കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിരാനില്‍ ടാങ്കര്‍ മറിഞ്ഞ് ഫിനോള്‍ ചോര്‍ച്ച

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ദേശീയപാത കുതിരാനില്‍ ഫിനോള്‍ കയറ്റി വന്ന ടാങ്കര്‍ലോറി താഴ്ചയിലേക്ക് മറിഞ്ഞു. വന്‍തോതില്‍ ഫിനോള്‍ ചോര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 1.45 നാണു സംഭവം. കൊച്ചി ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്കല്‍ കെമിക്കല്‍സില്‍നിന്നു മഹാരാഷ്ട്ര ദീപക് ഫെഡ്‌ലൈസേഷന്‍ പെട്രോ കെമിക്കത്സിലേക്ക് ഫിനോളുമായി പോകുന്ന ടാങ്കര്‍ലോറി പാലക്കാട് ഭാഗത്തുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്ന കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചാണു താഴ്ചയിലേക്ക് മറിഞ്ഞത്. മറിഞ്ഞതിന്റെ ആഘാതത്തില്‍ ടാങ്കറിന്റെ വിവിധ ഭാഗങ്ങളില്‍ ചോര്‍ച്ചയുണ്ടായി.

phenoil

ചെറിയതോതില്‍ മഴയുണ്ടായതിനാല്‍ കുതിരാന്‍ മലമുകളില്‍നിന്ന് ഒഴുകിവരുന്ന നീര്‍ച്ചാലിലെ വെള്ളത്തില്‍ ഫിനോള്‍ കലര്‍ന്നു. സംഭവം അറിഞ്ഞ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ഫോഴ്‌സ് നീര്‍ച്ചാലിലേക്ക് ഒലിച്ചിറങ്ങുന്ന ഫിനോള്‍ തൊട്ടടുത്ത പറമ്പിലേക്കു തിരിച്ചുവിട്ടു. അവിടെ ഹിറ്റാച്ചിവച്ച് കുഴിയെടുത്ത് കുഴിയില്‍ പ്ലാസ്റ്റിക് കവര്‍ വിരിച്ച് അതിലേക്ക് ചാടിച്ചു. ഇതോടെ ഫിനോള്‍ മണലിപ്പുഴയിലേക്ക് ഒഴുകുന്നതിനുള്ള സാധ്യത ഇല്ലാതാക്കി. വളരെ വീര്യംകൂടിയ കൊറോസീസ് ഇനത്തില്‍പ്പെട്ട ഹോഡ്രോ ഫിനോള്‍ ആണ് ഇത്. അതിനാല്‍ വെള്ളത്തില്‍ കലരുന്നത് അപകടകരമാണ്.

ഒരുലിറ്റര്‍ ഫിനോള്‍ 1000 ലിറ്റര്‍ വെള്ളത്തിലേ ലയിക്കുകയുള്ളൂ. ഈ മാരകമായ രാസവസ്തു ശരീരത്തിലെ മുറിവുകളില്‍ പറ്റിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. അര്‍ധരാത്രിയില്‍ സംഭവം നടന്നിട്ടും എച്ച്.ഒ.സിയുടെ ഉദ്യോഗസ്ഥര്‍ എത്തിയത് രാവിലെ 8.30ന് ആണ്. ഇത് ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കിടയിലും നേരിയ പ്രതിഷേധത്തിനിടയാക്കി. എച്ച്.ഒ.സിയുടെ ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പുതന്നെ പീച്ചി പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാഹനം ഉയര്‍ത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് മൂന്ന് ക്രെയിന്‍ ഉപയോഗിച്ച് 11 മണിയോടെ ടാങ്കര്‍ ലോറി ഉയര്‍ത്തി.

അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ചെറിയതോതില്‍ പരുക്കുപറ്റിയിട്ടുണ്ട്. എം.എല്‍.എ. കെ. രാജന്‍, പഞ്ചായത്ത് പ്രസിഡന്റ് അനിത വാസു, തൃശൂര്‍ എ.സി.പി. വി.കെ. രാജു, പീച്ചി പോലീസ്, ഫയര്‍ഫോഴ്‌സ്, എ.ഡി.എം. ലതിക സി., ദുരന്തനിവാരണ അഥോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ബാബു സേവിയര്‍, തഹസില്‍ദാര്‍ ചന്ദ്രബാബു, ഡി.എം.ഒ. ബേബി ലക്ഷ്മി എന്നിവര്‍ സംഭവസ്ഥലത്തെത്തി.

ദുരന്തമൊഴിവാക്കിയത് ഫയര്‍ഫോഴ്‌സിന്റെ ഇടപെടല്‍


ദേശീയപാതയില്‍ ഉണ്ടായ ഫിനോള്‍ ലോറി അപകടത്തില്‍ ശ്രദ്ധേയമായത് തൃശൂര്‍ ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനമാണ്. രാത്രി 1.45ന് ഉണ്ടായ അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ പീച്ചി പോലീസ് ആണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് 2.30ന് സ്ഥലത്തെത്തി. ടാങ്കര്‍ ലോറി മറിഞ്ഞു എന്ന അറിവ് മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. അതിനകത്തുള്ള മാരകമായ ദ്രാവകം എന്താണെന്നു പിടിയില്ലായിരുന്നു.


മറിഞ്ഞ ടാങ്കറിനടുത്തെത്തിയപ്പോഴാണു ഫിനോളിനെക്കുറിച്ച് അറിയുന്നത്. നല്ലരീതിയില്‍ ഫിനോള്‍ ചോരുന്നുണ്ടായിരുന്നു. ഇത് ശരീരത്തില്‍ ആയാല്‍ പൊള്ളലും ശ്വസിച്ചാല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുമെങ്കിലും ഇതെല്ലാം മറന്നു പ്രവര്‍ത്തിച്ചു. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും വിലകൊടുത്തുകൊണ്ട് ചോര്‍ന്നൊലിക്കുന്ന മാരകമായ ദ്രാവകത്തിനെ നീര്‍ച്ചാലിലെ വെള്ളത്തില്‍നിന്നു കമ്മട്ടി ഉപയോഗിച്ച് ഗതിമാറ്റി വിട്ടു. വന്‍ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്.


തുടര്‍ന്ന് ഹിറ്റാച്ചി ഉപയോഗിച്ച് തൊട്ടടുത്ത പറമ്പില്‍ ഒരു കുഴി നിര്‍മിച്ച് അതിലേക്ക് ഫിനോള്‍ ഒഴുക്കിവിട്ടു. ഇതിനിടയില്‍ ഒരു ജീവനക്കാരന് ചെറിയരീതിയില്‍ പൊള്ളലേറ്റു. തുടര്‍ന്ന് ടാങ്കര്‍ലോറി എടുത്തുമാറ്റിയതിനുശേഷം ഏകദേശം മൂന്നുമണിയോടെയാണ് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ സ്ഥലത്തുനിന്നു പോയത്. ജില്ലാ ഫയര്‍ ഓഫീസര്‍ സുജിത്ത്, സ്‌റ്റേഷന്‍ ഓഫീസര്‍ എ.എല്‍. ലാസര്‍, ലീഡിങ് ഫയര്‍മാന്‍ ഹരി എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയത്.


കിണറുകളിലെ ജലം ഉപയോഗിക്കരുത്


ഫിനോള്‍ കയറ്റിവന്ന വാഹനമറിഞ്ഞുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഒല്ലൂര്‍ എം.എല്‍.എ. അഡ്വ. കെ. രാജന്റെ അധ്യക്ഷതയില്‍ പാണഞ്ചേരി പഞ്ചായത്തില്‍ ചേര്‍ന്നു. ആമുഖ പ്രശ്‌നങ്ങള്‍ എ.ഡി.എം. ലതിക വിശദീകരിച്ചു. ഫിനോള്‍ ടാങ്കര്‍ മറിഞ്ഞ സമയങ്ങളില്‍ എച്ച്.ഒ.സി. കമ്പനിയുടെ പ്രവര്‍ത്തനം തൃപ്തികരമായില്ലെന്നും ഉണര്‍ന്നു പ്രവര്‍ത്തിച്ച പോലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും ഒല്ലൂര്‍ എം.എല്‍.എ. അഡ്വ. കെ. രാജന്‍ പറഞ്ഞു.


എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരും അതാത് വകുപ്പുകളില്‍ ഇടപെടല്‍ കൃത്യമായി മുന്നോട്ട് പോകുന്നതിനാവശ്യമായ കാര്യങ്ങള്‍ നിര്‍വഹിക്കണം എന്നും എം.എല്‍.എ. ഓര്‍മിപ്പിച്ചു. അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് എച്ച്.ഒ.സി. കമ്പനിയും ഇടപെടല്‍ കൃത്യമായി ഉണ്ടാകും എന്ന് യോഗത്തില്‍ ഉറപ്പ് നല്‍കിയതായി എം.എല്‍.എ. അറിയിച്ചു. അപകടം നടന്ന സ്ഥലത്തെ ജനങ്ങള്‍ ഒരു അറിയിപ്പ് ലഭിക്കുന്നതുവരെ കിണറുകളിലേയും മറ്റു ജലാശയങ്ങളിലേയും വെള്ളം ഉപയോഗിക്കരുതെന്നു നിര്‍ദേശം നല്‍കി. കുടിവെള്ളം പഞ്ചായത്ത് നേരിട്ട് എത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ നിര്‍വഹിക്കും. ഇതിനുള്ള പണം എച്ച്.ഒ.സി. കമ്പനി നല്‍കും.


ഫിനോള്‍ ജലാശയങ്ങളില്‍ വ്യാപിക്കാതിരിക്കാന്‍ ചാര്‍ക്കോള്‍, കുമ്മായം എന്നിവ ഉപയോഗിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനം നടത്താനും തീരുമാനിച്ചു. ഇന്ന് വൈകിട്ട് മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് ആരോഗ്യ വകുപ്പ് വഴുക്കുംപാറ കറുത്തെടത്തു ബില്‍ഡിങ്ങില്‍ പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ചു. ഒരു ഡോക്ടറുടെ സൗകര്യവും ഉണ്ടായിരിക്കും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശ വര്‍ക്കേഴ്‌സ് തുടങ്ങിയവര്‍ ചേര്‍ന്ന് നാളെ ഈ പ്രദേശങ്ങളില്‍ വീടുകള്‍ കയറി ബോധവത്കരണം നടത്തും. നാളെ 10 മണി മുതല്‍ വഴുക്കുംപാറ അംഗനവാടിയിലും മെഡിക്കല്‍ ക്യാമ്പ് ഒരുക്കും.


ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ബാബു സേവിയറിനെ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല നിര്‍വഹിക്കുന്നതിനായി ഏല്‍പ്പിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത വാസു, വൈസ് പ്രസിഡന്റ് അബൂബക്കര്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ചന്ദ്രന്‍, ഡി.എം.ഒ, ഇറിഗേഷന്‍ എന്‍ജിനീയര്‍, വാട്ടര്‍ അഥോറിട്ടി എന്‍ജിനീയര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എം.എല്‍.എ. കെ. രാജന്റെ തക്കസമയത്തുള്ള ഇടപെടല്‍ ജനങ്ങള്‍ നേരിടാന്‍ പോകുന്ന വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് എതിരെയുള്ള സുരക്ഷ ശക്തമാക്കി.

ഫിനോള്‍ ദുരന്തം ദേശീയപാതയില്‍ രണ്ടാം തവണ


തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ രണ്ടാംതവണയാണ് ഫിനോള്‍ കയറ്റിയ ടാങ്കര്‍ മറിയുന്നത്. 25 വര്‍ഷം മുമ്പ് 1993 ജൂണ്‍ 24 നാണ് നാടിനെ നടുക്കിയ ആദ്യ ദുരന്തം കൊമ്പഴയിലുണ്ടായത്. പീച്ചിഡാമിനു സമീപം മറിഞ്ഞ ടാങ്കറില്‍നിന്ന് വൃഷ്ടിപ്രദേശത്തേക്ക് ഫിനോള്‍ ഒലിച്ചിറങ്ങി. അപകടമുണ്ടായ സ്ഥലത്തുനിന്നും രണ്ടുകിലോമീറ്റര്‍ താഴെ മണല്‍ച്ചാക്കുകള്‍ നിറച്ചു ചെക്ക് ഡാം നിര്‍മിച്ചാണു ജലാശയത്തെ സംരഷിച്ചത്. ചാര്‍ക്കോളിട്ടു വെള്ളം ശുചീകരിച്ചു.


പീച്ചി ഡാമിലെ ജലം മലിനമാകാതെ നോക്കിയെങ്കിലും സമീപത്തെ ജലാശയങ്ങളില്‍ വന്‍തോതില്‍ ഫിനോള്‍ അംശം നിറഞ്ഞു. ആറായിരം ലിറ്റര്‍ ഫിനോള്‍ നിറച്ച ടാങ്കറാണ് അന്ന് മറിഞ്ഞത്. പതിനായിരക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന പീച്ചിഡാമിനെത്തന്നെ വിറപ്പിച്ച അതേ ദുരന്തത്തെ ഓര്‍മപ്പെടുത്തുന്ന ഒരു അപകടമാണ് ഇന്നലെയുമുണ്ടായത്. കേരളത്തില്‍ ആദ്യമായാണു 1993 ല്‍ ഫിനോള്‍ ദുരന്തമുണ്ടായത് രക്ഷാപ്രവര്‍ത്തനത്തിന് സാഹചര്യങ്ങളും സൗകര്യങ്ങളും കുറഞ്ഞ ആ കാലഘട്ടത്തില്‍നിന്ന് 25 വര്‍ഷം പിന്നിട്ടിട്ടും അപകട സാധ്യതകളില്‍ മാറ്റമില്ലെന്നതു വ്യക്തം.

English summary
tanker lorry accident in kuthiranil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X