സുരേഷ് ഗോപി വീണ്ടും; അക്കാര്യം തെളിയിച്ചാല്‍ രാജിവച്ച് രാഷ്ട്രീയം മതിയാക്കുമെന്ന് വെല്ലുവിളി
തൊടുപുഴ: എയിംസ് വിഷയത്തില്‍ വീണ്ടും പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടുക്കി മൂലമറ്റത്ത് നടന്ന പരിപാടിയിലാണ് അദ്ദേഹം എയിംസ് വീണ്ടും എടുത്തിട്ടത്. നേരത്തെ സുരേഷ് ഗോപി പറഞ്ഞ അഭിപ്രായം ബിജെപിയില്‍ ഭിന്ന നിലപാടുകള്‍ക്ക് ഇടയാക്കിയിരുന്നു. ആലപ്പുഴയില്‍ എയിംസ് വരണം എന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. 2015 മുതല്‍ ഇക്കാര്യം താന്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിന് വേണം എന്ന് പറഞ്ഞത് മറ്റൊരു സ്ഥാപനത്തെ കുറിച്ചാണ്. ആലപ്പുഴയ്ക്ക് ലഭിച്ചില്ലെങ്കില്‍ എയിംസ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടില്ല. അത്തരം കള്ളം ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. താന്‍ അങ്ങനെ പറഞ്ഞു എന്ന് തെളിയിച്ചാല്‍ ഇപ്പോള്‍ തന്നെ രാജിവച്ച് രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

എയിംസ് വിഷയത്തില്‍ 2015 മുതലുള്ള നിലപാട് തന്നെയാണ് താന്‍ ആവര്‍ത്തിക്കുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു. അത് ആരെയും എതിര്‍ക്കാനല്ല. നിലപാട് മാറ്റാന്‍ സാധിക്കില്ല. തൃശൂരില്‍ നിന്ന് ജയിച്ചതു കൊണ്ട് അവിടെ വേണം എന്നല്ല. തൃശൂരിലെ വാഗ്ദാനത്തില്‍ എയിംസ് എന്ന വാക്കേ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസ് ആലപ്പുഴയ്ക്ക് ഇല്ലെങ്കില്‍ അവകാശവാദം ഉന്നയിക്കാന്‍ കേരളത്തില്‍ നിന്ന് ജയിച്ച തനിക്ക് അവകാശമുണ്ട്. അത് ആദരിക്കപ്പെടാനുള്ള ഉത്തരവാദിത്തവുമുണ്ട്. എവിടെയെങ്കിലും സ്ഥലം വാങ്ങി വച്ചിട്ട് അവിടെ ചെയ്‌തേക്കൂ എന്ന് കേരള സര്‍ക്കാരിന് പറയാന്‍ സാധിക്കില്ല. രാജ്യത്തിന്റെ വികസനത്തിന് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കും അവകാശമുണ്ട്...
എയിംസ് എവിടെ എങ്കിലും വന്നാല്‍ ആ സംസ്ഥാനത്തിന് മൊത്തം ഗുണം കിട്ടും. തൊട്ടടുത്തുള്ള പ്രദേശമാണെങ്കില്‍ കമ്പം, തേനി മേഖലയാണ് താന്‍ 2016ലും പറഞ്ഞത്. ആലപ്പുഴ ലിസ്റ്റില്‍ ഇല്ലെന്നും മറ്റൊരു സ്ഥലം പറയൂ എന്നുമാണ് കേന്ദ്ര മന്ത്രി ജെപി നദ്ദ തന്നോട് പറഞ്ഞത്. തന്റെ ഭാഗം പൂര്‍ണമായി തള്ളാന്‍ അദ്ദേഹത്തിന് സാധിക്കില്ല. കേരളത്തിന് എയിംസ് ലഭിക്കുമെന്ന് നദ്ദ പാര്‍ലമെന്റിലും പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
എല്ലാവരും ചേര്‍ന്ന് ഒരു നുണ പ്രചരിപ്പിക്കുന്നുണ്ട്. എയിംസ് ആലപ്പുഴയില്‍ വന്നില്ലെങ്കില്‍ തമിഴ്‌നാട്ടിന് കൊടുക്കുമെന്ന് താന്‍ പറഞ്ഞുവെന്ന്. അക്കാര്യം ഒന്ന് തെളിയിക്കാമോ. ഇപ്പോള്‍ രാജിവച്ച് രാഷ്ട്രീയത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തയ്യാറാണ്. താന്‍ അപ്പറഞ്ഞത്, സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് റിസര്‍ച്ച് ലാബ് ആന്റ് ട്രൈനിങ് ഇന്‍സ്റ്റിറ്റൂട്ടിനെ കുറിച്ചാണ്....
ഇത് തൃശൂരിലേക്ക് തരാമെന്ന് അമിത് ഷാ പറഞ്ഞതാണ്. എന്നാല്‍ തൃശൂരില്‍ സ്ഥലമില്ല എന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. തിരുവനന്തപുരത്തോ വേറെ ഇടങ്ങളിലോ സ്ഥലം തരാമെന്നാണ് അവരുടെ നിലപാട്. തൃശൂരിന് തരില്ല എന്ന കേരള സര്‍ക്കാരിന്റെ നിലപാട് ദുഷ്ടലാക്കാണ് എന്ന് താന്‍ അടിവരയിട്ട് പറയുന്നു. അങ്ങനെയാണെങ്കില്‍ അത് സ്റ്റാലിന് കൊടുക്കാന്‍ പറയും എന്നാണ് താന്‍ പറഞ്ഞത്. തമിഴ്‌നാട് എന്ന് പോലും അന്ന് പറഞ്ഞിട്ടില്ല. അതാണ് വളച്ചൊടിച്ചത് എന്നും സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications