‘ടീം സതീശൻ’ അണിയറയിൽ ഒരുങ്ങുമ്പോൾ- മഞ്ഞുരുകി ചെന്നിത്തല എത്തുമോ? ഘടക കക്ഷികൾക്ക് എന്ത് കിട്ടും?
മുഖ്യമന്ത്രി ആരെന്ന അനിശ്ചിതിത്വം മാറി. ഇനി ചർച്ചകൾ മന്ത്രിസഭയെ കുറിച്ചാണ്. 'ടീം വി.ഡി. സതീശനി’ൽ ആരെല്ലാം, മുഖ്യമന്ത്രി കസേരക്കായുള്ള മത്സരത്തിൽ പുറത്തായ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിൽ എത്തുമോ? ഘടക കക്ഷികൾക്ക് എത്ര മന്ത്രിസ്ഥാനങ്ങൾ ലഭിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നത്. തിങ്കളാഴ്ച മുഖ്യമന്ത്രി അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കേ, ഇന്ന് തന്നെ ഇക്കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ യുഡിഎഫിൽ ചൂടോടെ പുരോഗമിക്കുകയാണ്.
കോൺഗ്രസിന് 11 മന്ത്രിസ്ഥാനങ്ങളും സ്‌പീക്കർ പദവിയും; ഘടക കക്ഷികൾക്ക് കൂടുതൽ മന്ത്രിമാർ ഇല്ല, സാധ്യത
ആകെ 21 മന്ത്രിമാരാവും മന്ത്രിസഭയിലുണ്ടാകുക എന്നാണ് സൂചന. ഇതിൽ മുഖ്യമന്ത്രിയടക്കം 11 പേർ കോൺഗ്രസിൽ നിന്നുണ്ടാകുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള മുതിർന്ന നേതാക്കൾ മന്ത്രിസഭയുടെ ഭാഗമാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സതീശനെ മുഖ്യമന്ത്രി ആക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം വന്നതോടെ ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തല എഐസിസി ഇടപെടലിലൂടെ മയപ്പെട്ടിട്ടുണ്ടെന്നും മന്ത്രിസഭയുടെ ഭാഗമാകുമെന്നും സൂചനയുണ്ട്. ആഭ്യന്തര വകുപ്പും തന്റെ ഗ്രൂപ്പിൽ പെട്ടയാൾക്ക് മന്ത്രി സ്ഥാനമോ കെപിസിസി അധ്യക്ഷ പദവിയോ ആണ് ചെന്നിത്തല മുന്നോട്ടുവെക്കുന്ന ഡിമാന്റ് എന്നറിയുന്നു.

കഴിഞ്ഞ തവണത്തെ പ്രത്യേക സാഹചര്യമല്ല നിലവിലുള്ളതെന്നും അതുകൊണ്ട് ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യട്ടേയെന്ന വാദവും ഉയരുന്നുണ്ട്. അതുകൊണ്ട് ധനം, റവന്യു വകുപ്പുകളിൽ ഏതെങ്കിലും ഒന്ന് ചെന്നിത്തലക്ക് നൽകിയേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. മുതിർന്ന നേതാവ് ജോസഫ് വാഴയ്ക്കനെ കെപിസിസി അധ്യക്ഷനാക്കണമെന്ന ഉപാധിയാണ് ചെന്നിത്തല മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് നടന്നില്ലെങ്കിൽ തന്നെ കൂടാതെ ഒരാളെക്കൂടി മന്ത്രിയാക്കണമെന്ന ഉപാധിയിൽ ചെന്നിത്തല ഉറച്ചുനിൽക്കും.
നേതൃത്വപാടവവും സീനിയോറിറ്റിക്കും പുറമേ സാമുദായിക-ജില്ലാ പ്രാതിനിധ്യം കൂടി പരിഗണിക്കേണ്ടതുണ്ട്. ക്രൈസ്‌തവ, മുസ്ലീം പ്രാതിനിധ്യത്തിനൊപ്പം പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരെ കൂടി പരിഗണിക്കണം. നാടാർ വിഭാഗത്തിൽ നിന്ന് എൻ. ശക്തൻ മന്ത്രിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജില്ലാ പ്രാതിനിധ്യം കണക്കിലെടുത്താൽ തിരുവനന്തപുരത്ത് നിന്ന് കൂടുതൽ പേരെ ഉൾപ്പെടുത്തേണ്ടി വരും. തിരുവനന്തപുരത്ത് നിന്ന് കെ. മുരളീധരൻ, എൻ. ശക്തൻ, എം. വിൻസൻ്റ്, സി.പി. ജോൺ എന്നിവരെ പരിഗണിക്കുന്നുണ്ട്. ചെന്നിത്തല ലത്തീൻ വിഭാഗത്തിൽ നിന്നുള്ള ടി.ജെ. വിനോദിൻ്റെ പേര് മുന്നോട്ട് വച്ചാൽ വിൻസെൻ്റിനെ ഉൾപ്പെടുത്താനാകില്ല. മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നായത് കൊണ്ട് തന്നെ അവിടെ നിന്ന് മറ്റ് മന്ത്രിമാർ വേണോ എന്ന കാര്യത്തിലും ധാരണയിലെത്തണം.
