സ്വപ്‌നയുടെ വെളിപ്പെടുത്തല്‍; ഗൂഢാലോചനയില്‍ അന്വേഷണം തുടങ്ങി, പിസി ജോര്‍ജും പ്രതിയാകും
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളില്‍ പോലീസ് കേസെടുത്തു. അന്വേഷണവും ആരംഭിച്ചു. മുന്‍ മന്ത്രി കെടി ജലീലാണ് പരാതി നല്‍കിയത്. കന്റോണ്‍മെന്റ് പോലീസിന് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ഗൂഢാലോചന, കലാപ ശ്രമത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാമെന്ന നിയമോപദേശം നേരത്തെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. കേസില്‍ സ്വപ്‌ന സുരേഷിന് പുറമേ പിസി ജോര്‍ജും പ്രതിയാകും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജലീല്‍ പരാതി നല്‍കിയത്.

ഇന്ന് രാവിലെ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയിരുന്നു ജലീല്‍ പരാതി കൈമാറിയത്. സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. പിസി ജോര്‍ജും സരിതയും തമ്മിലുള്ള സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടതായിട്ടാണ് സൂചന. സ്വപ്‌ന ഉയര്‍ത്തിയ വാദങ്ങളെ ശക്തമായി നേരിടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം അതിന്റെ ഭാഗമാണ്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം തടയാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. കേസിലെ പ്രധാന പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്നും തട്ടിക്കൊണ്ട് പോയത് ഇതിന്റെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയ്ക്ക് സുരക്ഷ നല്‍കാന്‍ തയ്യാറാവണം. ഈ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്ന കാലത്തോളം കേസ് തെളിയില്ല. രക്ഷാകവചം ഉപേക്ഷിച്ച് അദ്ദേഹം അന്വേഷണത്തോട് സഹകരിക്കണം. കേസ് അട്ടിമറിക്കാന്‍ മുമ്പും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പിറ്റേ ദിവസം പ്രതിയെ വിജിലന്‍സ് തട്ടിക്കൊണ്ട് പോയത് കേസ് അട്ടിമറിക്കാനാണോയെന്ന സംശയമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അസാധാരണമായ സംഭവമാണ് കേരളത്തില്‍ നടക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ രാജ്യദ്രോഹകേസിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതീവ ഗൗരവതരമായ മൊഴിയാണ് പുറത്തുവന്നത്. ഇതിലും വലുത് പുറത്ത് വരാനുണ്ടെന്നാണ് മൊഴികൊടുത്ത ആള്‍ പറയുന്നത്. മുഖ്യമന്ത്രി അന്വേഷണം നേരിടുമെന്ന് പറയാന്‍ ഭയക്കുന്നതെന്താണ്? മടിയില്‍ കനമില്ലാത്തതിനാല്‍ വഴിയില്‍ ഭയമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വസ്തുതകള്‍ തുറന്നു പറയണം. അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനത്തില്‍ ബാഗില്‍ കറന്‍സി ഉണ്ടായിരുന്നെന്നാണ് സ്വപ്ന പറയുന്നത്. രണ്ട് വര്‍ഷം മുമ്പ് ബിജെപി ഇത് തുറന്ന് പറഞ്ഞതാണ്. അന്ന് എല്ലാവരും ഇത് രാഷ്ട്രീയ ആരോപണമാണെന്ന് പറഞ്ഞു.
ബിജെപി പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചപ്പോള്‍ ജയിലില്‍ പോയി സ്വപ്നയെ കണ്ട് കേസ് അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. പൊലീസും ജയില്‍ അധികൃതരുമാണ് അട്ടിമറിക്ക് നേതൃത്വം നല്‍കിയത്. അധികാരപരിധിക്ക് പുറത്തുള്ള കേസുകള്‍ പോലും അന്വേഷിക്കുന്ന സംസ്ഥാന ഏജന്‍സികള്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications