തളിപ്പറമ്പിൽ മഞ്ഞപിത്ത വ്യാപനം; കുടിക്കാനുപയോഗിക്കുന്നത് മലവിസർജ്യം കലർന്ന വെള്ളമെന്ന് പ്രാഥമിക നിഗമനം
തളിപ്പറമ്പിൽ മഞ്ഞപിത്തം പടരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്. ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കൂൾ ബാറുകൾ എന്നിവ കേന്ദ്രീകരിച്ച് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഗുരുതരമായ ചട്ടലംഘനമാണ് കണ്ടെത്തിയത്. പല സ്ഥാപനങ്ങളും കുടിവെള്ള പരിശോധന റിപ്പോർട്ട് വ്യാജമായി തയ്യാറാക്കുന്നതായി പരിശോധനയിൽ തെളിഞ്ഞു. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
നഗരത്തിൽ കുടിവെള്ളം എത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയിലെ ജലം പരിശോധിച്ചതിൽ ഇ- കോളിയുടെ സാനിധ്യം കണ്ടെത്താനായില്ല. നഗരത്തിൽ വിതരണം ചെയ്യുന്ന മറ്റു കുടിവെള്ള സ്രോതസ്സുകളെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്. നഗരത്തിൽ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് ശേഖരിക്കും.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നുള്ള കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിദഗ്ദ സംഘവും തളിപ്പറമ്പ് മേഖല സന്ദർശിച്ച് രോഗ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മലവിസർജ്യം കലർന്ന വെള്ളം കുടിക്കാനായി ഉപയോഗിക്കുന്ന സാഹചര്യം ഉള്ളതായാണ് പ്രാഥമികനിഗമനം.
കൂടുതൽ പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാനാണ് ശ്രമിക്കുന്നത്.തളിപ്പറമ്പിൽ ഈ വർഷം മെയ് മാസമാണ് മഞ്ഞപ്പിത്തം പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തത്. നിലവിൽ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 477 പേർക്ക് മഞ്ഞപ്പിത്ത ബാധയുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലായി 61 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് കേസുകൾ ഏറെയും. തളിപ്പറമ്പ് നഗരസഭയിൽനിന്ന് അകലെയുള്ള ചെറുതാഴം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ കേസുകൾ കുറവുമാണ്.
മഞ്ഞപ്പിത്തം ബാധിച്ചവരിൽ നല്ലൊരു ശതമാനം വിദ്യാർഥികളാണ്. നഗരങ്ങളിൽ നിന്നു ശീതള പാനീയങ്ങളും ഭക്ഷണവും കഴിച്ചവരിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്.












Click it and Unblock the Notifications