താനൂര്‍ കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക് കൈമാറി
തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. ലഹരി കേസില്‍ താമിര്‍ ജിഫ്രിയെന്ന യുവാവിനെ അറസ്റ്റ് ചെയ്യുകയും, പ്രതി കസ്റ്റഡിയില്‍ മരിക്കുകയും ചെയ്ത സംഭവത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറിയിരിക്കുന്നത്. ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച് കൊണ്ടിരിക്കുന്ന കേസാണിത്.
അതേസമയം താമിര്‍ ജിഫ്രിയുടെ കുടുംബം കേസ് സിബിഐക്ക് കൈമാറിയതിനെ സ്വാഗതം ചെയ്തു. കുടുംബത്തിന്റെ ആവശ്യം പോലീസിന് പുറത്തുള്ള ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു. സിബിഐ അന്വേഷണത്തിലൂടെ താമിര്‍ ജിഫ്രിയുടെ മരണത്തിലെ വസ്തുത പുറത്തുവരുമെന്ന് സഹോദരന്‍ ഹാരിസ് ജിഫ്രി പറഞ്ഞു. ക്രൈംബ്രാഞ്ച് ഉള്‍പ്പെടെ കേസ് പോലീസില്‍ ആര് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടിലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പറഞ്ഞിരുന്നു.

കസ്റ്റഡി മരണത്തില്‍ തുടക്കം മുതല്‍ പോലീസ് സ്വീകരിച്ച് വന്ന നടപടി വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ എട്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം താമിര്‍ ജിഫ്രിയെ ക്രൂരമായി മര്‍ദിക്കാന്‍ ഉപയോഗിച്ചെന്ന് പറയുന്ന പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. ഇവിടെ നിന്ന് രക്തക്കറ കണ്ടെത്തി. എംഡിഎംഎ പൊതിയാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പ്ലാസ്റ്റിക് കവറുകളും ഇവിടെ നിന്ന് കണ്ടെടുത്തു.
തുടര്‍ന്ന് അന്വേഷണ സംഘം ക്വാര്‍ട്ടേഴ്‌സ് സീല്‍ ചെയ്തു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.കഴിഞ്ഞ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. എട്ട് പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശരീരത്തില്‍ 21 മുറിവുകളാണ് ഉണ്ടായിരുന്നത്.
അമിത അളവില്‍ ലഹരി വസ്തു ശരീരത്തില്‍ എത്തിയതും, കസ്റ്റഡിയിലെ മര്‍ദ്ദനവും മരണ കാരണമായെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. അതേസമയം ഇയാള്‍ മരിച്ച് 12 മണിക്കൂറിന് ശേഷമാണ് പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചത്. അത്രയും സമയം ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കാത്തത് രാസ പരിശോധനയെ ബാധിക്കുമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട് ലാത്തി കൊണ്ട് അടിച്ച പാടുകളും ശരീരത്തിലുണ്ട്.












Click it and Unblock the Notifications