അതിജീവിതയെ തിരിച്ചെടുക്കില്ല, അമ്മയിലെ ഒരംഗത്തിന് എതിർപ്പ്;തുറന്ന് പറഞ്ഞ് ശ്വേത മേനോൻ
ശ്വേത മേനോൻ അമ്മയുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മാധ്യമങ്ങളിൽ നിന്നും ആദ്യം നേരിട്ട ചോദ്യം സംഘടനയുടെ നിലപാടിൽ പ്രതിഷേധിച്ച രാജിവെച്ച് പോയ അതിജീവിത അടക്കമുള്ള താരങ്ങളെ തിരികെ എടുക്കുമോയെന്നതായിരുന്നു. അന്ന്
ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം തന്നെയാണ് തങ്ങളെന്നും രാജിവെച്ചവരെല്ലാം തിരികെ വരണമെന്നാണ് ആഗ്രഹമെന്നും അവർ വ്യക്തമാക്കി.
'സംഘടനയിലെ എല്ലാവരും നടിക്കൊപ്പം തന്നെയുണ്ട്, അവർ സംഘടനയിലേക്ക് തിരിച്ച് വരണം എന്നാണ് ആഗ്രഹം. കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്. എല്ലാവരും കൗതുകത്തോടെ വിധിക്കായി കാത്തിരിക്കുകയാണ്. എന്താണ് സത്യം എന്ന് എല്ലാവർക്കും അറിയേണ്ടതുണ്ട്.നടി നമ്മുടെ കുടുംബത്തിന്റെ ഭാഗമാണ്. അവരെ നേരിട്ട് കണ്ട് സംഘടനയിലേക്ക് സ്വീകരിക്കണമെങ്കിൽ അതിനും ഞാൻ തയ്യാറാണ്'എന്നായിരുന്നു ശ്വേതയുടെ വാക്കുകൾ. അതേസമയം രാജിവെച്ചവർക്ക് തിരിച്ചുവരാൻ അതിന്റേതായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടെന്ന് ശ്വേത ഓർമ്മിപ്പിച്ചു. വിഷയം അടിയ്തര അജണ്ടയിൽ ഇല്ലെന്നും സംഘടനയിലേത് തന്റെ വീട്ടിൽ നിന്നും കൊണ്ടുവന്ന നിയമങ്ങളല്ലെന്നും ശ്വേത പറഞ്ഞു.

കഴിഞ്ഞ ദിവസം പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. ഇതോടെ രാജിവെച്ചവരുടെ കാര്യത്തിൽ എന്ത് നിലപാടാണ് സംഘടന കൈക്കൊണ്ടതെന്ന ചോദ്യങ്ങൾ വീണ്ടും ഉയർന്നു. എന്നാൽ പുതിയ ഭരണസമിതി ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ചില അംഗങ്ങൾക്ക് അതിജീവിതയെ തിരിച്ചുകൊണ്ടുവരുന്നതിൽ കടുത്ത അതൃപ്തിയുണ്ടെന്നും ഇപ്പോൾ അവരെ തിരികെ കൊണ്ടുവരേണ്ട എന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നും ശ്വേത മേനോൻ പറഞ്ഞതായി ന്യൂസ് 18 കേരള റിപ്പോർട്ട് ചെയ്തു. ധൃതിപിടിച്ച് കൊണ്ടുവരേണ്ടെന്നും ജനറൽ ബോഡി യോഗത്തിൽ വിഷയം ചർച്ച ചെയ്ത് തീരുമാനം എടുക്കാമെന്നുമാണ് ശ്വേത വ്യക്തമാക്കിയത്. സമിതി അംഗമായ ജോയ് മാത്യുവും സമാന നിലപാടാണ് സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ താരസംഘടനയിൽ നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
അതിനിടെ മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണം വേണമെന്ന തീരുമാനം വന്നിട്ടുണ്ടെന്ന് യോഗത്തിന് ശേഷം ശ്വേത വ്യക്തമാക്കി. ' ഇതിനായി കമ്മിറ്റി രൂപീകരിക്കണം, അതിലെ അംഗങ്ങളെ തീരുമാനിക്കണം. ഔദ്യോഗികമായി ആദ്യമായാണ് കൂടുന്നത്. ഗുരുതര വിഷയങ്ങളുടെ ഗൗരവം ഒട്ടും ചോരാതെ തന്നെ കൈാര്യം ചെയ്യും. വിഷയങ്ങളെല്ലാം പരിഗണിക്കും. അമ്മയുടെ അംഗങ്ങളുടെ ഉന്നയിച്ച വിഷയത്തിൽ അന്വേഷണം നടത്തേണ്ടതല്ലേ നമ്മുടെ ഉത്തരവാദിത്തം. ഓണം വരികയല്ലേ, അത്തരത്തിലുള്ള ചെറിയ, ചെറിയ കാര്യങ്ങളാണ് ചർച്ച ചെയ്തത്', അവർ വിശദീകരിച്ചു.
അതേസമയം അതിജീവിതയെ ഇപ്പോൾ തിരിച്ചെടുക്കേണ്ടതില്ലെന്ന പുതിയ ഭരണസമിതിയുടെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ഭരണതലപ്പത്തേക്ക് സ്ത്രീകൾ വന്നെങ്കിലും അവരുടെ പൊസിഷൻ എന്താണെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണെന്നുമാണ് പലരും കുറ്റപ്പെടുത്തുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ 2018 ലാണ് താരസംഘടനയായ അമ്മയിൽ നിന്നും അതിജീവിത രാജിവെയ്ക്കുന്നത്. കുറ്റാരോപിതനായ നടനെ പിന്തുണയ്ക്കുന്ന അമ്മയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നാണ് അതിജീവിത വ്യക്തമാക്കിയത്. തന്റെ അവസരങ്ങൾ നടൻ പലപ്പോഴും ഇല്ലാതാക്കിയെന്നും ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടും സംഘടനയിൽ നിന്നും അനുകൂല നിലപാടുകൾ ഒന്നും ഉണ്ടായില്ലെന്നും അവർ രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം പുതിയ ഭരണസമിതി വന്നതോടെ സംഘടനയിലേക്ക് തിരികെ പോകുമോയെന്ന ചോദ്യം അതിജീവിതയോട് മാധ്യമങ്ങൾ ഉയർത്തിയെങ്കിലും ഇപ്പോൾ പ്രതികരിക്കാനില്ലെന്ന മറുപടിയാണ് അവർ പങ്കുവെച്ചത്. അതിജീവിതയെ കൂടാതെ നടിമാരായ രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, പാർവതി തിരുവോത്ത് തുടങ്ങിയ നടിമാരും സംഘടന വിട്ടിരുന്നു.












Click it and Unblock the Notifications