താനൂർ ബോട്ടപകടം: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് 2018 സിനിമ നിർമ്മാതാക്കള്‍
മലപ്പുറം: താനൂരില്‍ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2018 സിനിമയുടെ നിർമാതാക്കള്‍ ധനസഹായം നല്‍കും. രണമടഞ്ഞ 22 പേരുടെ കുടുംബങ്ങൾക്കും ഒരുലക്ഷം രൂപ വീതമാണ് 2018 ടീം സഹായമായി നൽകുകയെന്ന് നിർമ്മാതാക്കള്‍ അറിയിച്ചു. മാതൃഭൂമിയാണ് ഇത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
'താനൂരിൽ വിനോദ സഞ്ചാര ബോട്ട് മുങ്ങി ഇരുപതിലധികം പേർ മരണപ്പെട്ട ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണ്. ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. രാത്രി ഏറെ വൈകിയും രക്ഷാപ്രവർത്തനത്തിൽ സജീവമായ മന്ത്രിമാരടക്കമുള്ള ജന പ്രതിനിധികൾ, നാട്ടുകാർ, മത്സ്യ തൊഴിലാളികൾ, പോലീസ്, ഫയർഫോഴ്‌സ്, സന്നദ്ധ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെയെല്ലാം ശ്രമങ്ങൾ വിലമതിക്കുന്നതാണ്. മരണമടഞ്ഞവർക്ക് പ്രാർത്ഥനയോടെ വിട'- നിർമാതാക്കളില്‍ ഒരാളായ ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

അപകടത്തില്‍ മരണപ്പെട്ട ഓരോ ആളുകളുടെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. താനൂരിൽ ദുരന്ത മേഖല സമർശിക്കാനെത്തിയ മുഖ്യമന്ത്രി ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു. ബോട്ടപകടവുമായി ബന്ധപ്പെട്ട് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ പ്രധാനമന്ത്രിയും അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, താനൂരിലുണ്ടായത് മനുഷ്യ നിര്‍മ്മിതമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ഇത്തരം ദുരന്തങ്ങള്‍ സംസ്ഥാനത്ത് ഒരിടത്തും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ബോട്ടിന് ലൈസന്‍സുണ്ടോയെന്ന് പോലും ബന്ധപ്പെട്ടവര്‍ക്ക് അറിയില്ല. ലൈസന്‍സുണ്ടെങ്കില്‍ പോലും ഒരിടത്തും വൈകിട്ട് ആറ് മണിക്ക് ശേഷം ബോട്ടോടിക്കാന്‍ അനുവദിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായും ലൈസന്‍സില്ലാതെയുമാണ് ബോട്ട് സര്‍വീസെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും അത് പരിശോധിക്കാന്‍ അധികൃതര്‍ തയാറായില്ല. ഇനിയും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാമെന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ലൈസന്‍സുകള്‍ പരിശോധിക്കാനും ലൈസന്‍സുള്ളവ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്നും സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടോയെന്നും അടിയന്തിരമായി പരിശോധിക്കണം. ആരുടെ ശിപാര്‍ശയിലാണ് നിയമവിരുദ്ധ സര്‍വീസിന് ഉദ്യോഗസ്ഥര്‍ കണ്ണടച്ചതെന്നും അന്വേഷിക്കണം.
പാവങ്ങളായ കുടുംബങ്ങളിലെ അംഗങ്ങളാണ് മരിച്ചത്. അവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും സര്‍ക്കാര്‍ നല്‍കണം. ജുഡീഷ്യല്‍ റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കാതെ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ച് സംസ്ഥാനത്ത് ഒരിടത്തും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications