അച്ഛന്‍ പറഞ്ഞു, അതാണ് ദൈവം, തലശ്ശേരിയില്‍ ഗാന്ധിയെ കണ്ടതിന്റെ ഓര്‍മകളുമായി തായാട്ട് ബാലന്‍
കോഴിക്കോട്: രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യ ദിനത്തിലേക്ക് കടക്കുകയാണ്. ഈ ദിനത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കണ്ടതിന്റെ ഓര്‍മകള്‍ വണ്‍ ഇന്ത്യ മലയാളവുമായി പങ്കുവെക്കുകയാണ് പ്രശസ്ത ഗാന്ധിയനും സാമൂഹ്യ പ്രവര്‍ത്തകനുമായ തായാട്ട് ബാലന്‍. തലശ്ശേരിയില്‍ ഗാന്ധിജി വന്നപ്പോള്‍ അത് കണ്ട അനുഭവം ഇന്നലെ എന്ന പോലെ അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഇപ്പോഴുമുണ്ട്.
പിതാവാണ് തന്നെ ഗാന്ധിയുടെ ആരാധകനാക്കി തീര്‍ക്കുന്നത്. കേരളം രൂപീകരിക്കുന്നതിന് മുമ്പുള്ള മദ്രാസില്‍ സര്‍വേയറായിരുന്നു പിതാവ്. അദ്ദേഹം കടുത്ത ഗാന്ധി ആരാധകനായിരുന്നു. അക്കാലത്ത് ഗാന്ധിയുടെ ചിത്രമോ, പുസ്‌കമോ പോലും വീട്ടില്‍ വെക്കാന്‍ അനുവാദമില്ലായിരുന്നു. എന്നാല്‍ എല്ലാത്തിനെയും ധിക്കരിച്ച് ഗാന്ധിയുടെ ചിത്രം വീടിന് മുന്നില്‍ തൂക്കിയ ധീരനായിരുന്നു പിതാവെന്ന് തായാട്ട് ബാലന്‍ പറഞ്ഞു.

അച്ഛന്റെ ധീര പ്രവര്‍ത്തികള്‍ കണ്ടാണ് തായാട്ട് ബാലനും സഹോദരങ്ങളായ കെ തായാട്ടും, തായാട്ട് ശങ്കരനുമെല്ലാം ചിത്രത്തിലുള്ളത് ആരാണെന്ന് ചോദിക്കുന്നത്. അതാണ് ഈശ്വരന്‍ എന്നാണ് അദ്ദേഹം മക്കളോട് പറഞ്ഞു. അന്ന് മുതലാണ് ഗാന്ധിയോടുള്ള തീവ്ര ആരാധന താനടക്കമുള്ളവരില്‍ ഉണ്ടായിരുന്നതെന്ന് തായാട്ട് ബാലന്‍ പറയുന്നു. പ്രായതിന്റേതായ അവശതകളൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല.
പക്ഷേ ഗാന്ധിയെന്ന് പറയുമ്പോഴും ഓരോ കാര്യങ്ങളും പുസ്തകത്തില്‍ അച്ചടിച്ച് വെച്ചത് പോലെ അദ്ദേഹം പറയുമായിരുന്നു. അത്രത്തോളം തായാട്ട് ബാലന്‍ ഗാന്ധിയെ ആരാധിച്ചിരുന്നു. അന്ന് കുട്ടികളിലും, മുതിര്‍ന്നവരിലുമെല്ലാം ഗാന്ധി ദൈവതുല്യനായ വ്യക്തിയായിരുന്നുവെന്ന് ബാലന്‍ പറയുന്നു.അന്ന് തലശ്ശേരി കടപ്പുറത്ത് ഗാന്ധി വരുന്നുണ്ടെന്ന് അറിഞ്ഞ് പിതാവ് വലിയ ആവേശത്തിലായിരുന്നു. അദ്ദേഹമാണ് അന്ന് അമ്മയ്ക്ക് കത്തെഴുതിയത്.
