സ്വപ്നയുടെ ശബ്ദരേഖ: അന്വേഷണത്തിൽ പോലീസിൽ അവ്യക്തത, നിയമോപദേശം തേടും
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷണം നടത്തുന്ന കാര്യത്തിൽ പോലീസിൽ അവ്യക്തത. ശബ്ദ രേഖ തന്റേതാണെന്ന് സ്വപ്ന സുരേഷ് തുറന്നുസമ്മതിച്ചതോടെ കേസെടുക്കാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്. കസ്റ്റഡിയിലിരിക്കുമ്പോൾ റെക്കോർഡ് ചെയ്തിട്ടുള്ള ശബ്ദരേഖയാണ് പ്രചരിക്കുന്നതെന്ന നിഗമനത്തിലാണ് ജയിൽ വകുപ്പ്.

നിയമോപദേശം തേടും
സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്ന വിഷയത്തിൽ ജയിൽ ഡിജിപിയുടെ പരാതിയിൽ കേസെടുക്കുന്നത് സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടുകയും ചെയ്തിട്ടുണ്ട്. ശബ്ദരേഖ പുറത്തുവന്ന സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ സാധിക്കുമോ എന്നാണ് പരിശോധിച്ചുവരുന്നത്. ശബ്ദരേഖ പുറത്തുവന്ന സംഭവത്തിൽ അട്ടക്കുളങ്ങര ജയിലിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ചും എൻഫോഴ്സ്മെന്റ് അന്വേഷിക്കും.

എങ്ങനെ പുറത്തായി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിച്ചെന്നാണ് സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശം. പുറത്തുവന്നിട്ടുള്ള ശബ്ദ സന്ദേശം തന്റേതാണെന്ന് സ്വപ്ന സുരേഷ് സമ്മതിച്ചതായി ജയിൽ ഡിഐജിയാണ് വ്യക്തമാക്കിയത്. ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ എങ്ങനെയാണ് പുറത്തായത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾക്കായി അന്വേഷണം നടത്താൻ ജയിൽ ഡിഐജി ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതേ സമയം സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടിട്ടുള്ളത് കേസന്വേഷണം തടസ്സപ്പെടുത്തുന്നതിന് വേണ്ടിയായിരിക്കാമെന്ന സംശയവും എൻഫോഴ്സ്മെന്റ് ഉന്നയിക്കുന്നുണ്ട്.

ഒടുങ്ങാതെ ആശങ്ക
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്നയെ ഒക്ടോബർ 14നാണ് അട്ടക്കുളങ്ങരയിലെ ജയിലിലേക്ക് മാറ്റിയത്. കൊഫെപോസ പ്രകാരം അറസ്റ്റിലായതുകൊണ്ടുതന്നെ സ്വപ്നയ്ക്ക് പുറത്തുപോകാനും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ പുറത്തുവന്ന ശബ്ദ സന്ദേശം എവിടെ വെച്ചാണ് റെക്കോർഡ് ചെയ്തതെന്ന സംശയം ഇപ്പോഴും ബാക്കിയാണ്. ജയിലിൽ സ്വപ്നയ്ക്ക് സന്ദർശകരായി എത്തിയിട്ടുള്ളത് ബന്ധുക്കൾ മാത്രമായിരുന്നുവെന്നാണ് ജയിൽ ഡിജിപി നൽകുന്ന വിശദീകരണം. ജയിലിൽ വെച്ച് ഒരിക്കൽ മാത്രം ഫോൺ വിളിച്ച സ്വപ്ന ഇത് അമ്മയെയാണെന്നാണ് പുറത്തുവരുന്ന വിവരം.

ദുരൂഹത ബാക്കി
അട്ടക്കുളങ്ങര ജയിലിലെത്തിച്ച ശേഷം നവംബർ രണ്ടിന് വിജിലൻസും മൂന്ന്, പത്ത് തിയ്യതികളിൽ എൻഫോഴ്സ്മെന്റമാണ് ചോദ്യം ചെയ്തത്. ഇതിന് മുമ്പ് കസ്റ്റംസും സ്വപ്നയെ ചോദ്യം ചെയ്തിട്ടുണ്ട്. തുടർന്ന് നവംബർ 18നും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. നവംബർ പത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സ്വപ്ന നിർണ്ണായക മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള മൊഴികളാണ് ഇതോടെ പുറത്തുവന്നത്.