താനൂര്‍ ബോട്ടപകടത്തില്‍ ഇടപെട്ട് ഹൈക്കോടതി; കണ്ണടച്ചിരിക്കാനാവില്ല, കേസെടുക്കാന്‍ നിര്‍ദേശം
കൊച്ചി: താനൂര്‍ ബോട്ടപകടത്തില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവത്തില്‍ കേസെടുക്കാന്‍ രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിയും നഗരസഭയും ജില്ലാ പോലീസ് മേധാവിയും, കളക്ടറും, പോര്‍ട്ട് ഓഫീസറും എതിര്‍ കക്ഷികളാവും. ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന് ഹൈക്കോടതി ചോദിച്ചു.
ഇത് ഇനിയും തുടരാന്‍ അനുവദിക്കില്ല. സംസ്ഥാനത്ത് നൂറു കണക്കിന് ബോട്ടുകളുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് ഉള്ളത്. ഹൃദയത്തില്‍ നിന്ന് രക്തം പൊടിയുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

നേരത്തെ പോര്‍ട്ടിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കുറിച്ചുള്ള വിവരങ്ങള്‍ ഹൈക്കോടതി തേടിയിരുന്നു. 22 പേരാണ് താനൂരിലെ അപകടത്തില്‍ ദാരുണമായി മരിച്ചത്. 15 കുട്ടികള്‍ അടക്കം ഇതിലുണ്ടായിരുന്നു.
ഇന്‍ലാന്‍ഡ് നാവിഗേഷന്റെ ചുമതല ആര്‍ക്കാണെന്ന് കോടതി ചോദിച്ചു. നടപടിയുമായി മുന്നോട്ട് പോവുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒപ്പം രൂക്ഷമായ വിമര്‍ശനങ്ങളും കോടതി ഉന്നയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ കൃത്യമായ നടപടിയുണ്ടാവാത്തതെന്ന് കോടതി ചോദിച്ചു.
ഇത് ആദ്യമായിട്ടല്ല കേരളത്തില്‍ ഇത്തരമൊരു ദുരന്തമുണ്ടാകുന്നത്. ഇതുപോലെ ദുരന്തമുണ്ടാകുന്ന ഓരോ അവസരത്തില്‍ എന്തെങ്കിലുമൊരു അന്വേഷണം നടക്കും. ചില നിര്‍ദേശങ്ങളുണ്ടാകും. അതോടെ കഴിഞ്ഞു. എല്ലാം നമ്മള്‍ മറക്കും. അത് വീണ്ടും ആവര്‍ത്തിക്കും. ആളുകള്‍ മരിക്കും. ഒരാളും ഇതില്‍ ഉത്തരവാദിയാകുന്നില്ല. വെറും ഓപ്പറേറ്റര്‍ മാത്രമാണ് കുടുങ്ങുന്നതെന്നും കോടതി പറഞ്ഞു.
ഇനിയും ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാവില്ല. പക്ഷേ ഒരു ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമായി ഇതൊന്നും ചെയ്യാനാവില്ല. അയാള്‍ക്ക് വേറെയും പലയിടത്ത് നിന്നും സഹായം ലഭിച്ചിട്ടുണ്ടാവും. അല്ലാതെ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കില്ല. എന്താണ് പ്രശ്‌നത്തിന്റെ മൂലകാരണം എന്ന് കണ്ടെത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഒരുപാട് മരണങ്ങള്‍ ഇത്തരത്തില്‍ കാണേണ്ടി വരുന്നത് ഞെട്ടിപ്പിക്കുന്നതാണ്. അതും കേരളം പോലൊരു സംസ്ഥാനത്താണെന്ന് പറയുമ്പോള്‍ വല്ലാതെ ഞെട്ടലുണ്ടാക്കുന്നത്. ആരാണ് ആ ഏരിയയിലെ പോര്‍ട്ട് ഓഫീസറെന്നും കോടതി ചോദിച്ചു. രാവിലെ പത്തേകാലിന് സിറ്റിംഗ് ആരംഭിച്ചപ്പോള്‍ തന്നെയായിരുന്നു കോടതി രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്.
പിന്നീട് കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ വിമര്‍ശനം കടുപ്പിക്കുകയായിരുന്നു കോടതി. പോര്‍ട്ട് ഓഫീസര്‍ ആരാണെന്ന് അഞ്ച് മിനുട്ടിനുള്ളില്‍ അറിയിക്കാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. അപകടത്തില്‍ മരിച്ചവരില്‍ ഒട്ടേറെ കുട്ടികളുണ്ട്. അതുകൊണ്ട് തന്നെ ഇത്തരമൊരു അപകടത്തിന് നേരെ കണ്ണടച്ചിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications