യോഗയുടെ മറവിൽ സംഘപരിവാറിന്റെ വർഗീയ പ്രചാരണം.. യോഗയ്‌ക്കെതിരെ സീറോ മലബാര്‍ സഭ
കോട്ടയം: ക്രിസ്ത്യന്‍ ആരാധനാ ക്രമങ്ങളില്‍ പോലും യോഗ കടന്നുവരുന്നതിനെതിരെ കടുത്ത നിലപാടുമായി സീറോ മലബാര്‍ സഭ. യോഗയെക്കുറിച്ച് പഠിക്കാന്‍ മെത്രാന്‍ സമിതി നിയോഗിച്ച ദൈവശാസ്ത്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് യോഗയ്‌ക്കെതിരെ വിമര്‍ശനമുള്ളത്. യോഗയുടെ മറവില്‍ സംഘപരിവാര്‍ വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗയും ക്രൈസ്തവ വിശ്വാസങ്ങളും തമ്മില്‍ ചേര്‍ന്ന് പോകില്ല. അതുകൊണ്ട് തന്നെ ക്രിസ്തുമത വിശ്വാസികള്‍ യോഗയെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ദൈവശാസ്ത്ര കമ്മീഷന്‍ സിനഡിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. യോഗയുടെ മറവിലെ സംഘപരിവാർ അജണ്ടകൾ പരിഗണിച്ച് യോഗാനുഷ്ഠാനങ്ങളെ നിർബന്ധിത പുനർവായനയ്ക്ക് വിധേയമാക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

സീറോ മലബാര്‍ സഭയിലെ ചില രൂപതകളില്‍ ആരാധനകളില്‍ വരെ യോഗ സ്ഥാനം പിടിച്ചതായി കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തി. സഭാ സ്ഥാപനങ്ങള്‍ യോഗയുടെ വളര്‍ച്ചയ്ക്ക് വേദിയാകരുത്. യോഗ ദൈവത്തിലേക്ക് മനുഷ്യനെ അടുപ്പിക്കുന്ന ഒന്നല്ലെന്നും കമ്മീഷൻ റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗയെ എതിര്‍ക്കാനുള്ള സഭയുടെ തീരുമാനത്തെ നിസ്സാരവല്‍ക്കരിക്കരുത്. വ്യായാമം എന്ന രീതിയില്‍ യോഗയെ സ്വീകരിക്കാം. അതല്ലാതെ ധ്യാനരീതിയായോ, ദൈവ വചന വ്യാഖ്യാന രീതിയായോ മോക്ഷ മാര്‍ഗ്ഗമായോ യോഗയെ അവതരിപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സീറോ മലബാര്‍ സഭ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിനഡ് തീരുമാനത്തിനെതിരെ വിമതവിഭാഗത്തില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications