മല ചവിട്ടിയത് കനകദുർഗയും ബിന്ദുവും ശശികലയും മാത്രമല്ല, എണ്ണം അതിനും മേലെയെന്ന് സൂചന!
Recommended Video

തിരുവനന്തപുരം: ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യനീതിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്റ്റംബര്‍ 28ന് സുപ്രീം കോടതി ശബരിമല കേസില്‍ ചരിത്ര പ്രധാനമായ വിധി പുറപ്പെടുവിച്ചത്. 10നും 50നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം നിഷേധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
ശബരിമല വിധിക്ക് ശേഷം കേരളം കണ്ടത് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ അക്രമം അഴിച്ച് വിടുന്നതാണ്. ഈ ബഹളങ്ങള്‍ക്കിടയില്‍ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് മൂന്ന് യുവതികള്‍ സന്നിധാനത്ത് എത്തുകയും ചെയ്തു. എന്നാല്‍ മൂന്നല്ല, ഇതുവരെ 10 പേര്‍ ശബരിമലയില്‍ കയറിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

വിധി മുതൽ പ്രതിഷേധം
സുപ്രീം കോടതി വിധിക്ക് പിന്നാലെ തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ മുതല്‍ യുവതീ പ്രവേശനത്തിനെതിരെ പ്രക്ഷോഭം നടക്കുകയാണ്. ആന്ധ്രയില്‍ നിന്നും കുടുംബത്തോടൊപ്പം തൊഴാനെത്തിയ ഭക്തയായ മാധവി മുതല്‍ പല സ്ത്രീകള്‍ക്കും പ്രതിഷേധം കാരണം മടങ്ങേണ്ടി വന്നു. ഭക്തകള്‍ക്കും ആക്ടിവിസത്തിന്റെ ഭാഗമായി എത്തിയവര്‍ക്കും നേരെ ഒരു പോലെ തെറിയും പ്രതിഷേധവും ഉയര്‍ന്നു.

സംഘപരിവാർ അഴിഞ്ഞാട്ടം
സുഹാസിനി രാജും രഹ്ന ഫാത്തിമയും കവിത ജക്കാലയും ലിബിയുമെല്ലാം ശ്രമിച്ച് പരാജയപ്പെട്ടു. നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് സര്‍ക്കാര്‍ നേതൃത്വത്തില്‍ നിര്‍മ്മിച്ച വനിതാ മതില്‍ വന്‍ വിജയമായതിന് പിന്നാലെ കനക ദുര്‍ഗയും ബിന്ദുവും മല ചവിട്ടി. ഹര്‍ത്താല്‍ പ്രഖ്യാപിച്ച് സംഘപരിവാര്‍ കേരളത്തില്‍ അഴിഞ്ഞാടി. പിന്നാലെ ശ്രീലങ്കന്‍ സ്വദേശിനി ശശികലയും മല ചവിട്ടിയതായി സ്ഥിരീകരണം വന്നു.

പത്ത് യുവതികൾ എത്തി
ഇതുവരെ മൂന്ന് പേര്‍ മല ചവിട്ടിയതായി മുഖ്യമന്ത്രിയും പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി വിധിക്ക് ശേഷം മല ചവിട്ടിയ യുവതികളുടെ എണ്ണം മൂന്നല്ല അതിന്റെ ഇരട്ടിയിലും അധികമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനകം പത്ത് യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ട് എന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കൂട്ടതില്‍ വിദേശ വനിതകളും ഉണ്ട്.

മലേഷ്യയിൽ നിന്ന് യുവതികൾ
വനിതാ മതിലിന് മുന്‍പും ശേഷവുമായാണ് പത്ത് യുവതികള്‍ മല ചവിട്ടിയതെന്നാണ് അനൗദ്യോഗികമായ വിവരം. മൂന്ന് ദിവസം മുന്‍പ് ശബരിമലയില്‍ മലേഷ്യയില്‍ നിന്നും ഒരു സംഘം ഭക്തര്‍ എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ മൂന്ന് യുവതികളും ഉണ്ടായിരുന്നു എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ ഇക്കാര്യം പുറത്ത് വിടാതെ രഹസ്യമാക്കി വെയ്ക്കുകയാണ്.

വിവരം രഹസ്യമാക്കി
വിദേശത്ത് നിന്നെത്തിയ സംഘത്തെ കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഭക്തര്‍ക്കൊപ്പവും 10നു്ം 50നും ഇടയില്‍ പ്രായമുളള യുവതികള്‍ ഉണ്ടായിരുന്നു എന്നും വിവരമുണ്ട്. പത്തോളം യുവതികള്‍ ഇതിനകം ശബരിമലയില്‍ കയറി എന്നതിനെക്കുറിച്ച് പോലീസ് ഉന്നതര്‍ക്കും സര്‍ക്കാരിനും മാത്രമാണ് അറിവുളളത്. ഇക്കാര്യത്തില്‍ അതുകൊണ്ട് തന്നെ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.

ഇനിയും യുവതികളെത്തും
ഇതുവരെ ശബരിമലയില്‍ എത്തിയ യുവതികളുടെ എണ്ണവും തിയ്യതിയും പ്രായവും സമയവും ഉള്‍പ്പെടെയുളള വിവരങ്ങള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷ സംബന്ധിച്ചും സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇനിയും ശബരിമലയിലേക്ക് യുവതികള്‍ എത്തും എന്നാണ് വിവരം. വിവിധ നവോത്ഥാന സംഘനകള്‍ ശബരിമലയിലക്ക് യുവതികളെ എത്തിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications