എം എ ബേബിയെ തോല്‍പ്പിച്ചത് കൈരളി?; താന്‍ മന്ത്രിയായേക്കുമെന്നും സുരേഷ് ഗോപി
കൊച്ചി: താന്‍ കേന്ദ്രമന്ത്രിയായാല്‍ അത്ഭുതപ്പെടാനില്ലെന്ന് സൂപ്പര്‍താരം സുരേഷ് ഗോപി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നരേന്ദ്ര മോദി തനിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി സുരേഷ് ഗോപി വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ മോദിജി ഇക്കാര്യത്തില്‍ സൂചന നല്‍കിയിരുന്നു. അതിനാല്‍ താന്‍ മന്ത്രിയായാല്‍ അത്ഭുതപ്പെടാനില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എംഎ ബേബിയെ തോല്‍പ്പിച്ചത് കൈരളി ടിവി ആണെന്ന സൂചനയും സുരേഷ് ഗോപി നല്‍കി. ഒരു പ്രമുഖ നടന്‍ നേതൃത്വം കൊടുക്കുന്ന ചാനലാണ് ബേബിയെ തോല്‍പ്പിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. അമൃതാനന്ദമയിക്കെതിരെ ചാനല്‍ നടത്തിയ അഭിമുഖമാണ് തോല്‍വിക്ക് കാരണമായതെന്നും നടന് അതില്‍ ഉത്തരവാദിത്വമുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കേരളത്തിലെ നല്ല രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് വി എസ് അച്യുതാനന്ദന്‍ തന്നെയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. വി എം സുധീരനും വിഎസ് അച്യുതാനന്ദനൊപ്പം നിര്‍ത്താവുന്ന പേരാണ്. കെ മുരളീധരന്‍ മികച്ച എംഎല്‍എ മാരില്‍ ഒരാളെന്നു പറയാനും സുരേഷ് ഗോപി മടിച്ചില്ല. മുരളീധരന്റെ മഹത്വമല്ല, മറിച്ച് പ്രവര്‍ത്തനമാണ് മികച്ച എംഎല്‍എ എന്ന ബഹുമതിക്കര്‍ഹനാക്കുന്നതെന്നും നടന്‍ പറഞ്ഞു.
ന്യൂ ജനറേഷന്‍ യുവാക്കളെ വിമര്‍ശിക്കുകയും ചെയ്തു സുരേഷ് ഗോപി. യേശുദാസിന്റെ തന്തയ്ക്കും തള്ളയ്ക്കും പോലും വിളിച്ച ഇവരെ പേടിച്ച് ഇപ്പോള്‍ പല കാര്യങ്ങള്‍ക്കും പ്രതികരിക്കാരില്ലെന്നും വിവരംകെട്ട ചിലരാണ് തന്റെ കോലം കത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ തെറ്റു ചൂണ്ടിക്കാട്ടിയതിനായിരുന്നു തനിക്കെതിരെയുള്ള പ്രതിഷേധമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications