'കാലം കാത്തുവെച്ച നിധി, സ്വന്തം പണി നോക്ക്'; ഫിറോസ് കുന്നംപറമ്പിലിനും വെട്ടികിളികള്‍ക്കും മറുപടി
മലപ്പുറം: ഫിറോസ് കുന്നംപറമ്പിലിനെതിരെ വിമർശനം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇപി രാജീവ്. ഞാൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയുള്ള യൂത്ത് കോൺഗ്രസിൻ്റെ ജില്ലാ സമ്മേളനത്തിൽ എനിക്ക് ശരി എന്നു തോന്നിയ ഒരു അഭിപ്രായം പറഞ്ഞതിൻ്റെ മേൽ ആണ് തവനൂരിലെ യു ഡി എഫ് സ്ഥാനാർഥി ആയിരുന്ന ഫിറോസ് എനിക്ക് സംഘിപ്പട്ടം ചാർത്തി തന്നതെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഇപി രാജീവ് അഭിപ്രായപ്പെടുന്നത്.
ആരുടേയും പണം വാങ്ങി പൊതുപ്രവർത്തനം നടത്തുന്ന ആളല്ല ഞാൻ. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ടാണ് ഞാൻ പൊതുപ്രവർത്തനം നടത്തുന്നത്. ആരുടെയും പണം വാങ്ങാത്തത് കൊണ്ട് എനിക്ക് ഒരു രാഷ്ട്രീയ അബദ്ധത്തെ ചിലരെ പോലെ ന്യായീകരിക്കാൻ സൗകര്യമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫിറോസ് കുന്നംപറമ്പില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഇപി രാജീവ് ഉയർത്തിയ വിമർശനം. ജില്ലയില്‍ കോണ്‍ഗ്രസിന് ആകെയുള്ള നാല് സീറ്റുകളില്‍ ഒന്നായ തവനൂരില്‍ ഫിറോസിനെ നൂലില്‍ കെട്ടിയിറക്കിയതിന് പിന്നില്‍ ആരാണെന്നും ചര്‍ച്ച ചെയ്യാതെ ഇത്തരത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെയാണ് രാജീവിന് മറുപടിയുമായി ഫിറോസ് കുന്നംപറമ്പിലും രംഗത്ത് വരുന്നത്. അന്തസുള്ള ഒരു കോണ്‍ഗ്രസുകാരനും തന്നെ വിമര്‍ശിക്കില്ലെന്നായിരുന്നു ഫിറോസിന്റെ പ്രതികരണം. സീറ്റ് ആവശ്യപ്പെട്ട് ഒരു നേതാവിന്റെ മുന്നിലും പോയിട്ടില്ല. മത്സരിക്കാന്‍ ആവശ്യപ്പെട്ട് നേതാക്കള്‍ എന്നെയാണ് സമീപിച്ചത്. ചെറുപ്പം മുതല്‍ ഇഷ്ടപ്പെട്ട നെഞ്ചില്‍ കൊണ്ടുനടന്ന പാര്‍ട്ടിയുടെ നേതാക്കളായിരുന്നു അതെന്നും ഫിറോസ് കുന്നംപറമ്പില്‍ അഭിപ്രായപ്പെട്ടു.
ഇപി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ ഫിറോസ് കുന്നുംപറമ്പിലും അദ്ദേഹത്തിൻ്റെ ചില വെട്ടുകിളികളും എനിക്കെതിരേ എന്തൊക്കെയോ പറഞ്ഞതായി അറിയാൻ കഴിഞ്ഞു.സംഘടനാപരമായ തിരക്കുകളും താനൂരിൽ ഉണ്ടായ അപകടവും എല്ലാം കാരണം എനിക്ക് ആ വിഷയത്തിലെ എൻ്റെ അഭിപ്രായം പറയാൻ സാധിക്കാതെ വന്നു.
ഞാൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയുള്ള യൂത്ത് കോൺഗ്രസിൻ്റെ ജില്ലാ സമ്മേളനത്തിൽ എനിക്ക് ശരി എന്നു തോന്നിയ ഒരു അഭിപ്രായം പറഞ്ഞതിൻ്റെ മേൽ ആണ് തവനൂരിലെ യു ഡി എഫ് സ്ഥാനാർഥി ആയിരുന്ന ഫിറോസ് എനിക്ക് സംഘിപ്പട്ടം ചാർത്തി തന്നത്. കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലാത്ത ഒരാളോട് എനിക്ക് എൻ്റെ കോൺഗ്രസ് പാരമ്പര്യം പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ട ബാധ്യത എനിക്കില്ല.
ഞാൻ ഈ പാർട്ടിയോടുള്ള കടമ തിരഞ്ഞെടുപ്പിൽ നിരവേറ്റിയിട്ടുണ്ട്. ഫിറോസിന് പകരം എൻ്റെ പാർട്ടി ആരെ നിയോഗിച്ചാലും ഞാൻ എൻ്റെ ജോലി ചെയ്യും.ആരുടെയും പണം വാങ്ങി പൊതുപ്രവർത്തനം നടത്തുന്ന ആളല്ല ഞാൻ. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ടാണ് ഞാൻ പൊതുപ്രവർത്തനം നടത്തുന്നത്.ആരുടെയും പണം വാങ്ങാത്തത് കൊണ്ട് എനിക്ക് ഒരു രാഷ്ട്രീയ അബദ്ധത്തെ ചിലരെ പോലെ ന്യായീകരിക്കാൻ സൗകര്യമില്ല.
സമൂഹ മാധ്യമങ്ങളിലെ എൻ്റെ സുഹൃത്തുക്കളോട് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്.എൻ്റെ പിതാവ് എനിക്ക് രാജീവ് എന്ന് പേരിട്ടത് തന്നെ കോൺഗ്രസിനോടും രാജീവ് ഗാന്ധിയോടുമുള്ള ഇഷ്ടം കൊണ്ടാണ്.അതുകൊണ്ട് തന്നെ ഞാൻ ജനിച്ച മുതൽക്കേ കോൺഗ്രസ് ആണ്.മരണം വരെയും അങ്ങനെ ആയിരിക്കും. കാലം കാത്തു വെച്ച നിധിയായ ഇക്ക തൽകാലം ഇക്കാടെ പണി നോക്ക്.












Click it and Unblock the Notifications