തിരുവനന്തപുരത്ത് വനിതാ പൈലറ്റിന് നേരെ അശ്ലീല പരാമർശം; ടാക്സി ഡ്രൈവറെ തിരയുന്നു
തിരുവനന്തപുരം: വനിതാ പൈലറ്റിനെ ടാക്സി ഡ്രൈവർ അപമാനിച്ചതായി പരാതി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഡ്യൂട്ടി സമയം കഴിഞ്ഞ് ഹോട്ടൽ റൂമിലേക്ക് മടങ്ങാൻ വാഹനം കാത്തുനിന്ന ദില്ലി സ്വദേശിനിയെയാണ് ടാക്സി ഡ്രൈവർ അപമാനിച്ചത്. വനിതാ ദിനമായിരുന്ന വെള്ളിയാഴ്ച രാത്രി 11.15ഓടെയാണ് സംഭവമുണ്ടായത്.
ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുളള വിമാനത്തിലെ സഹപൈലറ്റായാണ് യുവതി എത്തിയത്. വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങി ഹോട്ടൽ റൂമിലേക്ക് പോകാനായി ടാക്സിക്കായി കാത്തുനിൽക്കുന്നതിനിടെയാണ് ഒരു ടാക്സി ഡ്രൈവർ യുവതിയുടെ സമീപത്തെത്തി അശ്ലീല പരാമർശം നടത്തിയത്.

യുവതി ഉടൻ തന്നെ എയർപോർട്ട് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇയാൾ അതിനോടകം തന്നെ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതി എയർപോർട്ട് അധികൃതർ വലിയതുറ പോലീസിന് കൈമാറുകയായിരുന്നു. വലിയ തുറ പോലീസ് യുവതിയെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തു.
ഡ്രൈവറെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നാണ് ഇവർ പോലീസിനെ അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പിടികൂടാമെന്ന് പ്രതീക്ഷയിലാണ് പോലീസ്. എയർ ഇന്ത്യയുടെ പൈലറ്റാണ് പരാതിക്കാരിയായ യുവതി. വിമാനത്താവളത്തിലെ ടാക്സി ഡ്രൈവർമാരിൽ ആരെങ്കിലുമാണോ അതോ പുറത്ത് നിന്ന് ഓട്ടം വന്ന ആരെങ്കിലുമാണ് യുവതിയോട് മോശമായി പെരുമാറിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.












Click it and Unblock the Notifications