അരി തേടി നാട്ടിലേക്കിറങ്ങേണ്ട; അരിക്കൊമ്പന് കാട്ടില്‍ അരി എത്തിച്ച് നല്‍കി തമിഴ്‌നാട്
കമ്പം: ദിവസങ്ങള്‍ക്ക് മുന്‍പ് ജനവാസമേഖലയിലിറങ്ങി ഭീതി പടര്‍ത്തിയ അരിക്കൊമ്പനെ കാട്ടില്‍ തന്നെ നിര്‍ത്താന്‍ 'പോംവഴി' കണ്ടെത്തി തമിഴ്‌നാട് വനം വകുപ്പ്. അരിക്കൊമ്പന്‍ ഇനി അരി തേടി നാട്ടിലേക്കിറങ്ങാതിരിക്കാന്‍ കാട്ടില്‍ അരി എത്തിച്ച് നല്‍കിയിരിക്കുകയാണ് വനം വകുപ്പ്. ഇതിനൊടൊപ്പം ശര്‍ക്കര, പഴക്കുല എന്നിവും അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചിട്ടുണ്ട് എന്നാണ് വിവരം.
അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ല എന്നാണ് കമ്പം എം എല്‍ എ എന്‍ രാമകൃഷ്ണന്‍ പറയുന്നത്. നിലവില്‍ അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മയക്കുവെടി വിദഗ്ധര്‍ അരിക്കൊമ്പനെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ അരിക്കൊമ്പന്‍ ഷണ്‍മുഖ നദി ഡാമിനോടു ചേര്‍ന്നുള്ള റിസര്‍വ് വനത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇവിടെ നിന്ന് രാത്രിയില്‍ കൃഷിത്തോട്ടത്തില്‍ എത്തി ഭക്ഷണം കണ്ടെത്തുന്നുണ്ട്. നേരത്തെ കമ്പത്തെ ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന്‍ എത്തിയിരുന്നു. ഇതിന് ശേഷം ക്ഷീണിതനായ അരിക്കൊമ്പന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് അരി ഉുള്‍പ്പടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വനം വകുപ്പ് കാട്ടില്‍ പലയിടത്തും എത്തിച്ചു നല്‍കിയിരിക്കുന്നത് എന്ന് രാമകൃഷ്ണന്‍ പറഞ്ഞു.
വനം വകുപ്പ് അധികൃതരോ ജനങ്ങളോ കാരണം അരിക്കൊമ്പന് യാതൊരു തരത്തിലുള്ള പരിക്കും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരിക്കൊമ്പന് നേരത്തെ പരിചയമില്ലാത്ത വഴികളിലൂടെയാണ് ഇപ്പോള്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ മരത്തിലോ മുള്‍ച്ചെടിയിലോ ഉരഞ്ഞ് ഉണ്ടായ മുറിവാകും അരിക്കൊമ്പന്റെ തുമ്പിക്കൈയിലുണ്ടായത് എന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.
300 പേര്‍ അടങ്ങുന്ന സംഘമാണ് ആനയെ നിരീക്ഷിച്ച് വരുന്നത്. മലയോര പ്രദേശത്ത് നിന്ന് സമതല പ്രദേശത്തേക്ക് എത്തിയതിനു ശേഷം മാത്രമേ അരിക്കൊമ്പനെ മയക്കുവെടി വെക്കൂ എന്നാണ് രാമകൃഷ്ണന്‍ എം എല്‍ എ പറയുന്നത്. മേഘമല വനപ്രദേശത്തേക്ക് നീങ്ങി ഉള്‍ക്കാട്ടിലേക്ക് കടക്കുകയാണെങ്കില്‍ മറ്റ് നടപടികള്‍ വേണ്ട എന്ന തീരുമാനത്തിലാണ് വനം വകുപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
12 ഓളം പേരുടെ ജീവനെടുത്ത ഒറ്റയാനാണ് അരിക്കൊമ്പന്‍. ചിന്നക്കനാലില്‍ ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്നത് പതിവായതോടെയാണ്ഇവിടെ നിന്ന് മാറ്റി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ചിന്നക്കനാലിലെ നിരവധി റേഷന്‍ കടകള്‍ തകര്‍ത്തിട്ടുള്ള അരിക്കൊമ്പന് അരി ഇഷ്ട ഭക്ഷണമായതിനാലാണ് ഈ പേര് വീണത്.












Click it and Unblock the Notifications