മൂലമറ്റത്ത് വീണ്ടും പൊട്ടിത്തെറി
ഇടുക്കി: മൂലമറ്റം പവര്‍ ഹൗസിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചു. ഒരുമണിക്കൂറോളം സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അപകടത്തില്‍ ആളപായമില്ല.
2013 നവംബര്‍ 7 ന് വൈകീട്ട് അഞ്ചരോടെയാണ് അപകടം നടന്നത്. പവര്‍ഹൗസിന് പുറത്തുള്ള സ്വിച്ച് യാര്‍ഡില്‍ പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്‌ഫോര്‍മര്‍ ആണ് പൊട്ടിത്തെറിച്ചത്. മാടക്കത്തറ സംബസ്‌റ്റേഷനിലേക്ക് വൈദ്യുതി നല്‍കുന്ന ട്രാന്‍ഫോര്‍മര്‍ ആയിരുന്നു ഇത്. പൊട്ടിത്തെറിയോടെ നാലാം നമ്പര്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം പ്രശ്‌നത്തിലായി. ഇതോടെ മറ്റ് നാല് ജനറേറ്ററുകള്‍ കൂടി നിര്‍ത്തിവച്ചു. ഇതാണ് വൈദ്യുതി വിതരണത്തെ ബാധിച്ചത്.

വലിയ ശബ്ദത്തോടെയാണ് ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചത്. വലിയതോതില്‍ തീയും പുകയും ഉയര്‍ന്നതോടെ പ്രദേശ വാസികള്‍ പരിഭ്രാന്തരായി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. ഒരുമണിക്കൂറോളം ട്രാന്‍സ്‌ഫോര്‍മര്‍ നിന്ന് കത്തി എന്നാണ് റിപ്പോര്‍ട്ട് .ഒടുവില്‍ വന്‍ശബ്ദത്തോടെ താഴേക്ക് പതിച്ചു.
കഴിഞ്ഞ ആഴ്ചയും മൂലമറ്റം പവര്‍ ഹൗസില്‍ അപകടം നടന്നിരുന്നു. 2013 നവംബര്‍ 3 നായിരുന്നു അത്. അന്ന് അഞ്ചാം നമ്പര്‍ ജനറേറ്ററുമായി ബന്ധപ്പെട്ട സര്‍ക്യൂട്ട് ബ്രേക്കറാണ് പൊട്ടിത്തെറിച്ചത്. അതോടെ അഞ്ചാം നമ്പര്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.
വ്യാഴാഴ്ചയിലെ അപകടത്തോടെ ആകെയുള്ള ആറ് ജനറേറ്ററുകളില്‍ നാലെണ്ണമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. നാലും അഞ്ചും ജനറേറ്ററുകളാണ് ഇപ്പോള്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പവര്‍ ഹൗസ് നവീകരിക്കാത്തതാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. രണ്ട് വര്‍ഷംമുമ്പ് 2011 ജൂണ്‍ 20 ന് അഞ്ചാം ജനറേറ്ററിന്റെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ച് രണ്ട് എന്‍ജിനീയര്‍മാര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications