പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ട; ഞാന്‍ ഈശ്വര വഴിയില്‍ എന്ന് സുരേഷ് ഗോപി, സ്റ്റാലിന് പോലും...
കണ്ണൂര്‍: താന്‍ ഈശ്വരവഴിയിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലുങ്ക് സംഗമത്തിനെതിരെ ചിലര്‍ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം. മട്ടന്നൂരില്‍ സദാനന്ദന്‍ എംപിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. സദാനന്ദനും കലുങ്ക് സംഗമം നടത്തണമെന്നും ഇവരുടെ കടി നന്നായി കൂടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കലുങ്ക് സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ഗുണമാണ്. പരിപാടി ജനകീയമാകുന്നതാണ് അവരെ ഭയപ്പെടുത്തുന്നത്. മിനിയാന്ന് പറഞ്ഞ കാര്യങ്ങളില്‍ അടുത്ത കലുങ്ക് സംഗമത്തില്‍ മറുപടിയുണ്ടാകും. അതുവരെ കാത്തിരിക്കണം. ഒന്നിനെയും വെറുതെ വിടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ഈശ്വരവഴിയിലാണ് താന്‍ എന്ന് സുരേഷ് ഗോപി പറയുന്നു. ഈശ്വരന് ഹിതമായ കാര്യങ്ങളാണ് ചെയ്യുന്നത്. അതില്‍ രാഷ്ട്രീയം നോക്കിയിട്ടില്ല. പറഞ്ഞതെല്ലാം വെട്ടിമുറിച്ച് അവര്‍ക്ക് ആവശ്യമുള്ള പോലെ പ്രചരിപ്പിക്കുകയാണ്. തന്നേക്കാള്‍ രാഷ്ട്രീയം അറിയുന്ന സാദാന്ദന്‍ മാസ്റ്റര്‍ക്ക് അബദ്ധം പറ്റില്ലെന്ന് കരുതുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.
താന്‍ എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന വ്യക്തിയാണ്. ഇനിയും അങ്ങനെയായിരിക്കും. ഈ പൂച്ചാണ്ടിയൊന്നും കാണിച്ച് ഭയപ്പെടുത്താന്‍ പറ്റില്ല. രാഷ്ട്രീയക്കാരനായി ജീവിക്കേണ്ടത് എന്റെ അത്യാവശ്യമല്ല. മനുഷ്യനായി ജീവിക്കാനാണ് താല്‍പ്പര്യം. വികാരങ്ങള്‍ മറച്ചുപിടിച്ച് ഇളിക്കുന്ന രാഷ്ട്രീയക്കാരനാകാന്‍ ഈ ജന്മം തനിക്ക് സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരഞ്ഞെടുപ്പിനെ കുറിച്ച്
നിങ്ങള്‍ക്ക് മുമ്പില്‍ അവര്‍ ചിരിക്കുന്നത് അപകട കുഴിയിലേക്ക് ചാടിക്കാനാണ്. അത് ഈ നവംബറിലും സംഭവിക്കരുത്. അടുത്ത ഏപ്രില്‍ മെയ് മാസങ്ങളില്‍ ഒട്ടും സംഭവിക്കരുത് എന്നും സുരേഷ് ഗോപി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ സൂചിപ്പിച്ച് പറഞ്ഞു. ഇവിടെയുള്ള കടം എത്രയാണ് എന്ന് നോക്കൂ. കേന്ദ്രം തരാത്തതു കൊണ്ടാണ് എന്ന് അവര്‍ പറയുന്നത്. എന്നാല്‍ കേന്ദ്രത്തെ നിശിതമായി വിമര്‍ശിക്കുന്ന എംകെ സ്റ്റാലിന് പോലും ആ പക്ഷമില്ലല്ലോ എന്നും സുരേഷ് ഗോപി വിമര്‍ശിച്ചു.
എംപിയെ കിട്ടിയാല്‍ കേന്ദ്രത്തില്‍ നിന്നുള്ള എല്ലാം വാങ്ങാമെന്ന് കരുതരുത്. കണ്ണൂരില്‍ നിന്ന് എത്ര എംഎല്‍എമാരെ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് നിശ്ചയിക്കണം. നല്ല രാഷ്ട്രീയ നിരീക്ഷണം വേണം. പ്രജ എന്ന് പറഞ്ഞാല്‍ അപ്പോള്‍ തുടങ്ങും അവര്‍ക്ക്. ആദ്യം പ്രജാ തന്ത്രം പഠിക്കണമെന്നും സുരേഷ് ഗോപി പറയുന്നു.
പ്രജയ്ക്ക് എന്താണ് ഇത്ര കുഴപ്പം. പ്രജ എന്ന് പറയുമ്പോള്‍ ഇപ്പുറത്ത് രാജാവ് ഉണ്ട് എന്നല്ല. ഇതെല്ലാം പറയുമ്പോള്‍ പഴയ മാറുമറയ്ക്കാന്‍ പറ്റാത്ത കാലത്തെ കുറിച്ചൊക്കെ പറയുന്നത് നികൃഷ്ട ജീവികളുടെ തന്ത്രമാണ്. പ്രധാനമന്ത്രിയുടെ കീഴില്‍ നില്‍ക്കുന്ന അഞ്ച് മന്ത്രിമാരെ തന്നാല്‍, അതില്‍ താനൊരു മന്ത്രിയായി നിന്ന് ചെയ്യേണ്ട കാര്യങ്ങള്‍ അവരെ കൊണ്ട് സാധിപ്പിച്ചു തന്നാല്‍ തൃശൂരിനും കേരളത്തിലും അതു മതി. അതു പറയുമ്പോള്‍ വളച്ചൊടിക്കുകയാണ് ചെയ്യുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications