'35 രൂപയ്ക്ക് പാരഗണില്‍ ഗംഭീര ഊണ്‍ കിട്ടും, പേരില്‍ ജനകീയത ഇല്ലെന്നേ ഉള്ളൂ'; പരിഹാസം
കോഴിക്കോട്: സംസ്ഥാനത്തെ ജനകീയ ഹോട്ടലിലെ ഉച്ചയൂണിന്റെ വില വര്‍ദ്ധനവില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എം എല്‍ എ രംഗത്ത്. പാരഗണ്‍ ഹോട്ടലില്‍ നിന്ന് 35 രൂപയ്ക്ക് ഊണ്‍ ലഭിക്കുമെന്നും ജനകീയം എന്ന പേരില്ലന്നേയുള്ളൂവെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. ഇതൊക്കെ ബിസിനസ് ഐഡിയകളാണെന്നും ജിയോ സിം ഫ്രീ കൊടുത്ത അംബാനിയുടെ രീതി ഓര്‍മ്മ വരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ജിയോ സിംഅംബാനി ഫ്രീ കൊടുത്തത് ഓര്‍മ്മ വരുന്നു... ഓരോ ബിസിനസ് ഐഡിയകള്‍... കൊള്ളാം... ആ 'ജനകീയ' എന്ന പേര് അതിമനോഹരമായിരിക്കുന്നു... 35 രൂപയ്ക്ക് പ്രശസ്തമായ കോഴിക്കോട് പാരഗണ്‍ ഹോട്ടലില്‍ ഗംഭീര ഊണ്‍ കിട്ടും... ജനകീയ എന്ന പേര് ഇല്ല എന്നേയുള്ളൂ'- സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, സിദ്ദിഖ് പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്തത്. ചില കമന്റുകള്‍ക്ക് സിദ്ദിഖ് മറുപടി പറയുകയും ചെയ്യുന്നുണ്ട്. 20 രൂപയില്‍ നിന്ന് 30 രൂപയാക്കിയത് ചര്‍ച്ച ചെയ്യണോ, സാധനങ്ങള്‍ക്ക് വില കൂടുതല്‍ അല്ലേ എന്ന് ചോദിച്ച ഒരു കമന്റിന് സിദ്ദിഖിന്റെ മറുപടി ഇങ്ങനെയായിന്നു.
'ഇതൊക്കെ തന്നെയാണു ചര്‍ച്ച ചെയ്യേണ്ടത്, സൗജന്യ ഉച്ചഭക്ഷണമാണു 20 രൂപയുടെ ഉച്ച ഭക്ഷണമായത്, വിലക്കയറ്റവും, സബ്‌സിഡി എടുത്ത് കളഞ്ഞതും അത് 30 രൂപയില്‍ എത്തിച്ചു, ഇനിയും അത് കൂടാം. പ്രമുഖ ഹോട്ടലുകള്‍ക്ക് പോലും 25-35 രൂപയില്‍ ഊണ്‍ നല്‍കാന്‍ കഴിയുമ്പോള്‍, കര്‍ണ്ണാടകയില്‍ 10 രൂപയ്ക്ക് ഇന്ദിര കാന്റീനില്‍ ഊണ്‍ ലഭിക്കുമ്പോള്‍ ജനകീയ ഹോട്ടല്‍ എന്ന തള്ള് അംഗീകരിക്കാന്‍ കഴിയില്ല, അനാവശ്യ വിവാദങ്ങളല്ല, വിലക്കയറ്റം തന്നെയാണു ജനങ്ങളുടെ പ്രശ്‌നം... അത് പറയും'- സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ജനകീയ ഹോട്ടലിന് സര്‍ക്കാര്‍ അനുവദിച്ചിരുന്ന സബ്‌സിഡി പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെയാണ് ഊണിന് വിലകൂടുന്നത്. 20 രൂപയുള്ള ഊണിന് 30 രൂപയും പാര്‍സലിന് 35 രൂപയും ഈടക്കും. ആഗസ്റ്റ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് തദ്ദേശ വകുപ്പ് ഉത്തരവിറക്കിയത്. കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിലാണ് ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചതെന്നും കൊവിഡ് ഭീഷണിയില്ലാത്തതിനാല്‍ സബ്‌സിഡി തുടരാനാകില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.












Click it and Unblock the Notifications