Get Updates
Get notified of breaking news, exclusive insights, and must-see stories!

‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ

താമരശ്ശേരി ചുരത്തിലൂടെ സുലൈമാൻ റോഡ് റോളർ ഓടിക്കുന്ന 'വെള്ളാനകളുടെ നാട്' സിനിമയിലെ സീൻ ഓർമിപ്പിക്കുന്ന പത്ത് മണ്ഡലങ്ങളുണ്ട് കേരളത്തിൽ. ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ ചാഞ്ഞാൽ വേണമെങ്കിൽ ഭരണം തന്നെ മാറിമറിയും. ചാഞ്ചാട്ട സ്വഭാവം പുലര്‍ത്തുന്ന ഈ പത്ത് മണ്ഡലങ്ങൾ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് നിര്‍ണായകമാണ്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് പാറ്റേണുകള്‍ നോക്കുമ്പോള്‍ ആറ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 10 'സ്വിങ് മണ്ഡലങ്ങള്‍' കണ്ടെത്താം.

അവിടെ മൂന്ന് മുന്നണികള്‍ക്കും ഏറെക്കുറെ തുല്യമായ ജനപിന്തുണയുമുണ്ട്. അതിനാല്‍ ഏതുമുന്നണി അധികാരത്തിലേറണമെന്നതിൽ ഈ സീറ്റുകളിലെ ജയം നിര്‍ണായകമാണ്. 2021ൽ ഈ പത്ത് സ്വിങ് സീറ്റുകളില്‍ ഏഴെണ്ണം നേടിയാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. യുഡിഎഫ് മൂന്ന് സീറ്റും നേടി. അഞ്ച് മണ്ഡലങ്ങളിൽ എൻഡിഎയാണ്

ldfudfbjp

രണ്ടാമതെത്തിയത് എന്നതും നിർണായകമാണ്.

അതുകൊണ്ട് തന്നെ ഈ വർഷം ഇവിടങ്ങളിലെ എൻഡിഎയുടെ പ്രകടനം ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഈ സീറ്റുകളിലെ എന്‍ഡിഎയുടെ പ്രകടനമാണ് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഭാഗ്യ-നിര്‍ഭാഗ്യങ്ങളിൽ നിര്‍ണായകമാകുക. മഞ്ചേശ്വരം, പാലക്കാട്, തൃശൂര്‍, ആറന്മുള, കരുനാഗപ്പള്ളി, വര്‍ക്കല, തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം എന്നിവയാണ് സ്വിങ് മണ്ഡലങ്ങള്‍.

മഞ്ചേശ്വരം

കര്‍ണ്ണാടക അതിര്‍ത്തിയായ മഞ്ചേശ്വരത്ത് മുസ്ലിം ലീഗും ബിജെപിയും തമ്മിലാണ് പോരാട്ടം. ബിജെപിയുടെ കെ. സുരേന്ദ്രന് 2016ല്‍ 89 വോട്ടുകള്‍ക്കും (പി.ബി. അബ്ദുൽ റസാഖിനോട്) 2021ല്‍ 855 വോട്ടുകള്‍ക്കുമാണ് (എം.കെ. അഷ്റഫിനോട്) മണ്ഡലം നഷ്ടപ്പെട്ടത്. മൂന്നാം തവണയെങ്കിലും ജയം നേടുകയെന്ന ലക്ഷ്യത്തോടെ കെ. സുരേന്ദ്രന്‍ ഇത്തവണയും മത്സരരംഗത്തുണ്ട്.

എം.കെ. അഷ്റഫ് തന്നെയാണ് എതിരാളി. സിപിഎം പൊതുസ്വതന്ത്രനെ പിന്തുണക്കുമെന്ന് പറഞ്ഞിരുന്ന എസ്ഡിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ എൻഡിഎ ക്യാമ്പ് പ്രതീക്ഷയിലുമാണ്. 2016ലും 2021ലും യുഡിഎഫിനായിരുന്നു എസ്ഡിപിഐയുടെ പിന്തുണ.

പാലക്കാട്

പാലക്കാട്ട് കോൺഗ്രസും ബിജെപിയും ആധിപത്യത്തിനായി പോരാട്ടത്തിലാണ്. 2011 മുതൽ ഇവിടെ ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചുവരുന്നുണ്ട്. 2021ൽ ടെക്നോക്രാറ്റ് ഇ. ശ്രീധരൻ 3,859 വോട്ടുകൾക്കാണ് ഷാഫി പറമ്പിലിനോട് തോറ്റത്. ഇത്തവണ മത്സരം കോൺഗ്രസ് സ്ഥാനാർത്ഥി രമേശ് പിഷാരടിയും ബിജെപിയുടെ ശോഭ സുരേന്ദ്രനും തമ്മിലാണ്.

തൃശൂർ

മധ്യ കേരളത്തിൽ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃശൂർ. 2021 ൽ സിപിഐയുടെ പി. ബാലചന്ദ്രൻ 946 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തിയത്. ബിജെപിയുടെ സുരേഷ് ഗോപിയാണ് മൂന്നാമതെത്തിയത്. സിപിഐ-34.25%,കോൺഗ്രസ്-33.52%, ബിജെപി-31.30% എന്നിങ്ങനെയായിരുന്നു വോട്ട് വിഹിതം.

സുരേഷ് ഗോപി 2024ൽ തൃശൂരിൽ നിന്ന് ജയിച്ച് പാർലമെന്റിലെത്തി, കേന്ദ്രമ​ന്ത്രിയുമായി. പിന്നീട് ബിജെപിയിലെത്തിയ പത്മജ ഇത്തവണയും ഇവിടെ ഭാഗ്യപരീക്ഷണത്തിനുണ്ട്. ആലങ്കോട് ലീലകൃഷ്ണൻ ആണ് എൽഡിഎഫ് സ്ഥാനാർഥി.

ആറന്മുള

ജാതി-മത സമവാക്യങ്ങൾ വിജയിയെ തീരുമാനിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആറന്മുള. 2006ൽ എൽഡിഎഫും 2011ൽ യുഡിഎഫുമാണ് ഇവിടെ ജയിച്ചത്. 2016ൽ വീണ ​ജോർജിലൂടെ മണ്ഡലം തിരികെ പിടിച്ച എൽഡിഎഫ് 2021ൽ അത് നിലനിർത്തി. ഇത്തവണയും വീണ മത്സരിക്കുന്നതിനാൽ മന്ത്രി മണ്ഡലമെന്ന വിഐപി പരിവേഷവും ആറന്മുളക്കുണ്ട്. കോൺഗ്രസിന്റെ അബിൻ വർക്കി, ബിജെപിയുടെ കുമ്മനം രാജശേഖരൻ എന്നിവരാണ് എതിരാളികൾ.

കരുനാഗപ്പള്ളി

ഇരുമുന്നണികളെയും മാറിമാറി തുണക്കുന്ന കരുനാഗപ്പള്ളിയിൽ എൻഡിഎക്ക് കാര്യമായ റോളില്ലെന്ന് പറയാം. 2016ൽ കോൺഗ്രസിന്റെ സി.ആർ. മഹേഷിനെ സിപിഐയിലെ ആർ. രാമചന്ദ്രൻ 1,759 വോട്ടുകൾക്ക് തോൽപ്പിച്ചതാണ്. 2021ൽ രാമചന്ദ്രനെ 29,208ന്റെ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് മഹേഷ് മണ്ഡലം തിരികെ പിടിച്ചു. സിപിഐയിലെ എം.എസ്. താരയെ തോൽപ്പിച്ച് മഹേഷ് മണ്ഡലം നിലനിർത്തുമോയെന്നതാണ് ഇത്തവണ ഉയരുന്ന ചോദ്യം.

മറ്റ് ജില്ലകളിലേക്കാൾ 'ചാഞ്ചാട്ട' മണ്ഡലങ്ങൾ കൂടുതലുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ എൻഡിഎ പിടിച്ചെടുത്തതോടെ ജില്ലയിലെ പല മണ്ഡലങ്ങളിലെയും പോരാട്ടം ശ്രദ്ധേയമാകുന്നുണ്ട്.

വർക്കല

2011 വരെ കോൺഗ്രസിന്റെ ഉറച്ച മണ്ണായിരുന്നു വർക്കല. 2016ൽ മുതിർന്ന നേതാവ് വർക്കല കഹാറിനെ അടിയറ പറയിച്ച് വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന വി. ജോയിയാണ്. വർക്കല കഹാറിനെ 2286 വോട്ടുകൾക്കു തോൽപ്പിച്ചായിരുന്നു ജോയിയുടെ വരവ്. 2021ൽ ബി.ആർ.എം ഷഫീറിനെ 17821 വോട്ടുകൾക്ക് തോൽപ്പിച്ച് വി. ജോയി മണ്ഡലം നിലനിർത്തുകയും ചെയ്തു. ഇത്തവണയും വർക്കല കഹാർ ആണ് ജോയിയുടെ എതിരാളി.

തിരുവനന്തപുരം

തെരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികളെയും മാറിമാറി തുണക്കുന്നതാണ് പൊതുവേ തിരുവനന്തപുരം മണ്ഡലത്തിന്റെ സ്വഭാവം. 2016ൽ 37 ശതമാനം വോട്ട് നൽകി കോൺഗ്രസിന്റെ വി.എസ്. ശിവകുമാറിനെ ജയിപ്പിച്ച മണ്ഡലം 2021ൽ എൽഡിഎഫിലെ ആന്റണി രാജുവിനെ 38 ശതമാനം വോട്ട് നൽകി തെരഞ്ഞെടുത്തു. ഈ അവസരങ്ങളിലെല്ലാം എൻഡിഎയുടെ വോട്ട് വിഹിതത്തിൽ കുറവ് ഉണ്ടായതുമില്ല. ബിജെപി ഇത്തവണ വോട്ട് വിഹിതം ഉയർത്തിയാൽ ജയം ആ​ർക്കൊപ്പമാകുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. യുഡിഎഫിനായി സി.പി. ജോണും എൽഡിഎഫിനായി നടൻ സുധീർ കരമനയും എൻഡിഎക്കുവേണ്ടി കരമന ജയനുമാണ് ഇത്തവണ കളത്തിലിറങ്ങുന്നത്.

കഴക്കൂട്ടം

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും എൽഡിഎഫിനെയാണ് തുണച്ചതെങ്കിലും എൻഡിഎ നല്ല പ്രതീക്ഷ വെച്ചുപുലർത്തുന്ന മണ്ഡലമാണ് കഴക്കൂട്ടം. രണ്ട് തവണയും ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത് എൻഡിഎയാണ്. 2016ൽ എൽഡിഎഫിന് 37 ശതമാനം വോട്ടും എൻഡിഎ 32 ശതമാനം വോട്ടും യുഡിഎഫ് 29 ശതമാനം വോട്ടും നേടി. 2021ൽ ബിജെപിയുടെ വോട്ട് 29 ശതമാനമായി കുറയുകയും എൽഡിഎഫിന്റേത് 46 ശതമാനമായി ഉയരുകയും ചെയ്തു. ഇത്തവണ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർഥി. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനെയാണ് എൻഡിഎ കളത്തിലിറക്കുന്നത്.

വട്ടിയൂർക്കാവ്

സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർകാവ്. സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ വി.കെ. പ്രശാന്തും എൻഡിഎ സ്ഥാനാർഥിയായി മുൻ ഡിജിപി ആർ.ശ്രീലേഖയും മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരനുമാണ് ഇവിടെ മത്സരിക്കുന്നത്. ജാതി സമവാക്യങ്ങൾ നിർണായകമാകുന്ന ഇവിടെ 2021ൽ കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി എൻഡിഎ രണ്ടാമ​തെത്തിയതാണ്. എൽഡിഎഫ് 44 ശതമാനം വോട്ടും എൻഡിഎ 29 ശതമാനം വോട്ടും യുഡിഎഫ് 26 ശതമാനം വോട്ടുമാണ് നേടിയത്.

നേമം

ബിജെപി കേരളത്തിൽ ആകെ നേടിയിട്ടുള്ള മണ്ഡലമാണ് നേമം. 2016ലാണ് ബിജെപിയുടെ മുതിർന്ന നേതാവ് ഒ. രാജഗോപാൽ സിപിഎമ്മിന്റെ വി. ശിവൻകുട്ടിയെ 8671 വോട്ടുകൾക്ക് തോൽപ്പിച്ച് നേമം നേടിയത്. 2021ൽ 3949 വോട്ടുകൾക്ക് ബിജെപിയുടെ കുമ്മനം രാജശേഖരനെ പിന്നിലാക്കി ശിവൻകുട്ടി മണ്ഡലം തിരികെ പിടിച്ചു. ശിവൻകുട്ടി 38.24% വോട്ട് നേടിയപ്പോൾ കുമ്മനം രാജശേഖരൻ 35.54% വോട്ടുമായി തൊട്ടുപിന്നിൽ തന്നെയെത്തി.

പ്രതീക്ഷ നഷ്ടപ്പെടാത്ത ബിജെപി ഇത്തവണ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെയാണ് ശിവൻകുട്ടിക്കെതിരെ ഇറക്കുന്നത്.

യുവ നേതാവായ ശബരീനാഥനാണ് കോൺഗ്രസ് സ്ഥാനാർഥി. 2021ൽ കെ. മുരളീധരൻ ശക്തമായ മത്സരം കാഴ്ചവച്ചതോടെ യുഡിഎഫിൻ്റെ വോട്ട് ശതമാനം ഉയർന്നാണ് ശിവൻകുട്ടിയുടെ വിജയത്തിലേക്ക് നയിച്ചത്. ഇത്തവണ മുരളീധരൻ നേടിയ വോട്ടുകൾ നിലനിർത്തുകയും വോട്ട് ശതമാനം വർധിപ്പിക്കുകയുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+