കരുവന്നൂരിലെ പദയാത്രയിൽ രാഷ്ട്രീയമില്ല, സർക്കാർ മറുപടി പറയേണ്ടി വരും; പ്രതികരണവുമായി സുരേഷ് ഗോപി
തൃശൂർ: കരുവന്നൂരിലെ ഇന്നത്തെ പദയാത്രയിൽ രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി. തന്റെ പദയാത്ര പാവപ്പെട്ടവന് വേണ്ടിയാണെന്നും സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവർ തന്നോടൊപ്പം കൂടിയെന്നും സുരേഷ് ഗോപി പറഞ്ഞു. അവരുടെ കണ്ണീരിന്റെ വിലയ്ക്ക് സർക്കാർ മറുപടി പറയേണ്ടി വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
പാവങ്ങളുടെ പ്രശ്നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ നിങ്ങളുടെ ഉറക്കം മാത്രമല്ല കിടക്ക തന്നെ നഷ്ടപ്പെടും മണിപ്പൂരും യു പി ഒന്നും നോക്കിയിരിക്കരുതെന്നും അത് നോക്കാൻ അവിടെ വേറെ ആണുങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം പ്രജകളുടെ വിഷയത്തിൽ ഇടപെടണം. മണിപ്പൂരിലെ കള്ളത്തരം പുറത്തുവരും അതിനെതിരെ മുന്നോട്ട് വന്നവർ നാണിച്ച് തലകുനിക്കുന്നത് കേരളം കാണുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേ സമയം കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ് ഗോപിക്കും ബി ജെ പി വിശ്രമമില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.
പണം കവർന്ന കള്ളന്മാരെ തുറങ്കിലടയ്ക്കാതെ പാവങ്ങൾക്ക് അവരുടെ പണം തിരിച്ച് കിട്ടാതെ ബി ജെ പി പോരാട്ടം അവസാനിപ്പിക്കില്ല. ബി ജെ പിയുടെ സമരം രാഷ്ട്രീയ പ്രേരിതമല്ല. ഈ പദയിൽ എല്ലാ പാർട്ടിക്കാരമുണ്ട്. സഹകരണം മേഖലയെ സുതാര്യമാക്കാനും ശക്തിപ്പെടുത്താനും ആണ് സുരേഷ് ഗോപി പദയാത്ര നടത്തുന്നത്.
പാവപ്പെട്ടവന്റെ ചോരയും നീരുമാണ് സഹകരണം ബാങ്കിന്റെ അടിത്തറ. അഴിമതിക്കെതിരെ പോരാടുന്നതും പാവപ്പെട്ട സഹകാരികളാണ്. അഴിമതി പുറത്തെത്തിച്ചത് മാധ്യമങ്ങളോ രാഷ്ട്രീയ പാർട്ടികളോ അല്ല.
കരുവന്നൂരിലെ നിക്ഷേപകരാണ്. അവർ ആദ്യമായി പരാതി കൊടുത്തത് സി പി ഐ എമ്മിനാണ്. എന്നാൽ പാർട്ടി അവരെ ചതിച്ചു. അന്വേഷണ ഏജൻസികളെ സമീപിക്കേണ്ടി വന്നപ്പോൾ ബാങ്ക് ജീവനക്കാരെ മാത്രം പ്രതികളാക്കി ഉന്നതരെ രക്ഷിക്കുകയായിരുന്നു സംസ്ഥാന ഏജൻസികൾ ചെയ്തത്.
കരുവന്നൂർ സമരം സുരേഷ് ഗോപിക്ക് വഴിലൊരുക്കാനായി അല്ല. പാവപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയാണ്. സുരേഷ്ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ ബി ജെ പിക്ക് ഇ ഡിയുടെ സഹായം ആവശ്യം ഇല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications