93 എംപിമാർക്ക് സസ്പെന്‍ഷന്‍: ആ ഫാസിസ്റ്റ് നടപടി ഒരു അംഗീകാരമാണെന്ന് കെസി വേണുഗോപാല്‍
ഡല്‍ഹി: പാർലമെന്റില്‍ നിന്നും പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തതില്‍ ബി ജെ പിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജനാധിപത്യത്തിന് വേണ്ടി സംസാരിച്ചതിന്റെ പേരില്‍ പാർലമെന്റിൽ നിന്ന് പുറത്താക്കിയ ഫാസിസ്റ്റ് നടപടി ഒരു അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ മുഴുവന്‍ ശബ്ദത്തെയും അടിച്ചമര്‍ത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രവര്‍ത്തിക്കുന്നത്. ആരോഗ്യകരമായ ഒരു ചര്‍ച്ചയ്ക്കും സഭകള്‍ വേദിയാകുന്നില്ല. ജനങ്ങളുടെയും സുരക്ഷയുടെയും പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുകയാണ്. പാര്‍ലമെന്റ് അതിക്രത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെടുന്നതും ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാവീഴ്ചയില്‍ പ്രസ്താവന നടത്തണം എന്നാവശ്യപ്പെടുന്നതും കുറ്റമാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

പാര്‍ലമെന്റില്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുക വഴി ജനാധിപത്യ സംവിധാനത്തെ അവഹേളിക്കുക കൂടിയാണ്. ജനാധിപത്യം നിലനില്‍ക്കാന്‍ ഫാസിസ്റ്റ് ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്
ലോക്‌സഭയിലും രാജ്യസഭയിലുമായി 92 ഓളം പ്രതിപക്ഷ എംപിമാരെയാണ് ഇതുവരെ സസ്‌പെന്‍ഡ് ചെയ്തത്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും അറിയാനുമുള്ള അവകാശത്തെയാണ് മോദി ഭരണകൂടം കശാപ്പ് ചെയ്യുന്നത്. സഭയിലെ പ്രതിപക്ഷ സാന്നിധ്യം കുറച്ച് എതിര്‍പ്പുകള്‍ ഇല്ലാതാക്കുകയെന്നതാണ് മോദി ഭരണകൂടത്തിന്റെ അജണ്ട. ചോദ്യം ചോദിക്കുന്ന പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ അക്രമികള്‍ക്ക് പാര്‍ലമെന്റിലെത്താന്‍ പാസ് നല്‍കിയ ബി ജെ പി എം.പി പ്രതാപ് സിംഹയ്‌ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. ഒപ്പം കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയത്തിന് ഉദാഹരമാണം കൂടിയാണതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ നടന്ന പുകയാക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പ്രതികരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. കോണ്‍ഗ്രസ് എംപിമാരായ ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍ തുടങ്ങി പ്രമുഖ നേതാക്കളെ എല്ലാം സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുംവരെയാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നിന്ന് 13 പ്രതിപക്ഷ അംഗങ്ങളെയും രാജ്യസഭയില്‍ നിന്ന് ഒരംഗത്തെയും സസ്‌പെന്റ് ചെയ്തിരുന്നു.


Click it and Unblock the Notifications