സുരേഷ് ഗോപി നായനാരുടെ വീട്ടിലേക്ക്..?; മന്ത്രിയായി ചുമതലയേറ്റു, 'യുകെജിയില്‍ ചേര്‍ന്ന പോലെ'
ന്യൂഡല്‍ഹി: കൊല്ലത്ത് പെട്രോള്‍ സാന്നിധ്യമുണ്ട് എന്ന റിപ്പോര്‍ട്ടുകളില്‍ പഠനം നടത്തും എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെട്രോളിയം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായി കിട്ടിയ വകുപ്പാണ് പെട്രോളിയം വകുപ്പെന്നും ഭാരിച്ച ഉത്തരവാദിത്വമാണിത് എന്നും സുരേഷ് ഗോപി പറഞ്ഞു.
വിശദമായി പഠിച്ച് വേണ്ടതുപോലെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാക മന്ത്രി ഹര്‍ദീപ് സിംഗ് പുരി സുരേഷ് ഗോപിയെ മന്ത്രാലയത്തിലേക്ക് സ്വീകരിച്ചു. വകുപ്പ് സെക്രട്ടറിമാരും സന്നിഹിതരായിരുന്നു. സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്...

'തീര്‍ത്തും പുതിയ സംരംഭമാണ്. വലിയ ഭാരിച്ച ഉത്തരവാദിത്തമാണ് എന്ന് എനിക്കറിയാം. ഞാന്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങണം. അതെല്ലാം പഠിച്ചതിന് ശേഷം പ്രധാനമന്ത്രി നിയമിക്കുന്ന പാനലിനേയും കേട്ട് വേണം ചെയ്യാന്‍. എനിക്ക് ശരിക്കും യുകെജിയില്‍ ചേര്‍ന്ന അനുഭവമാണ്. പെട്രോള്‍ വിലവര്‍ധനയെ ചെറുത്തുനില്‍ക്കുന്നതിന് ഓയില്‍ ഫൈന്‍ഡിംഗ്‌സ് വേണം. നമ്മുടെ കാവേരി ബേസ്. കൊല്ലത്ത് അങ്ങനെ ഒരു പോസിബിളിറ്റി ഉണ്ട് എന്ന് ഊഹാപോഹങ്ങള്‍ കേള്‍ക്കുന്നുണ്ട്.
കേരളത്തില്‍ നിന്ന് ഒരു മലയാളി മന്ത്രി ഈ മുറിയില്‍ ഇരിക്കുന്നത് കൊണ്ട് അതിന്റെ സത്യസന്ധമായ അന്വേഷണം നടത്താനും ഫലവത്തായ ഇംപ്ലിമേന്റേഷനും വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കും. കേരളം ഇന്ത്യന്‍ ടൂറിസത്തിന്റെ പ്രൈം ഡെസ്റ്റിനേഷനാണ് എന്ന് പ്രീ പോള്‍ ചര്‍ച്ചകളില്‍ വ്യക്തമാക്കിയതാണ്. ആ പശ്ചാത്തലത്തില്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്ത് ഭാരതത്തെ ടൂറിസത്തിന്റെ തിലകക്കുറിയാക്കും കേരളം. ടൂറിസത്തില്‍ ഇതുവരെ തൊടാത്ത മേഖലകള്‍ അന്വേഷിക്കും,' അദ്ദേഹം പറഞ്ഞു.
അതേസമയം സുരേഷ് ഗോപി ഇന്ന് രാത്രി കോഴിക്കോട് എത്തും. തളി ക്ഷേത്രം സന്ദര്‍ശിക്കുന്ന മന്ത്രി നാളെ രാവിലെ ട്രെയിന്‍ മാര്‍ഗം കണ്ണൂരിലേക്ക് പോകും. പയ്യാമ്പലം ബീച്ചില്‍ മാരാര്‍ജി സ്മൃതികൂടീരത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തും. അതിന് ശേഷം അന്തരിച്ച സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇകെ നായനാരുടെ വസതിയിലെത്തി അദ്ദേഹത്തിന്റെ ഭാര്യ ശാരദ ടീച്ചറേയും കാണും.
തന്റെ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് ഇകെ നായനാരാണ് എന്ന് അദ്ദേഹം നേരത്തെ പലതവണ പറഞ്ഞിട്ടുണ്ട്. നായനാരുടെ വീട്ടില്‍ നിന്നും മടങ്ങിയ ശേഷം കൊട്ടിയൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച് കോഴിക്കോട് തിരിച്ചെത്തും. മറ്റന്നാള്‍ അദ്ദേഹം തൃശൂരിലേക്ക് തിരിക്കും.












Click it and Unblock the Notifications