ശ്വേതയെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന്
കൊല്ലം: കൊല്ലത്ത് വള്ളംകളി ഉദ്ഘാടനത്തിനിടെ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് നടി ശ്വേത മേനോനെതിരെ മോശമായ ആരോപണം നടത്തിയ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപ വര്‍മ്മ തമ്പാന്‍, എംപി പീതാംബരക്കുറുപ്പ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ആലപ്പുഴ സ്വദേശിയായ സമ്പത്ത് ആണ് കൊല്ലം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വള്ളംകളിമത്സരഉത്ഘാടനത്തിനിടെ പീതാംബരക്കുറുപ്പ് തന്നെ അപമാനിയ്ക്കുന്ന രീതിയില്‍ പെരുമാറിയെന്ന ശ്വേത മേനോന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെ പ്രതാപവര്‍മ്മയും പീതാംബരക്കുറുപ്പും ശ്വേതയ്‌ക്കെതിരെ പലതരം ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ശ്വേതയുടെ ആരോപണത്തിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഇവരുടെ മോശമായ രീതിയിലുള്ള പരാമര്‍ശങ്ങള്‍.

സ്ത്രീത്വത്തെ അപമാനിയ്ക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തിയ തമ്പാനെ ഒന്നാം പ്രതിയും പീതാംബരക്കുറുപ്പിനെ രണ്ടാം പ്രതിയുമാക്കി കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ സാക്ഷികളായി ചേര്‍ക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications