കേരള പൊലീസിനെ സഹായിക്കാന്‍ തമിഴ്‌നാട് പൊലീസും: സംഘം പാലക്കാടെത്തി
പാലക്കാട് : ജില്ലയില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി പൊലീസ്. കേരള പൊലീസിന് പുറമെ തമിഴ്‌നാട് പൊലീസും പാലക്കാട്ടേക്ക് എത്തി. കോയമ്പത്തൂര്‍ സിറ്റി പൊലീസ് 3 കമ്പനിയിലെ 250 പൊലീസ് ഉദ്യോഗസ്ഥരും തമിഴ്‌നാട് സ്‌പെഷ്യല്‍ പൊലീസിലെ 150 പേരും ആംഡ് റിസര്‍വ് പൊലീസിലെ 500 ഉദ്യോഗസ്ഥരുമാണ് പാലക്കാടെത്തിയത്. കൊലപാതകക്കേസിലെ പ്രതികളെ പിടികൂടാനായി നടക്കുന്ന വാഹന പരിശോധന, ലോഡ്ജുകളില്‍ നടക്കുന്ന പരിശോധനകള്‍ എന്നിവയില്‍ തമിഴ്‌നാട് പൊലീസ് കേരള പൊലീസിനെ സഹായിക്കും.
ജില്ലയില്‍ ഇന്നലെ രാത്രി തന്നെ വന്‍ പൊലീസ് സന്നാഹത്തെ ഒരുക്കി ജില്ലയില്‍ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. ജില്ലയിലെ കടകള്‍ നേരത്തെ അടക്കാനും സംശയം തോന്നുന്ന വാഹനങ്ങള്‍ വിശദമായി പരിശോധന നടത്തുകയും ചെയ്തിരുന്നു. സാക്കറെയുടെ യോഗത്തില്‍ ഇന്ന് രാവിലെ ഉന്നതതലയോഗം ചേരുന്നുണ്ട്. സുരക്ഷനടപടികളും യോഗം വിലയിരുത്തും. അതേ സമയം രാഷ്ട്രീയ കൊലപാതകങ്ങളുടെ സാഹചര്യത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേ സമയം ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ 10 മണിയോടെ ആരംഭിക്കും. ജില്ലാ ആശുപത്രിയില്‍ വച്ചാണ് പോസ്റ്റുമോര്‍ട്ട നടപടികള്‍ നടക്കുന്നത്.

മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷമാകും സംസ്‌കരിക്കുക. മൃതദേഹം 2 മണിക്ക് കറുകോടി ശ്മശനത്തില്‍ സംസ്‌കരിക്കുമെന്നാണ് വിവരം. അതേ സമയം ശ്രീനിവാസന്റെ കൊലപാതകികളെപ്പറ്റി വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അക്രമികള്‍ സഞ്ചരിച്ച മൂന്ന് ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ ഇതിനകം തന്നെ പൊലീസിന് കിട്ടിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കാനാകും എന്ന പ്രതീക്ഷയിലുമാണ് പൊലീസ് നിലവിലുള്ളത്. ഇതിനകം തന്നെ പത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

അതേ സമയം ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും വിദേശ സഹായം ലഭിച്ചിട്ടുണ്ടെനനും കൊലപാതകത്തിന് പൊലീസ് സഹായം ചെയ്‌തെന്നും ബിജെപി ആരോപിച്ചു. കൊലപാതകത്തിനു മുമ്പായി പൊലീസ് പിക്കറ്റിംഗ് പിന്‍വലിച്ചത് ദുരൂഹമാണെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു.
കൊല്ലപ്പെട്ട ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടെന്ന് കണ്ടെത്തി. ശരീരത്തില്‍ പത്തോളം മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയത്. മൂന്ന് വെട്ടാണ് തലയില്‍ കണ്ടെത്തിയത്. അതേ സമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച ബിജെപി പ്രകടനത്തിലേക്ക് കാര്‍ പാഞ്ഞുകയറി. തൃശൂരിലാണ് ഈ സംഭവം നടന്നത്. സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ടത്. മേലാമുറിയില്‍ ശ്രീനിവാസന്‍ നടത്തിയിരുന്ന എസ് കെ എസ്. ഓട്ടോസ് എന്ന ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനത്തില്‍ വെച്ചാണ് കൊലപാതകം നടന്നത്. ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കടയില്‍ വെച്ചാണ് ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ടത്. ആറംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയത്. ഒരു സ്‌കൂട്ടറിലും രണ്ട് ബൈക്കിലുമാണ് കൊലയാളി സംഘം എത്തിയത്. ഈ വാഹനങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേരാണ് മാരകമായ ആയുധങ്ങളുമായി ശ്രീനിവാസനെ ആക്രമിച്ചത്. മൂന്ന് പേര്‍ വാഹനങ്ങളില്‍ തന്നെ ഇരിക്കുകയായിരുന്നു. ശ്രീനിവാസനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്ന് അക്രമികളും തിരികെ വാഹനത്തില്‍ കയറിയതോടെ നേരത്തെ കാത്ത് നിന്ന മൂന്ന് പേരും അതിവേഗം വാഹനമോടിച്ച് മടങ്ങി. ജനങ്ങള്‍ ആക്രമണത്തിന്റെ ഞെട്ടലില്‍ പരിഭ്രാന്തിയോടെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെള്ളിയാഴ്ച എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രത്യാക്രമണം എന്ന നിലയില്‍ ശ്രീനിവാസനും ആക്രമിക്കപ്പെട്ടത്.












Click it and Unblock the Notifications