അവയവമാറ്റ ശസ്ത്രക്രിയ: സര്‍ക്കാര്‍ നടപടിയില്‍ പ്രക്ഷോഭത്തിന് കെജിഎംസിടിഎ, പോസ്റ്റുമോര്‍ട്ടം ഇന്ന്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ വിവാദം ശക്തമാകുന്നു. സംഭവത്തില്‍ ഗുരുതര വീഴ്ച്ചയുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ മെഡിക്കല്‍ കോളേജ് അധ്യാപക സംഘടന സര്‍ക്കാരിനെതിരെ രംഗത്തെത്തി. സര്‍ക്കാര്‍ ഡോക്ടര്‍മാരെ ബലിയാടാക്കുകയാണെന്ന് കെജിഎംസിടിഎ കുറ്റപ്പെടുത്തി. സര്‍ക്കാരിനെതിരെ ഇവര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. ആരോഗ്യവകുപ്പിന്റെ സമഗ്രാന്വേഷണവും നടന്നിട്ടുണ്ട്. ശക്തമായ നടപടികള്‍ ഉണ്ടാവും.

അതേസമയം മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. മെഡിക്കല്‍ കോളേജ് പോലീസ് ഇന്നലെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സുരേഷിന്റെ സഹോദരന്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുത്തത്. ഇതിനിടെ ആലുവയില്‍ നിന്നെത്തിച്ച വൃക്ക അനധികൃതമായി ഏറ്റുവാങ്ങിയ രണ്ട് സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ നടപടി ആരംഭിച്ചു. ഇവര്‍ വൃക്ക സ്വീകരിച്ച തിയേറ്ററിലേക്ക് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം സഹിതം പോലീസില്‍ പരാതി നല്‍കി. ആശുപത്രിയുമായോ അവയവം ഏറ്റുവാങ്ങാന്‍ പോയ സ്വകാര്യ ആംബുലന്‍സുമായോ ബന്ധമില്ലാത്തവര്‍ വൃക്ക എടുത്തുകൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജില്ലയില്‍ദൗത്യം കോര്‍ഡിനേറ്റ് ചെയ്ത അരുണ്‍ ദേവ് രംഗത്ത് വന്നു. വൃക്ക അടങ്ങിയ പെട്ടി എടുത്ത് ഓടിയത് അരുണാണ്. ഒരു ജീവന്‍ രക്ഷിക്കാനായിരുന്നു ശ്രമിച്ചത്. വേറെ ദുരുദ്ദേശം ഒന്നും ഇല്ലായിരുന്നു. ആംബുലന്‍സ് എത്തിയപ്പോള്‍ സെക്യൂരിറ്റി പോലും മോഷന്‍ അറിഞ്ഞിരുന്നില്ല. വിവരം കൈമാറാതെ പോയതാകൊ കാരണം. മിഷന്‍ ഒരുപക്ഷേ പ്രതീക്ഷിച്ചതിലും നേരത്തെ വന്നിരിക്കാം. മിഷനില്‍ കൂടെ പോയ ഡ്രൈവറും ഡോകര്‍മാരുമൊന്നും കഴിച്ചിട്ട് പോലുമില്ലായിരുന്നു. അവര്‍ അവശരായിരുന്നുവെന്നും അരുണ്‍ ദേവ് പറഞ്ഞു.
കെജിഎംസിടിഎ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ആശുപത്രികളുടെ പരിമിതികള്‍ കാരണമുണ്ടാകുന്ന സംഭവങ്ങളില്‍ ഡോക്ടര്‍മാരെ മാത്രം ബലിയാടാക്കുന്ന പ്രവണത വര്‍ധിച്ച് വരികയാണ്. വിശദമായി അന്വേഷിക്കാതെ നടപടി എടുക്കരുത്. തങ്ങളുടേതല്ലാതെ കുറ്റത്തിന് ഡോക്ടര്‍മാരെ ശിക്ഷിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന വ്യക്തമാക്കി. അതേസമയം അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഏകോപനത്തില്‍ വീഴ്ച്ചയുണ്ടായോ എന്നും ഡോക്ടര്‍മാര്‍ അല്ലാത്തവര്‍ കിഡ്‌നി ബോക്‌സ് എടുത്തതും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications