മുല്ലപ്പെരിയാര്‍; നാല് ഷട്ടറുകള്‍ കൂടി തുറന്ന് തമിഴ്‌നാട്, കേരളം ഇന്ന് സുപ്രീംകോടതിയിലേക്ക്
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വെയിലെ ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നു. നാല് ഷട്ടറുകളാണ് ഉയര്‍ത്തിയത്. നിലവില്‍ അഞ്ച് ഷട്ടറുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഇതോടെ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവും ക്രമീതീതമായി വര്‍ധിച്ചിരിക്കുകയാണ്. 3947 ഘനയടി വെള്ളമാണ് അഞ്ച് ഷട്ടറുകളിലൂടെയും ഒഴുകുന്നത്.
60 സെന്റി മീറ്റര്‍ വരെയാണ് നിലവില്‍ ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട് യാതൊരു മുന്നറിയിപ്പും കൂടാതെ രാത്രി കാലങ്ങളില്‍ ഡാമിലെ ഷട്ടര്‍ ഉയര്‍ത്തിയിരുന്നു. ഇത് മൂലം നിരവധി പ്രദേശങ്ങളാണ് വെള്ളം കയറിയത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാടിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. മുന്നറിയിപ്പ് വകവെക്കാതെ വീണ്ടും തമിഴ്‌നാട് ഷട്ടറുകള്‍ തുറക്കുകയായിരുന്നു.

ഇതിനെതിരെ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം എംപിമാരുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് തമിഴ്‌നാടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ലേക്‌സഭയില്‍ അദ്ദേഹം പ്രതിഷേധവും ഉന്നയിച്ചിരുന്നു. തമിഴ്‌നാടിന്റെ ഈ നടപടിക്കെതിരെ കേരളം ഇന്ന് സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ്. സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ബുധനാഴ്ച പുതിയ അപേക്ഷ നല്‍കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചതോടെ ആശങ്കയിലാണ് പെരിയാറിലെ നിവാസികള്‍. മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പലപ്പോഴും ഡാം തുറക്കുന്നതെന്നും പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറിയെന്നും ജനങ്ങള്‍ പറയുന്നു.

ഇതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്നുവിടുന്ന തമിഴ് നാടിന്റെ സമീപനത്തിനെതിരെ കേരളം നടപടിയെടുക്കുന്നില്ല എന്ന വിമര്‍ശനം ജനങ്ങള്‍ക്കിടയിലും ശക്തമായിരുന്നു ഇതോടെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അതേ സമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് എത്തിയിരുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ആരെയോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നതെന്നും മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറില്‍ നിന്നും രാത്രികാലങ്ങളില്‍ വെള്ളം ഒഴുകി വിടുകയാണെന്നും പെരിയാര്‍ തീരത്തെ ജനങ്ങള്‍ അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാണ് ജിവീക്കുന്നതെന്നും സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഇതേക്കുറിച്ച് ഒന്നു പ്രതികരിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്നും വിഡി സതീശന്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു.

അതേ സമയം, മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഡോ. ജോ ജോസഫും സത്യവാങ്മൂലം നല്‍കിയിരുന്നു. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നല്‍കിയതെന്നാണ് അറിയുന്നത്. രാത്രി സമയങ്ങളില്‍ മുന്നറിയിപ്പ് പോലും നല്‍കാതെ തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളം തുറന്നുവിടുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ജോ ജോസഫ് സുപ്രീംകോടതയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മേല്‍നോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടല്‍ വേണമെന്നും മേല്‍നോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും സത്യവാങ്മൂലത്തില് ജോ ജോസഫ് പറയുന്നു.
Recommended Video

മുല്ലപ്പെരിയാറില്‍ നിന്ന് അധികജലം എത്തിയ സാഹചര്യത്തില്‍ ഇടുക്കി ഡാം ഇന്നലെ തുറന്നിരുന്നു. ഒരു ഷട്ടര്‍ 60 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ അറുപതിനായിരം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിട്ടത്. ആവശ്യമെങ്കില്‍ ഇത് 150 ക്യൂമേക്‌സ് വരെ ഉയര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഒന്നര മാസത്തിനിടെ ഈ വര്‍ഷം നാലാം തവണയാണ് ഇടുക്കി ഡാം തുറക്കുന്നത്. ജലനിരപ്പ് 2401 അടിയിലേക്ക് ക്രമീകരിക്കുന്നത് വരെ വെള്ളം തുറന്നു വിടും എന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. പെരിയാറില്‍ കാര്യമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ല എങ്കിലും തീരങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. 2401.58 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.












Click it and Unblock the Notifications