സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബി ജെ പി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. സാങ്കേതിക പിശകാണ് സംഭവിച്ചതന്നും പിഴവ് തിരിച്ചറിഞ്ഞ് നേരത്തേ തന്നെ തിരുത്തൽ നടത്തിയിരുന്നുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു ഖേൽക്കർ അറിയിച്ചു.
സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച 2019-ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബി ജെ പി സംസ്ഥാന ഘടകം സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. വിശദീകരണം ആവശ്യപ്പെട്ട അപേക്ഷയോടൊപ്പം ബി ജെ പി സീൽ ഉള്ള കത്തും ഉണ്ടായിരുന്നു. ഈ കത്താണ് രാഷ്ട്രീയ പാർട്ടികൾക്ക് മാറി അയച്ചത് എന്നാണ് രത്തൻ യു ഖേൽക്കർ വിശദീകരണ കുറിപ്പിൽ പറഞ്ഞത്.

2019ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുണ്ടായിരുന്ന കമ്മീഷന്റെ കത്തിലായിരുന്നു ബി ജെ പി കേരള ഘടകത്തിന്റെ സീല്‍ ഉണ്ടായിരുന്നത്. ഈ മാസം 22 ന് ഉച്ചയോടെയായിരുന്നു കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്.
അതേസമയം വിവാദത്തിൽ രൂക്ഷവിമർശനവുമായി സി പി എം ജനറൽ സക്രട്ടറി എംഎ ബേബി രംഗത്തെത്തി. കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 'കമ്മീഷൻ ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് നേരത്തെ ഉന്നയിച്ചതാണ്. നേരത്തെ ഉണ്ടായിരുന്ന വിമർശനങ്ങളെ സാധൂകരിക്കുന്നതാണ് ഔപചാരിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ടതെന്നും അദ്ദേഹം പ്രതികരിച്ചു. സുപ്രീം കോടതി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിഷ്പക്ഷതയില്ലാതെയാണ് കമ്മീഷൻ പെരുമാറുന്നെന്നും കമ്മീഷൻ നൽകുന്ന അടിസ്ഥാന രഹിതമായ വിശദീകരണങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications