തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനാകില്ല; നിലപാടിലുറച്ച് ഡിഎംകെ
ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ കടുത്ത തീരുമാനവുമായി ഡിഎംകെ. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനാകില്ലെന്ന നിലപാടിലാണ് ഡിഎംകെ. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ഭരണം സുരക്ഷിതമാകില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പതനം മുന്നറിയിപ്പാണെന്നുമാണ് ഡിഎംകെയുടെ വിലയിരുത്തല്‍. ഒറ്റക്ക് കേവലഭൂരിപക്ഷം ഉറപ്പുവരുത്താനാണ് ഡിഎംകെയുടെ ശ്രമം. ഇതിനായി 178 സീറ്റുകളില്‍ ഡിഎംകെ സ്ഥാനാര്‍ഥി പട്ടിക തയാറാക്കുകയാണ്. തിരഞ്ഞെടുപ്പ് സര്‍വേകളില്‍ തമിഴ്നാട്ടില്‍ ഇത്തവണ ഡിഎംകെ ഭരണം പിടിക്കുമെന്നാണ് പ്രവചനം. ഇത് ഡിഎംകെ ക്യാമ്പിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നുണ്ട്.
കഴിഞ്ഞ നവംബറില്‍ നടന്ന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സംഖ്യം കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയെങ്കിലും വിജയിക്കാനായില്ല. 75 സീറ്റുകള്‍ നേടി ആര്‍ജെഡി ബീഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസിന്റെ പരാജയം ഭരണം നഷ്ടപ്പെടാന്‍ കാരണമായി. കഴിഞ്ഞ ദിവസങ്ങളില്‍ പുതുച്ചേരിയിലും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസ് ബാധ്യതയാണെന്ന വിലയിരുത്തലിലാണ് ഡിഎംകെ എത്തിയത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 41 സീറ്റാണ് സഖ്യത്തില്‍ കോണ്‍ഗ്രസിന് നല്‍കിയത്.
അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം
എന്നാല്‍ പാര്‍ട്ടി വിജയിച്ചത് 8 സീറ്റുകളില്‍ മാത്രമാണ്. അതിനാല്‍ തന്നെ ഇത്തവണ 21 സീറ്റുകളില്‍ കൂടുതല്‍ നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് സ്റ്റാലിന്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്കിയാല് അധികാരത്തിലെത്താനുള്ള സാധ്യത മങ്ങുമെന്നാണ് ഡിഎംകെയുടെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഉമ്മന്‍ ചാണ്ടി, ദിനേശ് ഗുണ്ടറാവു, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ സ്റ്റാലിനുമായി ചര്‍ച്ച നടത്തിയെങ്കിലും ഡിഎംകെ വഴങ്ങിയില്ല.