ആം ആദ്മി –ട്വന്‍റി 20 സഖ്യം മുന്നോട്ട് വെയ്ക്കുന്നത് ഇടതുനിലപാടെന്ന് സ്വരാജ്; മറുപടിയുമായി സാബു ജേക്കബ്
കൊച്ചി; തൃക്കാക്കരയിൽ ട്വന്റി- 20 വോട്ടുകൾ കിട്ടുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇടതുമുന്നണി. ജനക്ഷേമ സഖ്യം മുന്നോട്ട് വെച്ച നിലപാട് ഇടതുപക്ഷത്തിന്റേതാണെന്നും അതിനാൽ അവർക്ക് ആശയപരമായി പിന്തുണയ്ക്കാൻ കഴിയുന്നത് ഇടതമുന്നണിയാണെന്നുമാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ എം സ്വരാജ് ഇന്ന് പറഞ്ഞത്. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മിഴികളിൽ'....നോക്കി നിന്ന് പോകും അഹാനയെ.. ഇങ്ങനെയൊക്കെയാണ് മദ്രാസിലെ വൈകുന്നേരങ്ങൾ എന്ന് താരം

തൃക്കാക്കരയിൽ ട്വന്റി-20, എ എ പി വോട്ടുകൾ ആർക്കാണെന്ന കാര്യത്തിലുള്ള ആകാംഷ ഇപ്പോഴും നിലനിൽക്കുകയാണ്. മൂന്ന് മുന്നണികളും ഈ വോട്ടുകളിൽ കണ്ണുവെയ്ക്കുന്നുണ്ട്. എന്നാൽ മനസ് തുറക്കാൻ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. തീരുമാനം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് ട്വന്റി -20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് പ്രതികരിച്ചത്. മനസാക്ഷി വോട്ടാണോ അതോ ഏതെങ്കിലും മുന്നണിക്ക് വോട്ട് നൽകണമോയെന്ന കാര്യം യോഗം ചേർന്നാണ് തിരുമാനിക്കുകയെന്നും സാബു പറഞ്ഞു.

എന്നാൽ ഇടതുമുന്നണിക്ക് ഇക്കാര്യത്തിൽ പ്രതീക്ഷ വേണ്ടെന്ന വ്യക്തമായ സൂചന നൽകുകയാണ് സാബു. കടുത്ത വിമർശനമാണ് ഇന്ന് മുന്നണിക്കെതിരെ സാബു ഉന്നയിച്ചത്. വോട്ട് വേണമെന്ന് പറയുന്ന ഇടതുമുന്നണി നേതാക്കൾ ആദ്യം തങ്ങൾ ചെയ്ത തെറ്റ് അംഗീകരിക്കണം എന്നായിരുന്നു സാബുവിന്റെ വാക്കുകൾ. എന്തും വിളിച്ചുപറയുന്ന സ്ഥലം എംഎല്‍എയെ ആദ്യം നിയന്ത്രിക്കണം. ട്വന്‍റി20ക്കെതിരെ നടത്തിയ ആക്രമങ്ങളിൽ പി വി ശ്രീനിജൻ മാപ്പ് പറയണമെന്നും സാബു പറഞ്ഞു.

കെ-റെയിൽ, അക്രമ രാഷ്ട്രീയം എന്നീ വിഷയങ്ങളായിരിക്കും തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമെന്നും ഇരു മുന്നണികളും ട്വന്റി-20 യെ തകർക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ശ്രീനിജൻ പറഞ്ഞു. അതേസമയം സാബുവിന്റെ ആവശ്യത്തെ പരിഹസിച്ച് പി വി ശ്രീനിജൻ എം എൽ എ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് മറുപടി. 'ആരുടെ കൈയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ ഒരാള്‍ക്ക് കൊടുക്കാനാണെന്ന പരിഹാസ കുറിപ്പാണ് ശ്രീനിജൻ പങ്കുവെച്ചത്.

അതിനിടെ തൃക്കാക്കരയിൽ ട്വന്റി-20യുടെ വോട്ട് തങ്ങൾക്ക് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു ഡി എഫ് ക്യാമ്പ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പിടി തോമസിനെതിരെ ട്വന്റി-20 രംഗത്തെത്തിയെങ്കിലും ഇപ്പോൾ അനുകൂലമാണ് സാഹചര്യം എന്നാണ് വിലയിരുത്തൽ. പിണറായി സർക്കാർ-ട്വന്റി-20 ഏറ്റുമുട്ടൽ ഒരു പരിധി വരെ പാർട്ടിയെ തങ്ങളിലേക്ക് അടുപ്പിക്കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 13,897 വോട്ടുകളായിരുന്നു ട്വന്റി 20 സ്ഥാനാർഥി ഡോക്ടർ ടെറി തോമസിന് തൃക്കാക്കരയിൽ ലഭിച്ചത്. മണ്ഡലത്തിലെ ആകെ വോട്ടിന്റെ പത്ത് ശതമാനമായിരുന്നു ഇത്. അതേസമയം ട്വന്റി 20 വോട്ടുകളിൽ ബി ജെ പിയും പ്രതീക്ഷ വെയ്ക്കുന്നുണ്ട്.തൃക്കാക്കരയില്‍ ട്വന്റി 20യുടെ പിന്‍മാറ്റത്തോടെ ആ വോട്ടുകള്‍ ഗുണം ചെയ്യുക എൻ ഡി എയ്ക്ക് ആയിരിക്കുമെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. എൽ ഡി എഫ്- യു ഡി എഫ് വിരുദ്ധ വോട്ടുകളാണ് ട്വന്റി 20 കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പിടിച്ചതെന്നും തൃക്കാക്കരയിലെ ഇന്നത്തെ സാമൂഹ്യ അന്തരീക്ഷം എന്‍ ഡി എയ്ക്ക് അനുകൂലമാണെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications