'ഇപിയുടെ മകന് യുഎഇയില്‍ ഓയില്‍ റിഫൈനറി'; സിപിഎമ്മില്‍ വെടിപൊട്ടിച്ച് സ്വപ്‌നയുടെ പുതിയ ആരോപണം
തിരുവനന്തപുരം: സി പി എം നേതാവ് ഇ പി ജയരാജനെതിരെ ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ജയരാജന്റെ മകന്‍ ജയ്‌സണെതിരെ ബിനാമി ഇടപാട് ആരോപണവുമായാണ് ഇപ്പോള്‍ സ്വപ്‌ന സുരേഷ് രംഗത്തെത്തിയിരിക്കുന്നത്. ജയ്‌സണ് യു എ ഇയിലെ റാസല്‍ഖൈമയില്‍ സ്വന്തമായി എണ്ണ ശുദ്ധരീകരണ കമ്പനിയുണ്ടെന്നാണ് സ്വപ്‌ന സുരേഷ് ആരോപിക്കുന്നത്. യു എ ഇയിലെ ബിനാമി കമ്പനി വഴിയുള്ള ഇറക്കുമതി ഇടപാടിന് സഹായം തേടി ജയ്‌സണ്‍ താനുമായി ചര്‍ച്ച നടത്തിയെന്നും സ്വപ്‌ന പറയുന്നു.

ജയ്‌സണുമായി ദുബായില്‍ വച്ച് കൂടിക്കാഴ്ച നടത്തിയ ചിത്രവും പുറത്തുവന്നിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊലീസിന് ക്യാമറകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഇടപാടിനാണ് ജയ്‌സണ്‍ ചര്‍ച്ച നടത്തിയത്. ഇക്കാര്യത്തെ കുറിച്ച് ഇ പി ജയരാജനും അറിയാമായിരുന്നെന്നും ആഭ്യന്തര വകുപ്പിന് ഇതില്‍ നിന്നും ഒഴിവാക്കി സ്വന്തം നിലയ്ക്ക് ചെയ്യാനാണ് ജയ്‌സണ്‍ തീരുമാനിച്ചതെന്നും സ്വപ്‌ന പറയുന്നു.

ഇതിന് പിന്നാലെയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ് വന്നത്. ഇതിന് ശേഷം ഇടപാടിന് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും സ്വപ്‌ന സുരേഷ് പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം പുറത്തുവന്നത്. ഇപ്പോള്‍ പുതിയ ആരോപണം സ്വപ്‌ന കൂടി ഉന്നയിച്ചതോടെ ഇ പി ജയരാജന്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ഇ പി ജയരാജന് സാമ്പത്തിക ഇടപാടുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട് പി ജയരാജന്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യമായി മറുപടി പറയാന്‍ പി ജയരാജനും ഇ പി ജയരാജനും മുതിരുന്നില്ല. വിഷയം ഇപ്പോള്‍ പാര്‍ട്ടി അണികള്‍ക്കിടെയിലും ചര്‍ച്ചയാകുകയാണ്.

റിസോര്‍ട്ടുമായി ബന്ധപ്പെട്ട് തനിക്ക് സാമ്പത്തിക ഇടപാടില്ലെന്നാണ് ഇതിന് മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇ പി ജയരാജന്‍ പറഞ്ഞത്. മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ച് നിരത്തയാണ് റിസോര്‍ട്ടുണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ശാസ്ത്ര സാഹിത്യ പരിഷത്ത് തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എം വി ഗോവിന്ദന്റെ നാടായ മൊറാഴയിലാണ് റിസോര്‍ട്ട് എന്നത് മറ്റൊരു വസ്തുതയാണ്.

അതേസമയം, പി ജയരാജന്റെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഇതില്‍ അന്വേഷണം വേണമെന്നാണ് ജയരാജന്‍ ആരോപിക്കുന്നത്. ഈ ആരോപണം രേഖാമൂലം ഏഴുതി നല്‍കാനാണ് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടത്. തെറ്റ് ചെയ്ത ആള്‍ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നാണ് എം വി ഗോവിന്ദന്‍ വ്യക്തമാക്കുന്നത്.

ഇ പിയുടെ ഭാര്യും മകനും ഉടമകളായ റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ പി ജയരാജന്‍ അംഗമാണെന്നാണ് ആരോപണം. പാര്‍ട്ടി നേതാക്കള്‍ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകള്‍ എന്ന രേഖ ചര്‍ച്ച ചെയ്യുമ്പോഴാണ് പി ജയരാജന്‍ ആരോപണം ഉന്നയിച്ചത്. ഈ റിസോര്‍ട്ട് നിര്‍മ്മിക്കുന്ന സമയത്തും ആരോപണം ഉയര്‍ന്നതായി ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോള്‍ ഉയരുന്ന ആരോപണത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടന്നാണ് വിവരം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് വിവരം തേടിയിരിക്കുന്നത്. ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ സംസ്ഥാന ഘടകം ഉന്നയിച്ചാല്‍ വിഷയം ചര്‍ച്ച ചെയ്യും. ത്രിപുര തെരഞ്ഞെടുപ്പ് ഒരുക്കമാണ് പിബിയുടെ പ്രധാന അജണ്ട. അതിനാല്‍ വിശദമായ ചര്‍ച്ച തല്ക്കാലം ഉണ്ടാവില്ല.

സംസ്ഥാന ഘടകം ഉന്നയിച്ചാല്‍ പിബിയില്‍ വിഷയം ചര്‍ച്ചയായേക്കും. ഇപി ജയരാജനെതിരായ പരാതിയില്‍ പാര്‍ട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്. ആരോപണമുന്നയിച്ച പി ജയരാജന്‍ രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാനും സാധ്യതയുണ്ട്. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ പി ജയരാജനെതിരെ അന്വേഷണത്തിന് പൊളിറ്റ് ബ്യൂറോയുടെ അനുമതി വേണം.












Click it and Unblock the Notifications