താനൂര്‍ സ്വര്‍ണക്കവര്‍ച്ച; ഇടപാടുകാരനെ ഒഴിഞ്ഞിടത്തേക്ക് വിളിച്ചുവരുത്തി, നഷ്ടമായത് 1.75 കോടിയുടെ സ്വര്‍ണം
മലപ്പുറം: ജില്ലയിലെ ജ്വല്ലറികളില്‍ വിതരണത്തിന് കൊണ്ടുവന്ന കോടികളുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പോലീസ് വലയിലായി എന്ന് സൂചന. വെള്ളിയാഴ്ച വൈകീട്ട് നടന്ന സംഭവത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പോലീസ് ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണും പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതത്രെ.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്ര സ്വദേശികളുടെ സ്വര്‍ണമാണ് കവര്‍ന്നത് എന്നാണ് വിവരം. മഹാരാഷ്ട്ര സ്വദേശിയാണ് മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളില്‍ വിതരണത്തിന് സ്വര്‍ണവുമായി എത്തിയതത്രെ. സ്വര്‍ണവും തങ്കവുമടക്കം 1.75 കോടി രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത് എന്നാണ് പരാതി. പരാതിക്കാരനെ സംബന്ധിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

മഞ്ചേരിയിലെ ജ്വല്ലറികളില്‍ സ്വര്‍ണം വിതരണം ചെയ്ത ശേഷം കോട്ടയ്ക്കലിലേക്ക് വരികയായിരുന്നുവത്രെ പരാതിക്കാരന്‍. ഈ വേളയില്‍ വെന്നിയൂരിലേക്ക് എത്തണമെന്നും തുറക്കാന്‍ പോകുന്ന പുതിയ ജ്വല്ലറിയിലേക്ക് സ്വര്‍ണം ആവശ്യമുണ്ടെന്നും പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു. വെന്നിയൂരിലെത്തിയ വിതരണക്കാരനോട് താനൂര്‍ ഒഴൂരിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്തെത്തിയ വേളയില്‍ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു എന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തായത്. ഇത്രയും അധികം സ്വര്‍ണം ഒരാള്‍ മാത്രമായി കൊണ്ടുവരുമോ എന്ന സംശയം ബാക്കിയാണ്. മാത്രമല്ല, ഇയാള്‍ ബൈക്കിലാണ് വന്നതെന്ന് പറയുന്നതിലും സംശയം നീങ്ങിയിട്ടില്ല. വലിയ അളവില്‍ സ്വര്‍ണം നഷ്ടമായ കേസായതിനാല്‍ വന്‍കിടക്കാര്‍ പിന്നിലുണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം, പ്രതികളെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചു എന്നാണ് സൂചന. എന്നാല്‍ പോലീസ് ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്താന്‍ പോലീസ് ആദ്യം തന്നെ ശ്രമിച്ചത്. അഞ്ചുപേരാണ് തന്നെ ആക്രമിച്ചത് എന്ന് പരാതിക്കാരന്‍ പറയുന്നു.
പരാതിയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ബാക്കിയാണ്. എല്ലാ വിഷയത്തില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമാകും പോലീസ് അന്വേഷണ വിവരങ്ങള്‍ പുറത്തുവിടുക. താനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇത്രയും സ്വര്‍ണവുമായി ഒരാള്‍ വരുന്നു എന്നത് പ്രതികള്‍ക്ക് എങ്ങനെ വിവരം ലഭിച്ചു എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വേഗത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ സാധിച്ചാല്‍ പോലീസിന് വലിയ നേട്ടമാകും.












Click it and Unblock the Notifications