമ്പ് മുതല്‍, എട്ടുവര്‍ഷമായി തൃശ്ശൂര്‍ സൗഖ്യം കിട്ടുന്നുണ്ട്. ആ സൗഖ്യത്തിലും വര്‍ധനവും ലഭിക്കുന്നുണ്ട്. പുറത്ത് നിന്നുള്ള വ്യക്തി എന്ന നിലയില്‍ തന്നെ തൃശ്ശൂര്‍ക്കാരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പറയുന്ന ആത്മവിശ്വാസം എന്നെ വളരെ ശക്തനാക്കുന്നുണ്ട്. ഞാന്‍ ഒരു പൂർണ്ണ രാഷ്ട്രീയക്കാരന്‍ അല്ല, അങ്ങനെയാകാന്‍ എനിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് രണ്ട് വർഷം കൂടി സിനിമ ചെയ്യണം. ആ പണത്തിന് വേണ്ടി എന്റെ കുടുംബം കാത്തിരിക്കുന്നുണ്ട്. അല്ലാതെ മറ്റുള്ളവരും കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിനൊരു കേന്ദ്ര മന്ത്രിയെ കിട്ടുമോയെന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് അതിന് അല്ലല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ആദ്യം നിങ്ങള്‍ നിങ്ങളുടെ ജനപ്രതിനിധിയെ തീരുമാനികൂ. അതിന് ശേഷം ബാക്കി കാര്യങ്ങള്‍ പാർട്ടിയാണ് തീരുമാനിക്കുന്നത്. 400 പേരില്‍ ആകെ 72 പേർക്കാണ് സാധ്യത. മന്ത്രിയാകണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് പാർട്ടിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപിയും കുടുംബവും സമര്‍പ്പിച്ച കിരീടത്തിലെ സ്വര്‍ണത്തിന്റെ കാര്യത്തില്‍ വലിയ തോതിലുള്ള ചർച്ചയാണ് ഉയർന്ന് വന്നിരിക്കുന്നത്. മകള്‍ ഭാഗ്യാ സുരേഷിന്റെ വിവാഹത്തിന് മുന്നോടിയായി ജനുവരി 15നാണ് തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി സുരേഷ് ഗോപി മാതാവിന് കിരീടം സമര്‍പ്പിച്ചത്.
കിരീടം മാതാവിന്റെ രൂപത്തില്‍ നിന്നും താഴെ വീണത് അന്ന് തന്നെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പില്‍ സ്വർണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പടെ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതോടെ ഇടവക പ്രതിനിധി യോഗത്തിൽ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്ത് വരികയായിരുന്നു.
തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ കിരീടം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി രംഗത്ത് വന്നു. നേർച്ച നല്‍കിയത് വ്യക്തിപരമായ കാര്യമാണ്. ലൂർദ് പള്ളി കിരീടം വിവാദമാക്കേണ്ട കാര്യം ഇല്ല. തൃശ്ശൂരില്‍ സി പി എം- ബിജെപി വോട്ടു കച്ചവടം ഉണ്ടാകുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications