താനൂരില്‍ ഇന്നും തിരച്ചില്‍, നാസറിനെതിരെ കൂടുതല്‍ കുറ്റം ചുമത്തും: ദുരന്തബാധിതരെ സഹായിക്കാന്‍ ലീഗും
മലപ്പുറം: താനൂരില്‍ ബോട്ടപകടം ഉണ്ടായ സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേർന്നിട്ടുണ്ട്. ഇനി ആരെയും കണ്ടെത്താന്‍ ഉള്ളതായി റിപ്പോർട്ട് ഇല്ലെങ്കിലും തിരച്ചില്‍ ഇന്ന് കൂടി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ബോട്ടില്‍ എത്ര പേർ കയറിയിരുന്നു എന്നതിന്റെ കൃത്യമായ കണക്ക് കിട്ടാത്തതും പ്രതിസന്ധിയായി.
അതേസമയം, അറസ്റ്റിലായ ബോട്ടുടമ നാസറിനെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. നാസറിനെ ഇന്നലെ കോഴിക്കോട് നിന്നും പിടി കൂടിയിരുന്നെങ്കിലും ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. പ്രതിയെ കൊണ്ടുവരുമെന്ന സൂചന ലഭിച്ചതോടെ നിരവധി ആളുകള്‍ ഇന്നലെ സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടിയിരുന്നു. രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ നാസറിനെ ഇന്നലെ തന്നെ പൊലീസ് വിശദമായി ചോദ്യം ചെയ്തെന്നാണ് സൂചന. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവരെ സഹായിക്കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു. അപകടത്തിൽ ഒരു വീട്ടിലെ 11 പേർ മരിച്ചിരുന്നു. ഈ കുടുംബത്തിലെ ഉറ്റവർക്കാണ് വീട് വെച്ചുനൽകാൻ മുസ്ലിം ലീഗ് തീരുമാനിച്ചു. പതിനൊന്നു പേർ മരണപ്പെട്ട പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ കുടുബത്തിന്റെ വീടെന്ന സ്വപ്നം മുസ്‌ലിംലീഗ് സാക്ഷാൽക്കരിക്കുമെന്നാണ് പാർട്ടി ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിച്ചത്.
പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ പരേതനായ കുന്നുമ്മൽ അബൂബക്കറിന്റെ മക്കളായ സൈതലവിയുടെയും സിറാജിന്റെയും ഭാര്യമാരും മക്കളുമാണ് ബോട്ടപകടത്തിൽ മരിച്ച 9 പേർ. ഇവരുടെ സഹോദരിയും മകളുമടക്കം ഈ കുടുംബത്തിന് നഷ്ടപ്പെട്ടത് 11 വിലപ്പെട്ട ജീവനുകളാണ്. ഈ കുടുംബത്തിനാണ് മുസ്‌ലിംലീഗ് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്.
താനൂർ ഓലപ്പീടികയിൽ പിതാവും രണ്ടു സഹോദരങ്ങളും ബോട്ടപകടത്തിൽ നഷ്ടപ്പെട്ട ജുനൈദ് (15), ഫാതിമ റജുവ (7) എന്നിവരുടെ തുടർ വിദ്യാഭ്യാസ ചിലവുകൾ വഹിക്കാനും പാർട്ടി തീരുമാനിച്ചു. ജൂനൈദിന്റെ പിതാവ് കാട്ടിൽപീടിയേക്കൽ സിദ്ദീഖും മറ്റു രണ്ടു മക്കളും ബോട്ടപകടത്തിൽ മരണപ്പെട്ടു. മറ്റു ദൂരിതബാധിതരുടെ കാര്യങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്യാനും സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര നേതൃയോഗം തീരുമാനിച്ചു.












Click it and Unblock the Notifications