വിജേഷ് പിള്ളയ്ക്കെതിരെ കർണാടക പോലീസ് കേസെടുത്തെന്ന് സ്വപ്ന, 'ആരാണ് ആ അജ്ഞാതൻ'
മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകൾക്കുമെതിരെയുള്ള എല്ലാ തെളിവുകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം

കണ്ണൂർ സ്വദേശി വിജേഷ് പിള്ളയ്ക്കെതിരായ തൻറെ പരാതിയിൽ കർണാടക പോലീസ് കേസെടുത്തെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഫേസ്ബുക്കിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. തന്റെ പരാതിയിൽ മൊഴി രേഖപ്പെടുത്തിയ തെളിവ് ശേഖരിച്ചെന്നും സ്വപ്ന പറഞ്ഞു. ബെംഗളൂരുവിലെ കൃഷ്ണരാജപുര പൊലീസ് സ്റ്റേഷന് പുറത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു സ്വപ്നയുടെ പോസ്റ്റ്.
'എന്റെ പരാതിയിൽ കർണാടക പോലീസ് ദ്രുത നടപടികൾ ആരംഭിച്ചു.
കർണാടക പോലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി. വിജേഷ് പിള്ള താമസിച്ച് എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു.
വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പോലീസിനെ അറിയിച്ചു.ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ', സ്വപ്ന സുരേഷ് കുറിച്ചു.
മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകൾക്കുമെതിരെയുള്ള എല്ലാ തെളിവുകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. വഴങ്ങിയില്ലെങ്കിൽ നോട്ടോ ലഹരിമരുന്നോ ബാഗിൽ വച്ചു കള്ളക്കേസിൽ കുടുക്കാൻ എളുപ്പമാണെന്നും 3 വർഷം ജയിലിൽ അയയ്ക്കാൻ അതുമതിയെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും സ്വപ്ന ആരോപിച്ചിരുന്നു.
കുടുംബത്തോടൊപ്പം രാജസ്ഥാനിലെ ജയ്പുരിലോ ഹരിയാനയിലോ പോയി താമസിക്കാൻ ഫ്ലാറ്റ് ഒരുക്കാമെന്നും ഒരു മാസം കഴിഞ്ഞ് കള്ളപാസ്പോർട്ട് വഴി മലേഷ്യയിലോ യുകെയിലോ പോയി മറ്റൊരാളായി ജീവിക്കാൻ സൗകര്യമൊരുക്കാമെന്നും വിജേഷ് വാഗ്ദാനം ചെയ്തതായും സ്വപ്ന ആരോപിച്ചിരുന്നു. അതേസമയം സ്വപ്നയുടെ ആരോപണം വിജേഷ് നേരത്തേ തള്ളിയിരുന്നു. ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി വെബ് സീരീസ് നിർമിക്കുന്ന കാര്യം സംസാരിക്കാനാണ് അവരെ കണ്ടതെന്നായിരുന്നു വിജേഷിന്റെ വിശദീകരണം.












Click it and Unblock the Notifications