തമിഴ്നാട് തിരഞ്ഞെടുപ്പ്; പേരമ്പൂർ പിടിക്കുമോ വിജയ്? മണ്ഡലത്തിലെ സാധ്യതകൾ ഇങ്ങനെ
വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിക്കണമെന്ന് പ്രമേയം പാസാക്കിയിരിക്കുകയാണ് ടിവികെ. പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുനൻ ആണ് ഇക്കാര്യം അറിയിച്ചത്. തമിഴ്നാട്ടിലെ വോട്ടർമാരുമായി നേരിട്ട് സംവദിക്കാനും വിപുലമായ ജനസമ്പർക്കം നടത്താനും വിജയ് ആലോചിക്കുകയാണെന്നും ചെന്നൈയിൽ നടന്ന പത്രസമ്മേളനത്തിൽ ആധവ് ഇന്ന് വ്യക്തമാക്കി. ഡിഎംകെയുടെ ശക്തികേന്ദ്രമാണ് പേരമ്പൂർ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 54,000ത്തിന് മുകളിൽ വോട്ട് നേടിയാണ് ഡിഎംകെ മണ്ഡലത്തിൽ വിജയിച്ചത്. വിജയ് പേരമ്പൂരിൽ എത്തുന്നതോടെ മത്സരം കടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
വിജയ് പേരമ്പൂർ പിടിക്കുമോ?
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വേണ്ടി ആർഡി ശേഖർ ആണ് മത്സരിച്ചത്. 1,05,267 വോട്ടുകൾ (ഏകദേശം 52.9%) നേടിയായിരുന്നു അദ്ദേഹത്തിൻ്റെ വിജയം. 54,976 വോട്ടുകളുടെ മികച്ച ഭൂരിപക്ഷമാണ് ശേഖറിന് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായിരുന്ന എ.ഐ.എ.ഡി.എം.കെ.യുടെ എൻ.ആർ. ധനപാലൻ 50,291 വോട്ടുകൾ (ഏകദേശം 25.3%) ആണ് നേടിയത്. മത്സരരംഗത്തുണ്ടായിരുന്ന മറ്റ് പ്രധാന സ്ഥാനാർത്ഥികളിൽ, എൻ.ടി.കെ.യുടെ എസ്. മെർലിൻ സുഗന്തിക്ക് 19,821 വോട്ടുകളും (ഏകദേശം 10%), ബി.ജെ.പി. സ്ഥാനാർത്ഥി പൊന്നുസാമിക്ക് ഏകദേശം 11,000 വോട്ടുകളും (ഏകദേശം 5.5%) ലഭിച്ചു.

ന്യൂനപക്ഷങ്ങൾക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഒന്നാണ് പേരമ്പൂർ. വോട്ടർമാരിൽ ഭൂരിഭാഗവും നഗരവാസികളും തൊഴിലാളി വിഭാഗങ്ങളും ആണ്. നഗരവാസികൾക്കിടയിൽ തരംഗമുണ്ടാക്കാൻ വിജയ്ക്ക് സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. താരപദവി യുവവോട്ടർമാരെയും ആരാധകരെയും ആകർഷിക്കും. ഡിഎംകെ, എഐഎഡിഎംകെ വോട്ടുകൾ ഭിന്നിപ്പിക്കാൻ വിജയ്ക്ക് സാധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ചെന്നൈയിലെ 10-12 സീറ്റുകളിൽ ടിവികെയ്ക്ക് 25-30% വോട്ട് നേടാൻ സാധിക്കുമെന്നാണ് നേരത്തേ പാർട്ടി സർവ്വേയിലെ കണ്ടെത്തൽ . സംസ്ഥാനതലത്തിൽ 22-23% വോട്ട് ലഭിക്കുമെന്ന് ചില അഭിപ്രായ സർവേകളും പറയുന്നുണ്ട്.
15 വർഷത്തിലേറെയായി നിലവിലുള്ള അദ്ദേഹത്തിന്റെ ഫാൻസ് ഓർഗനൈസേഷൻ ബൂത്ത് തലത്തിൽ പോലും കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കാൻ കെൽപ്പുള്ളവരാണ്. ഒന്നിലധികം പാർട്ടികൾ മത്സരിക്കുന്ന സാഹചര്യത്തിൽ, 30-35% വോട്ടുകൾ പോലും വിജയത്തിന് വഴിയൊരുക്കാം. എങ്കിലും, പേരമ്പൂരിലെ ഡിഎംകെയുടെ ശക്തി കുറച്ചുകാണാനാകില്ല. ശക്തമായ പ്രാദേശിക കേഡർ സംവിധാനവും കോൺഗ്രസ് പോലുള്ള പാർട്ടികളുമായുള്ള സഖ്യങ്ങളും ഡിഎംകെയ്ക്ക് മുൻതൂക്കം നൽകുന്നുണ്ട്. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടേ ഉള്ളൂ. ആരാധക പിന്തുണ എത്രത്തോളം വോട്ടാകുമെന്നതാണ് പ്രധാന ചോദ്യം. താഴെത്തലത്തിലുള്ള രാഷ്ട്രീയം കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനേയും വിമർശകർ ചോദ്യം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications