സരിതയെ അറിയില്ലെന്ന് മുഖ്യമന്ത്രി കള്ളം പറയുകയാണെന്ന് ടിസി മാത്യു
കൊച്ചി: സരിത എസ് നായരെ അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കള്ളം പറയുകയാണെന്ന് സോളാര്‍ കേസ് സാക്ഷി ടിസി മാത്യു. മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയോടും കുടുംബത്തോടും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് സരിത തന്നോട് പറഞ്ഞിട്ടുണ്ടെന്നും ടിസി മാത്യു കമ്മീഷന് മുമ്പാകെ മൊഴി നല്‍കി.
മുഖ്യമന്ത്രിക്ക് സരിതയെ അറിയില്ലെന്ന വാദം വിശ്വസിക്കാനാവില്ലെന്നായിരുന്നു ടിസി മാത്യുവിന്റെ മൊഴി. സോളാര്‍ ബിസിനസ്സിലൂടെ ലഭിച്ച പണം സരിത റിയല്‍ എസ്റ്റേറ്റിലാണ് മുടക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തട്ടിപ്പ് നടത്തിയത് പിടിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ വസതിയില്‍ താന്‍ പോയിട്ടുണ്ട്. സ്വകാര്യ കമ്പനികളുടെ കാര്യത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞത്.

എന്നാല്‍ അതിനുശേഷം സരിത തന്നെ വിളിച്ച് ദേഷ്യപ്പെട്ടു. മുഖ്യമന്ത്രിയോട് പരാതി പറഞ്ഞത് എന്തിനായിരുന്നു എന്നു പറഞ്ഞാണ് സരിത ദേഷ്യപ്പെട്ടത്. താന്‍ മുഖ്യമന്ത്രിയെ കണ്ട കാര്യം സരിത എങ്ങനെയാണ് അറിഞ്ഞതെന്നാണ് ടിസി മാത്യു ചോദിക്കുന്നത്. ഇപ്പോള്‍ ഫോട്ടോ കാണിച്ചപ്പോള്‍ സരിതയെ അറിയില്ലെന്നാണ് മുഖ്യമന്ത്രിയും കുടുംബവും പറയുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ള ഓഫീസര്‍ സരിതയെ അറിയാമെന്നാണ് പറഞ്ഞത്. ജീവന് ഭീഷണിയുള്ളതുകൊണ്ടു മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ലെന്നും ടിസി മാത്യു സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കി.












Click it and Unblock the Notifications