'ഇനിയെങ്കിലും മാറിചിന്തിച്ചൂടെ?' ആനയെഴുന്നള്ളിപ്പും കരിമരുന്നു പ്രയോഗങ്ങളും വേണ്ട: സ്വാമി ചിദാനന്ദപുരി
കൊച്ചി: കൊയിലാണ്ടിയില്‍ ഉല്‍സവത്തിനിടെ ആനകള്‍ ഇടഞ്ഞ് മൂന്നു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളത്തിനെ രൂക്ഷമായി വിമര്‍ശിച്ച് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്വാമി ചിദാനന്ദപുരി രൂക്ഷമായ പ്രതികരണം അറിയിച്ചത്. ക്ഷേത്രങ്ങളില്‍ ആശാസ്ത്രീയമായി ആനകളെ എഴുന്നള്ളിക്കുന്നതിനെതിരേയും കാതടിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങള്‍ക്കെതിരേയും ഇതിനു മുന്‍പും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ വിമര്‍ശനങ്ങളും കേട്ടിട്ടുണ്ട്.
ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടി മെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെയെന്ന് ചിദാനന്ദപുരി ചോദിച്ചു. ആരാധനാലയങ്ങളിലും രാഷ്ട്രീയവേദികളിലും ശബ്ദ നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് ഒരു ക്ഷേത്രത്തില്‍ ആനയെഴുന്നള്ളിപ്പ് വേണ്ടെന്നു വച്ച സംഭവവും ഉണ്ടായതായി സ്വാമി ചിദാനന്ദപുരി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ - 'ഒരു ദൃഷ്ടാന്തം പറയാം. കോഴിക്കോട് ജില്ലയില്‍ ആനയെഴുന്നള്ളിപ്പ് ഉള്ള സ്ഥലമായിരുന്നു വേങ്ങേരി ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം. അവിടുത്തെ നവീകരണവുമായി ബന്ധപ്പെട്ട സന്ദര്‍ഭത്തില്‍ 'രക്ഷാധികാരിയെന്ന പേരു വയ്ക്കട്ടെ' എന്നവര്‍ ചോദിച്ചപ്പോള്‍ ഈ ദുഷിച്ച ചെയ്തി നിര്‍ത്തണമെന്നവരോടു പറയുകയുണ്ടായി. ഏതായാലും അവിടുത്തെ സജ്ജനങ്ങളായ പ്രവര്‍ത്തകര്‍ ആ ക്ഷേത്രത്തില്‍ നല്ല രഥം നിര്‍മ്മിച്ച് ഭഗവാനെ അതില്‍ എഴുന്നള്ളിക്കാനാരംഭിച്ചു. ആനയെ മാറ്റി. ഇപ്പോള്‍ വളരെ നല്ല നിലയ്ക്ക് ഉത്സവാദിനൈമിത്തികങ്ങള്‍ നടക്കുന്ന ശ്രേഷ്ഠമായ ക്ഷേത്രമാണത്. എല്ലാ ക്ഷേത്രകാര്യങ്ങളും സമംഗളം നടക്കുന്നു.
ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ ഭേദമില്ലാതെ ആരാധനാലയങ്ങളിലും രാഷ്ട്രീയ വേദികളിലും ശബ്ദ നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാവാസ കേന്ദ്രങ്ങളില്‍ യാതൊരു വ്യവസ്ഥയുമില്ലാതെ ഉയര്‍ത്തപ്പെടുന്ന ശബ്ദമലിനീകരണം അത്യാപത്തെന്ന് നാം തിരിച്ചറിയണം. ആരാധനാലയങ്ങളിലും രാഷ്ട്രീയ വേദികളിലും ശാസ്ത്രീയമായി ഇത്ര ഡസിബല്‍ ശബ്ദത്തിനു മുകളില്‍ പാടില്ലെന്നു നിശ്ചയിക്കണം.
അന്തരീക്ഷ മലിനീകരണം വരുത്തുന്ന കരിമരുന്നുകളില്‍ നിന്ന് മതരാഷ്ട്രീയ ഭേദമില്ലാതെ ഏവരും വിട്ടുനില്‍ക്കട്ടെ. ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തുന്ന ആംബുലന്‍സുകള്‍ക്ക് പോലും മലിനീകരണം നിശ്ചിതപരിധിക്കുള്ളിലാണെന്നുള്ള സാക്ഷ്യപത്രം വേണം. എന്നാല്‍ കരിമരുന്നുപ്രയോഗത്തില്‍ ഒന്നും ആവശ്യവുമില്ല. നാം ഒന്നിച്ചു നമ്മുടെ നന്മയ്ക്കായി യത്‌നിക്കുക.
അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന കരിമരുന്നുകളില്‍നിന്ന് മതരാഷ്ട്രീയ ഭേദമില്ലാതെ ഏവരും വിട്ടുനില്‍ക്കണം. ഉത്സവങ്ങള്‍ രക്തചൊരിച്ചിലുകളുടെയും ആപത്തുകളുടെയും മരണങ്ങളുടെയും വേദിയാവാതെ ഭക്തിയുടെയും ശാസ്ത്രബോധത്തിന്റെയും ചൈതന്യം വര്‍ധിക്കാനുമുള്ള വേദികളാവട്ടെ - ഇങ്ങനെ പറഞ്ഞാണ് സ്വാമി ചിദാനന്ദപുരി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആനകളിടഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പേരാണ് മരിച്ചത്. കുറുവങ്ങാട് സ്വദേശികളായ ലീല (65), അമ്മുക്കുട്ടി (70), കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ധനജ്ഞയന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. പടക്കം പൊട്ടിച്ച ശബ്ദം കേട്ടതോടെയാണ് ഒരു ആന ഇടയുകയായിരുന്നു. ഈ ആന വിരണ്ട് തൊട്ടടുത്തുള്ള ആനയെ കുത്തിയതാണ് ദാരുണമായ അപകടത്തിലേക്കു നയിച്ചത്.












Click it and Unblock the Notifications