മക്കളെ ഗാന്ധിയെ കൊണ്ടുപോയി കാണിക്കണമെന്നും പറഞ്ഞു. അതിനായി അഞ്ച് രൂപയാണ് അന്ന് തന്നത്. എനിക്കോ ഭാഗ്യമില്ല, എന്റെ മക്കള്‍ക്കെങ്കിലും ആ ഭാഗ്യമുണ്ടാകട്ടെ എന്നാണ് അച്ഛന്‍ അന്ന് കത്തില്‍ പറഞ്ഞത്. അന്ന് അവിടെയുണ്ടായിരുന്ന ചാത്തു മാഷിന്റെ ഒപ്പമാണ് എന്നെയും സഹോദരങ്ങളെയും ഗാന്ധിയെ കാണാന്‍ കൊണ്ടുപോയത്. അന്ന് സാധാരണ അയക്കുന്നതിലും കൂടുതലായി അഞ്ച് രൂപ അയച്ചത് ഞങ്ങളെ ഗാന്ധിയെ കാണിക്കാനായി പോകുമ്പോഴുള്ള ചെലവിനായിരുന്നുവെന്നും തായാട്ട് ബാലന്‍ പറഞ്ഞു
അന്ന് ദേശീയപ്രസ്ഥാനവുമായി വല്ലാത്തൊരു ബന്ധം ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കുമുണ്ടായിരുന്നു. ശങ്കരനും, കുഞ്ഞനന്തനും, അതുപോലെ വലിയ സ്‌നേഹം അതിനോടുണ്ടായിരുന്നു. പന്ന്യനൂരിലായിരുന്നു അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്. നാല് നാഴികയോളം നടന്നാണ് അന്ന് ഞങ്ങള്‍ തലശ്ശേരിയിലേക്ക് പോയിരുന്നത്. എന്നെ തോളിലിരുത്തിയാണ് അന്ന് തലശ്ശേരി കടപ്പുറത്തേക്ക് പോയത്. അന്ന് ബസ് ഒന്നുമില്ല. പന്ന്യനൂരില്‍ നിന്ന് നടന്നാണ് അതുകൊണ്ട് പോയത്. ഗാന്ധിയും ദൈവവും അക്കാലത്ത് ഒന്നായിരുന്നു.
എന്റെ ഒരു അമ്മാവനാണ് അന്നെന്നെ തോളില്‍ ചുമന്നത്. അന്ന് ഗാന്ധിയുടെ പരിപാടിയില്‍ വളണ്ടിയറായിരുന്നു അമ്മാവന്‍. തലശ്ശേരി കടപ്പുറത്ത് ജനസാഗരമായിരുന്നു. ഞാന്‍ ചെറുതായത് കൊണ്ട് സ്റ്റേജില്‍ നില്‍ക്കുന്ന ഗാന്ധിയെ കാണാനായില്ല. അതുകൊണ്ട് പൂഴി കൂട്ടിവെച്ച് അതിന് മുകളില്‍ ഇരുന്നാണ് ഞാന്‍ ഗാന്ധിയെ കണ്ടത്.
എന്നാല്‍ നാട്ടിലുള്ള എല്ലാവരും അവിടെയുണ്ടായിരുന്നു. അമ്മാവന്‍ വളണ്ടിയറായത് കൊണ്ട് ഗാന്ധിയെ ശരിക്കും ഇരുന്ന് കാണാനായി. കണ്ണിന് ഒരിക്കല്‍ ഓപ്പറേഷന്‍ വേണ്ടി വന്നപ്പോള്‍ ഡോക്ടറോട് ഇത് ഗാന്ധിയെ കണ്ട കണ്ണുകളാണെന്ന് താന്‍ ഡോക്ടറോട് പറഞ്ഞുവെന്നും, അതിന് ശേഷം വളരെ ബഹുമാനത്തോടെയാണ് തന്റെ സര്‍ജറി നടത്തിയതെന്നും തായാട്ട് ബാലന്‍ ഓര്‍ത്തെടുത്തു.












Click it and Unblock the Notifications