കൊല്ലത്തു നിന്ന് പി.സി. വിഷ്‌ണുനാഥും ബിന്ദു കൃഷ്‌ണയും ആലപ്പുഴയിൽ നിന്ന് എം. ലിജുവും ഷാനിമോൾ ഉസ്‌മാനും പാലക്കാട് നിന്ന് വി.ടി. ബൽറാമും കോഴിക്കോട് നിന്നും പ്രവീൺ കുമാർ, കെ. ജയന്ത് എന്നിവരും പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്. പത്തനംതിട്ടയിൽ നിന്ന് ആരുമുണ്ടാകില്ലെങ്കിലും ഇടുക്കിയിൽ നിന്ന് മന്ത്രിസ്ഥാനത്തിനായുള്ള വാദം ശക്തമായി നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ അവസാന നിമിഷം പുറത്തായതിനാൽ കെ.സി. വേണുഗോപാലിന്റെ നിർദേശങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനുള്ള സാധ്യതയും കോൺഗ്രസ് വൃത്തങ്ങൾ നൽകുന്നു. അങ്ങിനെ വന്നാൽ പി.സി. വിഷ്ണുനാഥിനൊപ്പം എ.പി. അനിൽകുമാറിനേയും പരിഗണിക്കേണ്ടി വരും.
ഘടകകക്ഷികളിൽ കൂടുതൽ മന്ത്രിമാർ സ്വാഭാവികമായും മുസ്ലീം ലീഗിനാണ് ലഭിക്കുക. അഞ്ച് മന്ത്രിമാരെയാണ് ലീഗ് ആവശ്യപ്പെടുന്നത്. നാല് മന്ത്രിമാർക്ക് പുറമേ ഒരു ക്യാബിനറ്റ് പദവി എന്ന രീതിയിലും ചർച്ചകൾ നടക്കുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, കെ.എം. ഷാജി, പാറയ്ക്കൽ അബ്ദുല്ല, എം.കെ.എം അഷ്റഫ് എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് സജീവ പരിഗണനയിലുള്ളത്. ശനിയാഴ്‌ച ചേരുന്ന ലീഗ് പാർലമെൻ്ററി പാർട്ടി യോഗത്തിന് ശേഷം പാണക്കാട്ടുവച്ച് സാദിഖലി തങ്ങൾ ലീഗ് മന്ത്രിമാരെ പ്രഖ്യാപിക്കും.
ഏഴ് എംഎൽഎമാരുള്ള കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് രണ്ട് മ്രന്തിസ്ഥാനത്തിനാണ് അവകാശവാദം ഉന്നയിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ കേരള കോൺഗ്രസിന് രണ്ട് മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിച്ചിരുന്നു. ഇത്തവണ ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകി ജോസഫ് ഗ്രൂപ്പിനെ അനുനയിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ രണ്ട് സീറ്റുകൾ വിട്ടുകൊടുത്തതിനാൽ ഇതിന് പി.ജെ. ജോസഫ് വഴങ്ങുമോ എന്ന് കണ്ടറിയണം.
മോൻസ് ജോസഫ് മന്ത്രിയാകാനുള്ള സാധ്യത കൂടുതലാണ്. രണ്ടാം മന്ത്രി സ്ഥാനം കിട്ടുകയാണെങ്കിൽ തോമസ് ഉണ്ണിയാടൻ, പി.ജെ. ജോസഫിൻ്റെ മകൻ കൂടിയായ അപു ജോൺ ജോസഫ് എന്നിവരിൽ ആരെങ്കിലും മന്ത്രിയായേക്കും. എന്നാൽ ചീഫ് വിപ്പ് പദവിയാണെങ്കിൽ അപുവിനാണ് സാധ്യത. സിഎംപിയിലെ സി.പി. ജോൺ, ആർഎസ്പിയിലെ ഷിബു ബേബി ജോൺ, കേരള ഡെമോക്രാറ്റിക് പാർട്ടിയിലെ മാണി സി. കാപ്പൻ എന്നിവരും സീനിയോരിറ്റി മുൻനിർത്തി മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്.
അതിനിടെ, സമുദായ നോമിനികളായി ആർക്കും ഇത്തവണ മന്ത്രിസഭയിൽ ഇടം ലഭിക്കില്ലെന്നും അർഹത മാത്രമാണ് പരിഗണിക്കുകയെന്നും വി.ഡി. സതീശനുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ പറയുന്നു. അങ്ങിനെ വന്നാൽ സമുദായ നേതാക്കളെ പ്രീതിപ്പെടുത്താതെ ഒരു യുഡിഎഫ് മന്ത്രിസഭയും കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന ചരിത്രവും തിരുത്തപ്പെടും.
സമുദായ നേതാക്കളുടെ താത്പര്യങ്ങൾക്ക് വഴങ്ങിയിരുന്നില്ലെന്ന് മുൻ സർക്കാരുകളും അവകാശപ്പെട്ടിരുന്നെങ്കിലും ഭരണതലത്തിലെ പല തീരുമാനങ്ങളിലും സാമുദായിക സമ്മർദ്ദതന്ത്രങ്ങളുടെ നിഴൽ പതിഞ്ഞിരുന്നു. എന്നാൽ ഇത്തവണ ജാതിമത സ്‌പർധയില്ലാത്ത നാടാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് യുഡിഎഫിൻ്റെ മികച്ച മുന്നേറ്റം നൽകുന്ന സൂചന എന്നതിനാലാണ് സമുദായ നോമിനികളെ പരിഗണിക്കേണ്ടതില്ല എന്ന രീതിയിൽ ചർച്ചകൾ പുരോഗമിക്കുന്നത്. പക്ഷേ, ഇത് എത്രത്തോളം സാധ്യമാകുമെന്ന് കാത്തിരുന്ന് കാണണം.













Click it and Unblock the Notifications