'ഞാന്‍ ഒറ്റതന്തയ്ക്ക് ഉണ്ടായവന്‍, വാക്ക് മാറ്റിയിട്ടില്ല'; തൃശൂര്‍ കോര്‍പറേഷന്‍ പിടിക്കാന്‍ സുരേഷ് ഗോപി
തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ സഹായകരമായ എസ്‌ജെ കോഫി ടൈംസ് പ്രോഗ്രാം വീണ്ടും തുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പറേഷന്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. ഓരോ കോര്‍പറേഷനിലും ഓരോ നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. തൃശൂര്‍ കോര്‍പറേഷന്റെ ചുമതല എംപിയായ സുരേഷ് ഗോപിക്ക് തന്നെയാണ്.
ഇന്ന് ഏഴ് ഡിവിഷനുകളില്‍ സുരേഷ് ഗോപിയുടെ പരിപാടി പദ്ധതിയിട്ടിട്ടുണ്ട്. പുതൂര്‍ക്കരയിലായിരുന്നു ആദ്യ എസ്‌ജെ കോഫി ടൈംസ്. പ്രാദേശിക കാര്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുകയും ഒപ്പം ചായ കുടിക്കുകയുമാണ് പരിപാടി. ഇതിനിടെയില്‍ നടത്തിയ കലുങ്ക് സംവാദം പലയിടത്തും വിവാദമായ സാഹചര്യത്തിലാണ് പഴയ പരിപാടിയിലേക്ക് സുരേഷ് ഗോപിയും ബിജെപിയും എത്തിയത്.

പുതൂര്‍ക്കരയിലെ പരിപാടിക്കിടെ എയിംസ് വിഷയം വീണ്ടും ചോദിക്കപ്പെട്ടു. ഈ വേളയില്‍ കേരളത്തിന്റെ മൊത്തം സാഹചര്യം സുരേഷ് ഗോപി വിശദീകരിച്ചു. എയിംസ് ലഭിക്കുകയാണെങ്കില്‍ ആലപ്പുഴയ്ക്ക് അനുവദിക്കണം എന്നതാണ് തന്റെ നിലപാട്. 2016 മുതല്‍ ഇക്കാര്യം താന്‍ പറയുന്നുണ്ടെന്നും വാക്ക് മാറ്റിയിട്ടില്ലെന്നും ഒറ്റതന്തയ്ക്ക് പിറന്നവനാണ് താന്‍ എന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരണം എന്നാണ് തന്റെ ആഗ്രഹം. എന്നാല്‍ കേരളത്തിന് മൊത്തമായി ഒരു എയിംസ് ആണ് ലഭിക്കുക. ആലപ്പുഴ വളരെ പിന്നാക്കം നില്‍ക്കുന്ന ജില്ലയാണ്. കമ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ജില്ലയാണത്. തിരുവനന്തപുരത്തും കോട്ടയത്തും കൊല്ലത്തും കോഴിക്കോടുമെല്ലാം സാമാന്യം സൗകര്യങ്ങളുണ്ട്. എന്നാല്‍ ആലപ്പുഴയുടെ അവസ്ഥ മറ്റൊന്നാണ് എന്ന് പറയുന്ന സുരേഷ് ഗോപി ആലപ്പുഴയ്ക്ക് എയിംസ് വേണമെന്നാണ് തന്റെ നിലപാട് എന്നും ആവര്‍ത്തിച്ചു.
കോര്‍പറേഷന്‍ ബിജെപിക്ക് തരണം
തൃശൂര്‍ കോര്‍പറേഷനും കോര്‍പറേഷന്‍ ഇരിക്കുന്ന നിയമസഭാ മണ്ഡലവും ബിജെപിക്ക് തരണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷത്തേക്ക് മാത്രമാണ് ചോദിക്കുന്നത്. 19 സംസ്ഥാനങ്ങളില്‍ ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് നരേന്ദ്ര മോദിയാമെന്നും സുരേഷ് ഗോപി പറയുന്നു.
ഏക സിവില്‍കോഡ് വരുന്നതോടെ എല്ലാവര്‍ക്കും തുല്യതയും നീതിയും ലഭിക്കുമെന്ന് സുരേഷ് ഗോപി പറയുന്നു. മുത്തലാഖ് നിരോധനം, വഖഫ് ബില്ല് എന്നിവയെല്ലാം ന്യായത്തിന് വേണ്ടിയാണ്. മതത്തിന് എതിരല്ല, എന്നാല്‍ മതപ്രീണനത്തിന് എതിരാണ് തന്റെ സര്‍ക്കാര്‍. ഇനിയും ഒരുപാട് നിയമങ്ങള്‍ വരാനുണ്ട് എന്നും സുരേഷ് ഗോപി പറയുന്നു.
ഏകീകൃത സിവില്‍ കോഡ് വരുമെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ക്ഷേത്രങ്ങളെ രാഷ്ട്രീയക്കാരില്‍ നിന്ന് മോചിപ്പിക്കുന്ന നിയമവും വരും. ഇതിന്റെ നടപടികള്‍ നടക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.












Click it and Unblock the Notifications