അവസാന ലാപ്പിലും സുരേഷ് ഗോപി; ഒന്നര വര്‍ഷത്തിനിടെ രണ്ടിടത്ത് വോട്ട്, നിയമ നടപടിക്ക് നീക്കം
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ മാധ്യമങ്ങളില്‍ നിറഞ്ഞ് സുരേഷ് ഗോപി. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയതാണ് വിവാദമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്ത സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പില്‍ എങ്ങനെ തിരുവനന്തപുരത്ത് വോട്ട് ചെയ്തു എന്ന് കോണ്‍ഗ്രസും സിപിഐയും ചോദിക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലക്ഷ്യമിട്ട് ബിജെപി ചില കളികള്‍ നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പുറത്തുള്ളവരെ മണ്ഡലത്തിലെ പട്ടികയില്‍ ചേര്‍ത്ത് വോട്ട് ചെയ്യിപ്പിച്ചു എന്നായിരുന്നു പരാതി. സുരേഷ് ഗോപിയുടെ കുടുംബം തൃശൂരിലാണ് അന്ന് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി എത്തിയെങ്കിലും സുരേഷ് ഗോപിക്കെതിരെ തുടര്‍നടപടി ഉണ്ടായിരുന്നില്ല.

തൃശൂര്‍ നെട്ടിശേരിയിലെ വിലാസത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ശാസ്തമംഗലത്താണ് വോട്ട് ചെയ്തത്. ഒന്നര വര്‍ഷത്തിനിടെ നടന്ന രണ്ട് വോട്ടെടുപ്പില്‍ രണ്ടിടത്ത് എങ്ങനെ വോട്ട് ചെയ്തുവെന്ന് സുരേഷ് ഗോപിയും തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കണം എന്ന് സിപിഐ നേതാവ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
രണ്ടിടത്ത് വോട്ട് നിലനിര്‍ത്തുന്ന സുരേഷ് ഗോപിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് സുനില്‍കുമാര്‍ പറയുന്നത്. തൃശൂരിലെ ജനങ്ങളോട് സുരേഷ് ഗോപി മാപ്പ് പറയണം എന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും രണ്ട് വോട്ടര്‍ പട്ടികയല്ലേ എന്ന് ബിജെപിയുടെ ബി ഗോപാലകൃഷ്ണന്‍ ചോദിച്ചു.
പാര്‍ലമെന്റ്, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഓരോ സ്ഥലത്ത് വോട്ട് ചെയ്യുന്നത് ശരിയല്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ബിജെപിക്ക് വളരെ പ്രതീക്ഷയുള്ള കോര്‍പറേഷനാണ് തിരുവവന്തപുരം. ഇവിടെ ജയിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ബിജെപി നേതാക്കള്‍. ഈ വേളയിലാണ് സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് വിവാദമായിരിക്കുന്നത്.
ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്: ഡിസംബര്‍ 13 2025 എന്നൊരു ദിനം ഉണ്ടെങ്കില്‍ ബിജെപിയുടെ സ്വന്തം ആയി മാറും കേരള തലസ്ഥാനം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 65% സീറ്റ്കള്‍ ജയിച്ചു കൊണ്ട് ബിജെപി ചരിത്രം കുറിക്കും. തെക്കന്‍ ജില്ലകളില്‍ എന്‍ഡിഎ തരംഗം, തിരുവനന്തപുരം ജില്ലയില്‍ 35% വോട്ടും പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ 30% വോട്ടും നേടി ബിജെപി 2026 ലേ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് വാതില്‍ തുറക്കും. കൊല്ലത്തും കോട്ടയത്തും 25% വോട്ടും ഇടുക്കിയില്‍ 20% വോട്ടും നേടി ബിജെപി മുന്നേറും. എറണാകുളം ജില്ലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ബിജെപി നേടും.. കേരളം മാറി.. മാറ്റി ചിന്തിച്ച കേരള ജനതക്ക് നന്ദി.












Click it and Unblock the Notifications