'വർഗീയ വൈറസുകളെയും കൈകാര്യം ചെയ്യാൻ കരുത്തുള്ള സംസ്ഥാനം തന്നെയാണ് കേരളമെന്ന് ഉടന്‍ ബോധ്യമാകും'
എറണാകുളം: മിന്നല്‍ മുരളി എന്ന ചിത്രത്തിനായി കാലടി മണപ്പുറത്ത് തയ്യാറാക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി മന്ത്രി തോമസ് ഐകസ്. പകർച്ചവ്യാധിയുടെ വൈറസിനെ മാത്രമല്ല, വർഗീയ വൈറസുകളെയും കൈകാര്യം ചെയ്യാൻ കരുത്തുള്ള സംസ്ഥാനം തന്നെയാണ് കേരളമെന്ന്, സിനിമാ സെറ്റു തകർത്ത അക്രമിസംഘത്തിന് താമസിയാതെ ബോധ്യമാകുമെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
പകർച്ചവ്യാധിയുടെ വൈറസിനെ മാത്രമല്ല, വർഗീയ വൈറസുകളെയും കൈകാര്യം ചെയ്യാൻ കരുത്തുള്ള സംസ്ഥാനം തന്നെയാണ് കേരളമെന്ന്, സിനിമാ സെറ്റു തകർത്ത അക്രമിസംഘത്തിന് താമസിയാതെ ബോധ്യമാകും. മതവികാരം വൃണപ്പെട്ടു എന്ന പതിവ് നശീകരണ ന്യായം ചെലവാകുന്ന നാടല്ല ഇത്. ഇത്തരം ആക്രമങ്ങളെല്ലാം തങ്ങളുടെ ക്രിമിനൽ ശക്തിയുടെ പ്രദർശനത്തിനു വേണ്ടിയാണ് ആസൂത്രണം ചെയ്യുന്നത്. സെറ്റ് മാത്രമല്ല, യഥാർത്ഥ ആരാധനാലയങ്ങളും തകർക്കാൻ ശേഷിയുള്ളവരാണ് തങ്ങളെന്ന വെല്ലുവിളിയാണ് ഈ ആക്രമണം. അക്രമകാരികളുടെമേൽ ആ ഗൗരവത്തോടെ തന്നെ നടപടിയെടുക്കും.

മുഖ്യമന്ത്രി പറഞ്ഞതുപോലെ ഒരു സിനിമാ സൈറ്റു കണ്ടാലൊന്നും ആരുടെയും മതവികാരം വൃണപ്പെടില്ല. പലമതങ്ങളിലുംപെട്ട കോടിക്കണക്കിന് വിശ്വാസികൾ സമഭാവനയോടെ സഹകരിച്ചു ജീവിക്കുന്ന ഒരു മണ്ണിൽ, ഒരു സിനിമാ സെറ്റു കൊണ്ടൊന്നും ഒരു മതവികാരവും വ്രണപ്പെടുകയില്ല. ചിന്താശേഷിയും സംസ്ക്കാരവുമുള്ള സമൂഹമാണ് നമ്മുടേത്. ഇതൊന്നുമില്ലാത്ത ക്രിമിനലുകൾ കാട്ടിക്കൂട്ടുന്ന ചെയ്തികൾക്ക് വിശ്വാസികളുമായോ മതവുമായി ബന്ധമൊന്നുമില്ല. അവർ അത്തരത്തിൽ അവകാശപ്പെടുന്നുണ്ടെങ്കിലും.
ശക്തമായ നടപടി ഇക്കാര്യത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി സമൂഹത്തിന് ഉറപ്പു നൽകിക്കഴിഞ്ഞു. വലിയ പ്രതിഷേധം ഇക്കാര്യത്തിൽ ഇതിനകം ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധവും സിനിമാ പ്രവർത്തകരോട് ഐക്യദാർഢ്യവും അറിയിക്കുന്നു.












Click it and Unblock the Notifications