Get Updates
Get notified of breaking news, exclusive insights, and must-see stories!

താനൂർ ബോട്ടപകടം: മന്ത്രി രാജിവെക്കണമെന്ന് സുരേന്ദ്രന്‍, ഉത്തരവാദിത്തം സർക്കാറിനെന്ന് സുധാകരനും

മലപ്പുറം: താനൂർ ബോട്ട് അപകടം ഭരണകൂടം "സ്പോൺസർ ചെയ്ത കൂട്ടക്കൊല " യ്ക്ക് തുല്യമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ടൂറിസം വകുപ്പും ടൂറിസം മന്ത്രിയും ആണ് ഇതിന്റെ പ്രധാന ഉത്തരവാദികൾ . എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം ബോട്ടുകൾ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് യാത്രകൾ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താനൂരിൽ നിന്നുള്ള ബോട്ടപകടത്തിന്റെ വാർത്ത കേട്ടപ്പോൾ ഹൃദയം നുറുങ്ങി പോകുന്ന വേദനയാണ് തോന്നിയത്. പിഞ്ചുകുഞ്ഞുങ്ങൾ അടക്കം 22 ജീവനുകളാണ് നഷ്ടപ്പെട്ടത്.

നമ്മെ വിട്ടുപിരിഞ്ഞവർക്ക് ആദരാഞ്ജലികൾ. അവരുടെ ഉറ്റവർക്കും ഉടയവർക്കും ഈ വിയോഗങ്ങൾ താങ്ങാനുള്ള മനക്കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയിൽ അല്ല താനൂർ സംഭവത്തെ കാണേണ്ടത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും ഈ ദാരുണ സംഭവത്തിലേക്ക് വഴി തെളിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ബീച്ചുകളിൽ സാഹസികമായ ബോട്ട് യാത്രകൾ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടു കൂടി ഇത്തരം വിനോദങ്ങൾ നടത്തപ്പെടുന്നത്. അത്തരത്തിൽ അനധികൃതമായി നടത്തിയ ഒരു ബോട്ട് സർവീസ് ആണ് ഇന്നലെ ദുരന്തത്തിൽ കലാശിച്ചതെന്നും അദ്ദേഹം പറയുന്നു.

 ksudharan

രാഷ്ട്രീയ ധാർമികത എന്നത് സിപിഎമ്മിന്റെ ഏഴയലത്ത് കൂടി പോയിട്ടില്ലാത്തതുകൊണ്ട് ഈ ദുരന്തത്തിൽ ടൂറിസം മന്ത്രിയുടെ രാജി ഒന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നില്ല. പക്ഷേ സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത 22 ജീവനുകൾ എടുത്ത കാര്യം പ്രബുദ്ധ കേരളം കണ്ണു തുറന്നു കാണണം.താനൂർ ബോട്ട് അപകടത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചകളിൽ ശക്തമായ നടപടികൾ എടുക്കുവാനും സർക്കാർ തയ്യാറാകണം. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് ഉചിതമായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് തന്നെ സർക്കാർ നൽകണമെന്നും കെ പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

കേരളത്തിൽ ബോട്ട് സർവീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് താനൂർ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും അഭിപ്രായപ്പെട്ടു. അൽപ്പം ഉളുപ്പുണ്ടെങ്കിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണം. കേരളത്തിൽ എത്ര ഹൗസ്ബോട്ടുകളുണ്ടെന്നോ അത് എങ്ങനെയാണ് സർവ്വീസ് നടത്തുന്നതെന്നോ ടൂറിസം വകുപ്പിന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ടൂറിസത്തിന്റെ മാഹാത്മ്യത്തിനെ കുറിച്ച് കോടികൾ ചിലവഴിച്ച് പരസ്യം കൊടുക്കുന്ന റിയാസ് എന്തുകൊണ്ടാണ് ഹൗസ്ബോട്ടിന് വേണ്ടി ഒരു ഏകീകൃത സംവിധാനം ഉണ്ടാക്കാൻ ശ്രമിച്ചില്ലെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഒരു മൊബൈൽ ആപ്പ് ഉണ്ടാക്കാൻ പോലും ഈകാര്യത്തിൽ സർക്കാർ തയ്യാറായില്ല. തട്ടേക്കാട്, തേക്കടി ബോട്ടപകടങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സർക്കാർ അവഗണിച്ചതാണ് വീണ്ടും ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം.

Hair care:വേനലിലും മുടി പട്ടുപോലെ തിളങ്ങും: ചെയ്യേണ്ടത് ഇത്രമാത്രം

കേരളത്തിലെ ബോട്ട് സർവ്വീസുകൾ അപടകരമാംവിധത്തിലാണ് പോകുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടും മന്ത്രിയും ടൂറിസം വകുപ്പും അതെല്ലാം അവഗണിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ കൃത്യമായ സുരക്ഷാ നടപടികൾ ബോട്ട് സർവ്വീസിന്റെ കാര്യത്തിൽ ഉണ്ടാകുമ്പോൾ കേരളത്തിൽ എല്ലാം തോന്നിയപോലെയാണ് നടന്നിരുന്നത്. ഹൗസ്ബോട്ട് ഡ്രൈവർമാർക്ക് വേണ്ട പരിശീലനമോ ബോട്ടിൽ കയറുന്നവർക്ക് സേഫ്റ്റ് ബ്രീഫിംഗോ ഇവിടെ ലഭിച്ചിരുന്നില്ലെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണം. സംഭവത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ഉടനടി പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടി സ്വാഗതാർഹമാണ്.

ലൈസൻസും ഫിറ്റ്നസും ഇല്ലാത്ത ബോട്ടുകൾക്ക് കേരളത്തിൽ സർവ്വീസ് നടത്താൻ ഒത്താശ ചെയ്യുന്നതിൽ വലിയ അഴിമതിയുണ്ടെന്ന് ഉറപ്പാണ്. ജനങ്ങളുടെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ടൂറിസം മന്ത്രി ഓർമ്മിക്കണം. 22 പേരുടെ ജീവന് ടൂറിസം മന്ത്രിയും മുഖ്യമന്ത്രിയും മറുപടി പറഞ്ഞേതീരുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+